മണ്ണാർക്കാട്
സംസ്ഥാന സർക്കാർ സഹായത്തോടെ നാട്ടുചന്തയുമായി മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്. വട്ടിപ്പലിശക്കാരിൽനിന്ന് ഗ്രാമീണ ജനതയ്‌ക്ക് കരുതലായി തുടങ്ങിയ മുറ്റത്തെമുല്ല ലഘുവായ്പാ പദ്ധതിയുടെ വിജയത്തെത്തുടർന്നാണ് സംസ്ഥാനത്ത് ആദ്യമായി സർക്കാർ സഹായത്തോടെ നാട്ടുചന്ത നടപ്പാക്കുന്നത്.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളെ ബഹുമുഖ സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതിയിൽ കേരള ബാങ്കിന്റെ ആദ്യവായ്പ മണ്ണാർക്കാട് ബാങ്കിനാണ് ലഭിച്ചത്. ആദ്യം ഒരു ശതമാനം പലിശയ്‌ക്ക് നാലുകോടി രൂപ ലഭിച്ചു. പിന്നീട് നാലുശതമാനം പലിശയ്‌ക്ക് നാലുകോടി രൂപകൂടി ലഭിച്ചു. ഏഴ് വർഷംകൊണ്ട് തിരിച്ചടച്ചാൽ മതി. നാട്ടുചന്തയിലൂടെ 50 പേർക്ക് നേരിട്ട് തൊഴിൽ നൽകും. നൂറോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
ഉയർന്നു കെട്ടിട സമുച്ചയം
ബാങ്ക് ഹെഡ് ഓഫീസിനുസമീപത്തെ ഒരേക്കറിൽ 25,000 ചതുരശ്രയടി വിസ്തീർണമുള്ള നാട്ടുചന്ത കെട്ടിട സമുച്ചയം പൂർത്തിയായി. പച്ചക്കറിയും പഴങ്ങളും ഓസോൺ ലായനിയിൽ കഴുകി വൃത്തിയാക്കി തരംതിരിച്ച്, വായുരഹിത കവറിലാക്കിയാണ് ഗുണഭോക്താക്കൾക്ക് നൽകുക. ഒരു ടൺ പച്ചക്കറി വിഷ രഹിതമായി സംസ്കരിച്ച് കവറിലാക്കാൻ രണ്ടര മണിക്കൂർ മതി.
50 ടൺ ശേഷിയുള്ള ട്രെയിലറിൽനിന്ന് നേരിട്ട് ഇറക്കിവയ്ക്കാൻ കഴിയുന്ന ഗോഡൗൺ, നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്‌ക്ക് വിൽക്കുന്ന നീതി സൂപ്പർ സ്റ്റോർ എന്നിവ സജ്ജമായി. മട്ടൻ, ബീഫ്, നാടൻകോഴി, ഇറച്ചിക്കോഴി, പുഴമീൻ, ഉണക്കമീൻ ഉൾപ്പെടെയുള്ളവയ്‌ക്കും പ്രത്യേക സൗകര്യമുണ്ട്. അനുമതി ലഭിച്ചാൽ കെടിഡിസിയുടെ ബിയർ പാർലർ ആരംഭിക്കാനും നാട്ടുചന്തയിലിടമുണ്ട്. കർഷകർക്ക് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും സൗകര്യമുണ്ട്.
ട്രയൽ റൺ വിജയകരം
നാട്ടുചന്തയിൽ സ്ഥാപിച്ച വിവിധ യന്ത്രങ്ങളുടെ ട്രയൽ റൺ നടന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി ഉദയൻ, കേരള ബാങ്ക് പ്രോജക്ട് നോഡൽ ഓഫീസർ കെ എ രമേഷ്, നബാർഡ് ഡിഡിഎം കവിത, കേരള ബാങ്ക് ഡിജിഎം ദീപ ജോസ്, കെഎൽഡിസി എംഡി ഡോ. കെ എസ് രാജീവ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചറൽ അബ്ദുൾ മജീദ്, കേരള ബാങ്ക് മാനേജർ പി രാജു, താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസർ പി ബാലകൃഷ്ണൻ, മണ്ണാർക്കാട് കൃഷി ഓഫീസർ ഫെബിമോൾ, തെങ്കര കൃഷി ഓഫീസർ വി ദീപ്തി, ബാങ്ക് പ്രസിഡന്റ് പി എൻ മോഹനൻ, വൈസ് പ്രസിഡന്റ് പി പി റഷീദ് ബാബു, സെക്രട്ടറി എം പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..