27 April Saturday

പുസ്തകങ്ങളെ സ്‌നേഹിക്കുന്ന കൊച്ചുകൂട്ടുകാരൻ

സ്വന്തം ലേഖികUpdated: Tuesday Jan 18, 2022

അനിരുദ്ധ്‌

 
പാലക്കാട്‌
വായന മറക്കുന്ന കാലത്ത്‌ പുസ്തകങ്ങളെ സ്‌നേഹിച്ച്‌ കൊച്ചുകൂട്ടുകാരൻ. കോവിഡ്‌ അടച്ചിടൽ കാലം ടിവികണ്ടും ഫോൺ നോക്കിയും സമയം കളയാതെ പുസ്‌തകങ്ങൾക്കൊപ്പം കൂടുകയായിരുന്നു കല്ലടിക്കോട്‌ ജിഎൽപിഎസിലെ നാലാംക്ലാസുകാരൻ എ അനിരുദ്ധ്‌. മുപ്പതോളം പുസ്‌തകങ്ങളാണ്‌ ഈ കാലയളവിൽ വായിച്ചത്‌.വായിച്ച 25 പുസ്‌തകങ്ങളുടെ ഉള്ളടക്കം തന്റെ യു ട്യൂബ്‌ ചാനലിലൂടെ പങ്കുവയ്‌ക്കുകയും ചെയ്‌തു. ഫോണിലും ടിവിയിലും മാത്രമായി ജീവിതം ചുരുക്കി പുസ്തകങ്ങളെ മറന്ന കൂട്ടുകാർക്ക്‌  പ്രചോദനമാവുകയാണീ കൊച്ചുകൂട്ടുകാരൻ. 
യുകെജി ക്ലാസുമുതൽ തന്നെ ചെറിയ കഥാപുസ്‌തകങ്ങൾ വായിച്ചു തുടങ്ങി. വിരമിച്ച സ്‌കൂൾ അധ്യാപകരായ മുത്തച്ഛനും മുത്തശ്ശിയുമാണ്‌  പ്രചോദനം. തൊട്ടടുത്ത ഫ്രണ്ട്‌സ്‌ ലൈബ്രറിയിൽ നിന്നാണ്‌ പുസ്‌തകങ്ങളെടുക്കുന്നത്‌. ചെറിയ ഇംഗ്ലീഷ്‌ പുസ്‌തകങ്ങൾ വായിക്കുമെങ്കിലും മലയാളം ബാലസാഹിത്യ കൃതികളോടാണ്‌ ഏറെ താൽപ്പര്യം. അതിൽ സുമംഗലയുടെ ‘മിഠായിപ്പൊതിയോട്‌’ ഏറെ ഇഷ്ടം. റഷ്യൻ ഉൾപ്പെടെയുള്ള നാടോടി കഥകളുടെ മലയാളം തർജ്ജമയും വായിക്കാറുണ്ട്‌. ‘kannan's reading corner' എന്ന യു ട്യൂബ്‌ ചാനലിലൂടെയാണ്‌ പുസ്‌തകങ്ങളെ പരിചയപ്പെടുത്തുന്നത്‌. ആധുനിക സങ്കേതത്തിലൂടെ വായനയുടെ മഹത്വവും ആവശ്യകതയുമൊക്കെ മറ്റുള്ളവർക്കുകൂടി പകർന്നു കൊടുക്കുകയാണിവിടെ ഈ കൊച്ചുകുട്ടി. സ്‌കൂളിൽ ക്വിസ്‌ മത്സരങ്ങളിലും മറ്റും പങ്കെടുത്ത്‌ വിജയിച്ചിട്ടുണ്ട്‌. കഴിഞ്ഞ ആഴ്‌ച നടന്ന ദേശാഭിമാനി അക്ഷരമുറ്റം മത്സരത്തിൽ എൽപി വിഭാഗത്തിൽ സ്‌കൂൾതലത്തിൽ അനിരുദ്ധിനാണ്‌ ഒന്നാംസ്ഥാനം. കല്ലടിക്കോട്‌ ആതിരയിൽ അധ്യാപകനായ അരുൺരാജിന്റെയും പ്രീതിയുടെയും മകനാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top