25 April Thursday
സപ്ലൈകോ എംഡിയുമായി മില്ലുടമകളുടെ ചർച്ച

തർക്കം പരിഹരിച്ചു
കരാർ പുതുക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
 
പാലക്കാട്‌
നെല്ലുസംഭരണത്തിൽ മില്ലുടമകളും സപ്ലൈകോയുമായുണ്ടായ തർക്കം പരിഹരിച്ചു. സപ്ലൈകോ എംഡി അരിമില്ലുടമകളുമായി നടത്തിയ ചർച്ച പ്രകാരം പുതുക്കിയ കരാർ ശനിയാഴ്‌ച മില്ലുടമകൾക്ക്‌ കൈമാറും. ഭക്ഷ്യമന്ത്രി നൽകിയ ഉറപ്പ്‌ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അടുത്ത ദിവസം തന്നെ നെല്ലെടുക്കാനുള്ള കരാർ ഒപ്പിടാനാണ്‌ മില്ലുടമകളുടെ തീരുമാനം.
കർഷകർക്ക്‌ വണ്ടിയിൽ നെല്ല്‌ കയറ്റാനുള്ള കൂലി, അരി വിതരണത്തിനുള്ള ചാക്ക്‌ എന്നിവ സപ്ലൈകോ നൽകുക, രണ്ടു പ്രാവശ്യത്തെ പരിശോധനയ്‌ക്കുശേഷം മില്ലുടമകളിൽനിന്ന്‌ സംഭരിക്കുന്ന അരിക്ക്‌ പിന്നീടുണ്ടാകുന്ന തർക്കങ്ങളിൽനിന്ന്‌ മില്ലുകാരെ ഒഴിവാക്കുക, വെള്ളപ്പൊക്കം, തീപിടിത്തം മുതലായ ദുരന്തങ്ങളുണ്ടായാൽ ഉത്തരവാദിത്വം സപ്ലൈകോയും മില്ലുകാരും തുല്യമായി ഏറ്റെടുക്കുക എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ്‌ കരാർ പുതുക്കുക. മന്ത്രി നൽകിയ ഉറപ്പിലെ എല്ലാ വിവരങ്ങളും ഉൾപ്പെടാത്തതിനാൽ കരാറിൽ ഒപ്പിടാൻ മില്ലുടമകൾ വിസമ്മതിച്ചിരുന്നു. തുടർന്നാണ്‌ എംഡി ചർച്ച നടത്തിയത്‌.
ജില്ലയിൽ ഒന്നാം വിളയ്‌ക്ക്‌ ഇതേവരെ 57,399 കർഷകരാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. 15 ദിവസത്തിനിടെ 74,024 കിലോ നെല്ല്‌ സപ്ലൈകോ സംഭരിച്ചു. നിലവിൽ തൃത്താല മേഖലയിൽനിന്നാണ്‌ നെല്ലെടുക്കുന്നത്‌. ഒമ്പത്‌ മില്ല്‌ ഇപ്പോൾ നെല്ലെടുക്കുന്നുണ്ട്‌. മറ്റ്‌ മില്ലുകളാണ്‌ അടുത്ത ദിവസം കരാറൊപ്പിടുക. 50 മില്ലുകളെങ്കിലും എത്തുമെന്നാണ്‌ പ്രതീക്ഷ. 
കഴിഞ്ഞ ഒന്നാംവിളയ്‌ക്ക്‌ 1.36 ലക്ഷം മെട്രിക്‌ ടൺ നെല്ല്‌ സംഭരിച്ചു. ഇത്തവണ ഒന്നര ലക്ഷം മെട്രിക്‌ ടണ്ണാണ്‌ പ്രതീക്ഷിക്കുന്നത്‌. നിലവിൽ സംഭരിച്ച നെല്ലിന്റെ തുക കൊടുക്കാൻ നടപടി ആരംഭിച്ചു. കേരള ബാങ്ക്‌ ഉൾപ്പെടെ പ്രധാന ബാങ്കുകളെല്ലാം വില വിതരണവുമായി സഹകരിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top