20 April Saturday

മോഹന്‍ ഭാ​ഗവതിനെ കണ്ടത് എന്തിനെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം: എ കെ ബാലന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
പാലക്കാട്
ആർഎസ്എസ് നേതാവ് മോഹൻ ഭാ​ഗവതിനെ കണ്ടത് എന്തിനാണെന്ന് ​ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം എ കെ ബാലൻ. തൃശൂരിലെ ആർഎസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടിലെ സന്ദർശനത്തിന്റെ ലക്ഷ്യമെന്താണെന്ന് കേരള ജനതയ്ക്ക് അറിയാൻ താൽപ്പര്യമുണ്ട്. മുഖ്യമന്ത്രിയടക്കം അങ്ങോട്ടുചെന്ന് കാണുന്നയാളാണ് ​ഗവർണർ. കേരളത്തിലെ മതേതര മനസ്സിന്റെ മുന്നിൽ ​ഗവർണറുടെ സന്ദർശനം ചോദ്യചിഹ്നമായി തുടരുകയാണ്. ഇതിന് ​ഗവർണർ മറുപടി പറയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
​ഗവർണറുമായുള്ള ഏറ്റുമുട്ടൽ കേരളത്തിന്റെ പൊതുവികസനത്തെ ബാധിക്കും. അതുകൊണ്ടുതന്നെ സർക്കാർ പരമാവധി നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ​ഗവർണർ പ്രകോപനപരമായ പരാമർശങ്ങളാണ് ഇടതടവില്ലാതെ നടത്തുന്നത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുന്നതിനൊപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും വിമർശിച്ചു. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്.  മുഖ്യമന്ത്രിയെയും സിപിഐ എമ്മിനെയും ആർഎസ്എസ് വിമർശിച്ചാൽ മനസ്സിലാക്കാം. എന്നാൽ അതേ ശൈലി ​ഗവർണർ സ്വീകരിക്കാൻ പാടില്ലാത്തതാണ്. മലർന്നുകിടന്ന് തുപ്പിയാൽ സ്വന്തം ശരീരത്തിൽത്തന്നെ പതിക്കുമെന്ന് ഗവർണർ ഓർക്കണം. 
മുഖ്യമന്ത്രിക്കെതിരെയോ സർക്കാരിനെതിരെയോ ഒരു രേഖയും ​ഗവർണറുടെ കൈയിലില്ല. ഭരണഘടനാ വിരുദ്ധമായ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ല. ​സർക്കാരിനെതിരെയുള്ള സമീപനം പുനഃപരിശോധിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും എ കെ ബാലൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top