06 July Sunday
പൊളിച്ചതിന്റെ മൂന്നാം വാര്‍ഷികമായിട്ടും മിണ്ടാട്ടമില്ലാതെ ന​ഗരസഭ

പാലക്കാട്‌ മുനിസിപ്പല്‍ സ്റ്റാന്‍ഡ് യാഥാർഥ്യമാകുമോ?

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
പാലക്കാട്
പൊളിച്ചിട്ട്‌ മൂന്നുവർഷമായിട്ടും മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമാണത്തെക്കുറിച്ച് ന​ഗരസഭയ്ക്ക് മിണ്ടാട്ടമില്ല. 2018 ആഗസ്‌ത്‌ രണ്ടിനാണ് സ്റ്റാൻഡ് തകർന്നത്. സമീപത്തെ കെട്ടിടത്തിന്റെ ഒരുവശം തകർന്നതിനെ തുടർന്ന് ദീർഘനാളത്തെ ജനകീയ പ്രതിഷേധത്തിനൊടുവിൽ 2019 സെപ്‌തംബറിലാണ്‌ സ്റ്റാൻഡിലെ കെട്ടിടം പൊളിച്ച് നീക്കിയത്‌. 
നിർമാണത്തിന് പദ്ധതി സമർപ്പിച്ചാൽ ഫണ്ട് അനുവദിക്കാമെന്ന് ജനപ്രതിനിധികൾ അറിയിച്ചിട്ടും ന​ഗരസഭ അനങ്ങുന്നില്ല. ആദ്യം ബസ് ടെർമിനലും അടുത്തഘട്ടത്തിൽ കോംപ്ലക്‌സും നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്ഥലം മുഴുവൻ കാടുകയറിയിട്ടും പദ്ധതി കടലാസിൽ അവതരിപ്പിക്കാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സ്റ്റാൻഡ് ബസ് ബേ ആയി ഉപയോ​ഗപ്പെടുത്തി ബസുകൾ തിരിച്ചെത്തിക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. ഇവിടെ എത്തുന്ന യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാൻ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ചെർപ്പുളശേരി, കോങ്ങാട്, തോലനൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളാണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്. അതും പൂർണതോതിൽ ഇല്ല. 
സ്റ്റാൻഡ് നിർമാണം തുടങ്ങണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ന​ഗരസഭയിലേക്ക് മാർച്ച് നടത്തി. എന്നാൽ അതിനോടും ന​ഗരസഭ പ്രതികരിച്ചിട്ടില്ല. അമൃത് പദ്ധതിയുടെ പേരിൽ കോടികളുടെ വികസനം നടക്കുന്നുണ്ടെന്ന് കൊട്ടിഘോഷിക്കുന്നവരാണ് ന​ഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡിനെ തിരിഞ്ഞ് നോക്കാത്തത്. നിർമാണം ഉടൻ തുടങ്ങണമെന്ന് സിപിഐ എം കൗൺസിലർമാർ ന​ഗരസഭാ കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു. പൊളിച്ചതിന്റെ മൂന്നാംവാർഷികം അടുത്തിരിക്കെ സമരപരിപാടികൾ തുടങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top