25 April Thursday
ചികിത്സയിലുള്ളവർ 1,456

രോഗികൾ കുതിക്കുന്നു 15 ദിവസം 1,940 രോഗികൾ

സ്വന്തം ലേഖകൻUpdated: Wednesday Sep 16, 2020

 

 
പാലക്കാട്‌
ജില്ലയിൽ കോവിഡ്‌ രോഗബാധിതരുടെ എണ്ണം കുതിക്കുന്നു. സെപ്‌തംബർ ഒന്നിന്‌ 684 ആയിരുന്നത്‌ പതിനഞ്ചിലെത്തുമ്പോൾ 1,456 ആയി ഉയർന്നു. രോഗബാധിതർ കൂടുകയും രോഗമുക്തി നിരക്ക്‌ കുറയുകയും ചെയ്‌തതോടെയാണ്‌ വർധന. 15 ദിവസത്തിൽ 1,940 പേരാണ്‌ പുതിയ രോഗബാധിതർ‌. രോഗമുക്തരായത്‌ 1,255 പേർ മാത്രം. എട്ടു മരണവും റിപ്പോർട്ട്‌ ചെയ്‌തു.
ഓണാവധിയിൽ പരിശോധനയോട്‌ നാട്ടുകാർ പൊതുവേ സഹകരിച്ചില്ല. ഇതോടെ, സെപ്‌തംബർ ആദ്യം രോഗികളുടെ എണ്ണം രണ്ടക്കമായി കുറഞ്ഞു. സെപ്‌തംബർ ഒന്നിന്‌ 42, രണ്ടിന്‌ 30, മൂന്നിന്‌ 58, നാലിന്‌ 42 എന്നിങ്ങനെയായിരുന്നു രോഗികളുടെ എണ്ണം. അഞ്ചിന്‌ എണ്ണം 100 തൊട്ടു. തുടർന്ന്‌, 15വരെ എല്ലാ ദിവസവും രോഗികളുടെ എണ്ണം മൂന്നക്കമാണ്‌. ഇതിൽ എട്ടിനും 13നും 200 കടന്നു. 13ന്‌ 233 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ജില്ലയിൽ ഒരുദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്‌. കഴിഞ്ഞ 15 ദിവസത്തിനിടെ മൂന്ന്‌ ദിവസം മാത്രമാണ്‌ രോഗമുക്തരുടെ എണ്ണം 100 കടന്നത്‌. സെപ്‌തംബർ ഒന്നിന്‌ 153, അഞ്ചിന്‌ 112, 15ന്‌ 120.
 നിലവിലുള്ള ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകളിൽ രോഗികൾ നിറഞ്ഞതോടെ കഞ്ചിക്കോട്‌ കിൻഫ്ര പാർക്കിലെ നാലുനില കെട്ടിടം തുറന്നു. ഇവിടെ രോഗികളെ പ്രവേശിപ്പിച്ച്‌ തുടങ്ങി. 890 കിടക്കയാണ്‌ കിൻഫ്രയിൽ ഒരുക്കിയിട്ടുള്ളത്‌. ജില്ലയിലെ ഏഴാമത്തെ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററാണിത്‌. ഇവിടെ രണ്ടുദിവസങ്ങളിലായി 100 രോഗികളെ പ്രവേശിപ്പിച്ചു. 
കോവിഡ്‌ ആശുപത്രിയായ ജില്ലാ ആശുപത്രിയിലും രോഗികൾ നിറഞ്ഞു. ഇതോടെ രോഗലക്ഷണമുള്ള കാറ്റഗറി ‘ബി’യിലുള്ളവരെ മാങ്ങോട്‌ കേരള മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റാൻ നടപടി ആരംഭിച്ചു. ‌സെക്കൻഡ്‌ ലൈൻ ട്രീറ്റ്മെന്റ്‌ സെന്ററിൽ 50 പേർക്ക്‌ ചികിത്സ നൽകാനാണ്‌ സജ്ജമാക്കിയത്‌. ജില്ലാ ആശുപത്രിയിലുള്ള കാര്യമായ രോഗലക്ഷണമില്ലാത്ത രോഗികളെ ആദ്യഘട്ടത്തിൽ ഇവിടേക്ക് മാറ്റി.‌  പാലക്കാട്‌ റെയിൽവേ ആശുപത്രിയും സെക്കൻഡ്‌ ‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററാക്കാൻ ആലോചനയുണ്ട്‌. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ ഒരുക്കിയ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകളിലായി 11,000 കിടക്കകളുണ്ട്‌. ഇതിൽ ആദ്യത്തേത് അട്ടപ്പാടിയിൽ ഒരാഴ്‌ചയ്‌ക്കകം പ്രവർത്തനം തുടങ്ങും. സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം കിടക്ക കോവിഡ്‌ ചികിത്സയ്‌ക്കായി മാറ്റിവയ്‌ക്കാനും ആവശ്യപ്പെടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top