19 April Friday
ഒരാഴ്‌ചയ‍്ക്കിടെ 2 അപകടം

കാട്ടുപന്നികൾ നാടിറങ്ങുന്നു 
ജനം ഭീതിയിൽ

ശിവദാസ്‌ തച്ചക്കോട്‌Updated: Saturday Mar 18, 2023

വ്യാഴാഴ്ച ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് കാറിടിച്ച് ചത്ത കാട്ടുപന്നി

വടക്കഞ്ചേരി 
നാടിറങ്ങുന്ന കാട്ടുപന്നികൾ നഗര-–-ഗ്രാമ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു. ഒരാഴ്ചയ്‌ക്കിടെ വടക്കഞ്ചേരി നഗരത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കാട്ടുപന്നി കുറുകെച്ചാടി രണ്ട് വാഹനാപകടങ്ങളുണ്ടായി. ഇതിൽ ഒരാൾ മരിക്കുകയും ആറുപേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു.  ഈ മാസം 10ന് ആയക്കാട് സിഎ ഹയർ സെക്കൻഡറി സ്കൂളിന് സമീപം കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഡ്രൈവർ വടക്കഞ്ചേരി ചന്തപ്പുര സ്വദേശി അബ്ദുൾ ഹക്കീം (48) മരിച്ചിരുന്നു. മൂന്നുപേർക്ക്‌ പരിക്കേറ്റു. വ്യാഴാഴ്‌ച രാത്രി ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് കാട്ടുപന്നി കുറുകെ ചാടിയതോടെ നിയന്ത്രണംവിട്ട കാർമറിഞ്ഞ്‌ കുടുംബത്തിലെ മൂന്നുപേർക്കും പരിക്കേറ്റു.
സാധാരണ മലയോര മേഖലയിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം പതിവാണെങ്കിലും വടക്കഞ്ചേരി നഗരത്തിന് സമീപത്തെത്തുന്നത്‌ ആദ്യമായാണ്‌. വ്യാഴാഴ്ച അഞ്ചുമൂർത്തി മംഗലത്തുണ്ടായ അപകടത്തിൽ കാട്ടുപന്നി ചത്തു. നൂറ് കിലോയോളം തൂക്കമുള്ള പന്നിയെ വനം വകുപ്പ് അധികൃതർ  വീഴുമല കൈതോണ്ട ഭാഗത്ത് സംസ്‌കരിച്ചു. വേനൽച്ചൂട് കൂടിയതോടെയാണ്‌ തീറ്റയും വെള്ളവും തേടിയാവാം കാട്ടുപന്നികൾ നാട്ടിലേക്ക് ഇറങ്ങുന്നത്‌. പകൽ സമയങ്ങളിൽ പൊന്തക്കാടുകളിൽ കഴിയുന്ന ഇവ രാത്രിയാകുമ്പോൾ ഇറങ്ങും. കഴിഞ്ഞ വർഷം ആഗസ്‌തിൽ  മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനുസമീപം ബൈക്കിന് കുറുകെ കാട്ടുപന്നി ചാടി ഒരാൾ മരിച്ചിരുന്നു. കിഴക്കഞ്ചേരി പറശേരി സ്വദേശി വേലായുധനാണ് (53) മരിച്ചത്. കൂടാതെ വ്യാപകമായി കൃഷിയും നശിപ്പിക്കുന്നു. 
കാട്ടുപന്നികളുടെ ആക്രമണം ഭയന്ന് പലരും കൃഷി ഉപേക്ഷിക്കുകയാണ്. കാട്ടുപന്നികളെ വെടിവച്ച് കൊല്ലാമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ വർഷം നെന്മാറ ഡിവിഷന് കീഴിൽ വനം വകുപ്പ്‌ 300 ഓളം കാട്ടുപന്നികളെ വെടിവച്ചുകൊന്നു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പന്നികളെ കൊല്ലാൻ അനുമതിയുണ്ടെങ്കിലും തോക്ക് ലൈസൻസുള്ള ആളുകൾ സന്നദ്ധരാകാത്തത് പ്രതിസന്ധിയാണ്‌. കൂടാതെ രാത്രി സമയങ്ങളിൽ കാവലിരുന്ന് വെടിവയ്‌ക്കാനും ആരും തയ്യാറാകുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top