19 April Friday

‘കൊലക്കയറുമായി’ 
പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

ഷാജഹാൻ കൊലക്കേസിൽ പ്രതികളായ സുജീഷ്‌ , അനീഷ്‌, ശബരീഷ്‌ എന്നിവരെ പൊലീസ്‌ തെളിവെടുപ്പിന്‌ 
കുന്നങ്കാട്‌ എത്തിച്ചപ്പോൾ

 പാലക്കാട്‌

നാട്ടുകാരുടെ പ്രതിഷേധത്തിനും സ്‌ത്രീകളുടെ നിലവിളികൾക്കുമിടയിൽ പ്രതികളുമായി കുന്നങ്കാട്‌ ഷാജഹാൻ കൊല്ലപ്പെട്ട സ്ഥലത്ത്‌ പൊലീസും ഫോറൻസിക്‌ സംഘവും തെളിവെടുത്തു. പ്രതീകാത്മകമായി കൈയിൽ കൊലക്കയർ ഉയർത്തി നാട്ടുകാർ പ്രതിഷേധിച്ചു. ഷാജഹാനെ കൊന്നവർക്ക്‌ കൊലക്കയർതന്നെ ശിക്ഷ കിട്ടണമെന്ന്‌ നാട്ടുകാർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പ്രതികളായ സുജീഷ്‌, അനീഷ്‌, ശബരീഷ്‌ എന്നിവരെയാണ്‌  തെളിവെടുപ്പിന്‌ കൊണ്ടുവന്നത്‌.
 ‘‘മഹാപാപികളേ ഞങ്ങടെ പൊന്നുമോനെയല്ലേ നീയൊക്കെ ഇല്ലാതാക്കിയത്‌’’എന്ന സ്‌ത്രീയുടെ വിലാപം  ഉച്ചത്തിൽ ഉയർന്നത്‌ സമീപത്തു തടിച്ചുകൂടിയവരുടെയൊക്കെ കണ്ണുകളെ ഈറനണിയിച്ചു. ഷാജഹാൻ നാട്ടുകാർക്ക്‌ എത്ര പ്രിയങ്കരനായിരുന്നുവെന്ന്‌ വെളിപ്പെടുത്തുന്നതായി അവിടെയുയർന്ന നിലവിളികൾ. ബുധൻ വൈകിട്ട്‌ 4.15നാണ്‌ പ്രതികളുമായി പൊലീസ്‌ കുന്നങ്കാട്ടെത്തിയത്‌. സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന വൻ ജനാവലി തെളിവെടുപ്പ്‌സ്ഥലത്ത്‌ തടിച്ചുകൂടിയിരുന്നു. പ്രതിഷേധം അണപൊട്ടിയതോടെ ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ്‌ ബുദ്ധിമുട്ടി. 
പകൽ രണ്ടോടെയാണ്‌ പ്രതികളുമായി പൊലീസ്‌ സംഘം ആദ്യം മലമ്പുഴ കവയിൽ പ്രതികൾ ഒളിച്ചിരുന്ന മലമുകളിലെത്തി തെളിവെടുത്തത്‌. തുടർന്ന്‌ കുനുപ്പുള്ളിയിൽ കോരയാറിന്റെ തീരത്ത്‌ കുറ്റിക്കാട്ടിൽനിന്ന്‌ കൊലയ്‌ക്ക്‌ ശേഷം പ്രതികൾ ഉപേക്ഷിച്ച മൂന്ന്‌ വാളും രാഖികളും കണ്ടെത്തി. പിന്നീട്‌ കുന്നങ്കാട്ടിലെ തെളിവെടുപ്പിനുശേഷം, സംഭവത്തിനുശേഷം പ്രതികൾ ഓടിപ്പോയ വഴികളിലൂടെ കോരയാർ തീരത്തെത്തി. ഡിവൈഎസ്‌പിമാരായ വി കെ രാജു, എം അനിൽകുമാർ, ഇൻസ്‌പെക്ടർമാരായ കെ ഹരീഷ്‌, എ സി വിപിൻ, സിജോ വർഗീസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ തെളിവെടുത്തത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top