26 April Friday
മഴയെത്തുന്നു

അപകടമൊഴിവാക്കാൻ ഒരുങ്ങാം; 
അഗ്നിരക്ഷാ സേന തയ്യാർ

സ്വന്തം ലേഖകൻUpdated: Tuesday May 17, 2022
പാലക്കാട് 
കാലവർഷത്തെ നേരിടാൻ അഗ്നിരക്ഷാ സേന തയ്യാറെടുക്കുന്നു. മഴ ഇത്തവണ നേരത്തേ എത്തുമെന്ന മുന്നറിയിപ്പും പ്രളയ ഭീഷണിയുമുണ്ട്‌. മുൻ വർഷങ്ങളിലെ പ്രളയവും ഉരുൾപൊട്ടലും മുൻനിർത്തി അപകടങ്ങളൊഴിവാക്കാൻ  രക്ഷാപ്രവർത്തനത്തിനിറങ്ങും. 
മുഴുവൻ സ്റ്റേഷനുകളിലേക്കും തയ്യാറെടുപ്പ് നടത്താൻ ജില്ലാ ഫയർ ഓഫീസർ ടി അനൂപ്  നിർദേശം നൽകി. 10 സ്റ്റേഷനുകൾക്കു കീഴിലെ അഞ്ഞൂറോളം സിവിൽ ഡിഫൻസ് വളന്റിയർമാരും അതത് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും അപകടസാധ്യതാ മേഖലയുടെ വിവരം ശേഖരിച്ചുതുടങ്ങി. 
അഞ്ച് മൾട്ടി യൂട്ടിലിറ്റി/ദ്രുതപ്രതികരണ വാഹനങ്ങൾ, എട്ടുപേർവീതം കയറാവുന്ന ഏഴ് റബർ ഡിങ്കികൾ, ഏഴ് ആംബുലൻസ്‌, ചിറ്റൂർ, പാലക്കാട് സ്റ്റേഷനുകളിലായി സ്കൂബ ടീം, മരങ്ങൾ മുറിച്ചുനീക്കാനുള്ള 30 ചെയിൻസോ, ഇടുങ്ങിയ സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനം നടത്താൻ പ്രത്യേകം തയ്യാറാക്കിയ ബുള്ളറ്റുകൾ എന്നിവ തയ്യാറായി. ഇതിനു പുറമേ മറ്റ് വാഹനങ്ങളും സുരക്ഷാ ഉപകരണങ്ങളുമുണ്ട്. 
സ്റ്റേഷനുകളിലേക്കുള്ള ഫോൺ വിളികൾക്ക് കാത്തിരിക്കാതെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഗ്നിരക്ഷാ സേന സംഭവ സ്ഥലങ്ങളിലെത്തും. മുഴുവൻ സ്റ്റേഷനിലുമായി 285 ജീവനക്കാരുണ്ട്. മുൻവർഷങ്ങളിൽ പുഴകൾ കരകവിഞ്ഞും നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായും നിരവധി വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. ഇക്കൊല്ലത്തെ വേനൽ മഴയിൽപ്പോലും നിവരവധി വീടുകൾ തകർന്നു. 
ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ ശേഖരിച്ച് രക്ഷാപ്രവർത്തനത്തിറങ്ങും.
നിർദേശങ്ങൾ പാലിക്കണം
പ്രളയബാധിത പ്രദേശങ്ങളിലുള്ളവർ, മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിൽ ഉള്ളവർ സർക്കാർ നിദേശം നിർബന്ധമായും പാലിക്കണം. ആവശ്യമുള്ള വസ്ത്രങ്ങൾ, രേഖകൾ, അവശ്യമരുന്നുകൾ, ടോർച്ച്‌, മൊബൈൽഫോൺ, ചാർജർ, മെഴുകുതിരി, തീപ്പെട്ടി, ഡ്രൈഫ്രൂട്ട്സ് എന്നിവയുൾപ്പെടുത്തി എമർജൻസി കിറ്റ് തയ്യാറാക്കണം. വെള്ളം കയറുന്നതുവരെ കാത്തുനിൽക്കാതെ നിർദേശം ലഭിക്കുമ്പോൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top