28 March Thursday
അഗ്നിഗോളമായി ആശുപത്രി മാലിന്യം

മലമ്പുഴ ഇമേജിൽ തീ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

 മലമ്പുഴ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാ​ന്റായ മലമ്പുഴ കരടിയോട് ചേമ്പനയിലെ "ഇമേജി'ൽ വൻ തീപിടിത്തം. ഞായർ പകൽ 11നാണ് തീ പിടിച്ചത്. നാലു കോടി രൂപയുടെ നഷ്‌ടമാണ്‌ പ്രാഥമികമായി കണക്കാക്കുന്നത്‌. പുക പാലക്കാട്‌ നഗരംവരെ എത്തി. ആശുപത്രി മാലിന്യമായതിനാൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്‌. കഞ്ചിക്കോട്, പാലക്കാട്, കോങ്ങാട്, ആലത്തൂർ, ചിറ്റൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേനയുടെ ഒമ്പത്‌ യൂണിറ്റെത്തിയാണ് തീ അണയ്‌ക്കാൻ ശ്രമിച്ചത്.
മേൽക്കൂര പൂർണമായി കത്തിനശിച്ചു. വനത്തിലേക്കും സമീപ പ്ലാന്റിലേക്കും തീപടരാതെ നിയന്ത്രിച്ചു. 40,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില ബാർകോഡ് പ്രോസസിങ് പ്ലാ​ന്റാണ് കത്തിയത്. ആദ്യം ചെറിയ രീതിയിൽ കത്തിയ തീ അധികൃതർ തന്നെ അണച്ചിരുന്നു. കാറ്റ്‌ ശക്തമായതിനാൽ പിന്നീട്‌ ആളിപ്പടരുകയായിരുന്നു. പ്ലാന്റിന്റെ മേൽക്കൂര മുട്ടുന്ന രീതിയിലാണ് മാലിന്യം നിറച്ചിരുന്നത്. പ്ലാന്റിന് പുറത്തും ഉയരത്തിൽ മാലിന്യം കൂട്ടിയിരുന്നു. കോവിഡിനുമുമ്പുള്ള മാലിന്യം സംസ്കരിക്കാനാകാതെ കൂട്ടിയിട്ടിട്ടുണ്ട്. തുറസ്സായ സ്ഥലത്തും ആശുപത്രി മാലിന്യം സൂക്ഷിച്ചിട്ടുണ്ട്.
കോവിഡ് കാലമായതിനാൽ കൃത്യമായ സംസ്കരണം നടന്നില്ല, കൂടുതൽ ആശുപത്രി മാലിന്യം എത്തിക്കൊണ്ടിരുന്നതിനാലാണ് കുന്നുകൂടാൻ കാരണമെന്നാണ് ഐഎംഎ അധികൃതരുടെ വാദം. 
സംസ്ഥാനത്തെ ചെറുതും വലുതുമായ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ മാലിന്യം ഇവിടെയാണ് സംസ്കരിക്കുന്നത്. 17 വർഷമായി മലമ്പുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മുമ്പും തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. രാത്രി ഏറെ വൈകിയാണ് തീയണച്ചത്. എംഎൽഎമാരായ എ പ്രഭാകരൻ, ഷാഫി പറമ്പിൽ എന്നിവർ സംഭവസ്ഥലത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top