19 April Friday

വലിയങ്ങാടി കോവിഡ്‌ ക്ലസ്‌റ്റർ

സ്വന്തം ലേഖകൻUpdated: Saturday Sep 19, 2020
പാലക്കാട്‌
കേന്ദ്ര മാനദണ്ഡവും സംസ്ഥാന സർക്കാർ നിർദേശവും ഹൈക്കോടതി വിധിയും ലംഘിച്ച്‌ കോൺഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങൾ ജില്ലയിൽ കോവിഡ്‌ വ്യാപനത്തിന്‌ കാരണമാകുന്നു. 
ബിജെപി ജില്ലാ പ്രസിഡന്റ്‌ ഇ കൃഷ്ണദാസിന്‌ കഴിഞ്ഞദിവസം കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ ജില്ലാ ആശുപത്രിയിലെത്തിയ യുവമോർച്ചാ പ്രവർത്തകരും നിരീക്ഷണത്തിൽ പോകേണ്ടിവരും. ഇവരുടെ സമ്പർക്കപ്പട്ടിക വിപുലമാണ്‌. ‌ഇതോടെ പാലക്കാട്‌ നഗരത്തിലെ പ്രസിദ്ധമായ വലിയങ്ങാടി കോവിഡ്‌ ക്ലസ്‌റ്ററാക്കി. 
വലിയങ്ങാടിയിലെ മൂന്ന്‌ വാർഡുകൾ നേരത്തേ കണ്ടെയ്‌മെന്റ്‌ സോണായി പ്രഖ്യാപിച്ചിരുന്നു. കടുത്ത നിയന്ത്രണമുള്ള ഇവിടെനിന്ന്‌ 46 പേരാണ്‌ 15ന്‌‌ യുവമോർച്ച നടത്തിയ കലക്ടറേറ്റ്‌ മാർച്ചിൽ പങ്കെടുത്തത്‌. ഈ സമരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പങ്കെടുത്തു. 17നാണ്‌ തനിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതായി  ഇ കൃഷ്ണദാസ്‌ ഫേസ്‌ബുക്ക്‌ വഴി അറിയിച്ചത്‌. അതിന്‌ രണ്ടുദിവസംമുമ്പ്‌ അസ്വസ്ഥത തുടങ്ങിയെന്നും ഫേസ്‌ബുക്കിൽ സൂചിപ്പിച്ചു. 
വലിയങ്ങാടിയിൽനിന്ന്‌ സമരത്തിൽ പങ്കെടുത്തവരിലൂടെയാണ്‌ കൃഷ്ണദാസിന്‌ കോവിഡ്‌ പകർന്നതെന്നാണ്‌ നിഗമനം. 15ലെ യുവമോർച്ചാ സമരം നഗരത്തിൽ കോവിഡ്‌ വ്യാപനത്തിന്‌ കാരണമായതായി പൊലീസും റിപ്പോർട്ട്‌ നൽകിയിരുന്നു. 
കലക്ടറേറ്റ്‌ മാർച്ചിനിടെ പരിക്കേറ്റു എന്നു പറഞ്ഞ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച 13‌ യുവമോർച്ചാ പ്രവർത്തകരെ കൃഷ്ണദാസ്‌ അന്നുതന്നെ ജില്ലാ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ഒരാഴ്‌ചയായി കോവിഡ്‌ മാനദണ്ഡം പാലിക്കാതെയുള്ള സമരം മൂലം നഗരം രോഗത്തിന്റെ ഉറവിടകേന്ദ്രമാകുന്നു.  
വലിയങ്ങാടിയിൽ കഴിഞ്ഞ മൂന്ന്‌ ദിവസത്തിനകം 117 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കണ്ടെയ്‌മെന്റ്‌ സോണിൽനിന്നുള്ളവർ ‌സാമൂഹിക അകലവും കോവിഡ്‌ മാനദണ്ഡവും പാലിക്കാതെയാണ്‌ സമരത്തിൽ പങ്കെടുത്തത്‌. 
കണ്ടെയ്‌മെന്റ്‌ സോണിൽനിന്നുള്ളവർ യൂത്ത്‌ കോൺഗ്രസ്‌ സമരത്തിലും പങ്കെടുത്തു. ‌ഇവർ മാസ്‌ക്കും ധരിച്ചിരുന്നില്ല. പൊലീസുമായി ബലപ്രയോഗത്തിനും ഉന്തിനും തള്ളിനും ശ്രമിച്ചു. 
ഇത്‌ ബോധപൂർവമാണെന്ന്‌ പൊലീസ്‌ കരുതുന്നു. നഗരത്തിൽ കോവിഡ്‌ അതിവേഗം വ്യാപിക്കാൻ കലക്ടറേറ്റിനു മുന്നിൽ നടക്കുന്ന സമരങ്ങളും കാരണമാകുന്നതായി നേരത്തേ ആരോഗ്യവകുപ്പും മുന്നറിയിപ്പ്‌ നൽകിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top