പാലക്കാട്
നാടിനെ മാലിന്യമുക്തമാക്കാൻ നാടാകെ വിളംബരമെത്തിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ രംഗശ്രീ കലാവേദിയുടെ കലാജാഥ പര്യടനം ആരംഭിച്ചു. അജൈവ മാലിന്യങ്ങൾ വലിച്ചെറിയുന്നതിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന നാശം ജനങ്ങളിലെത്തിക്കുന്നതാണ് കലാജാഥ. ഹരിതകർമ സേനാംഗങ്ങൾ മാലിന്യശേഖരണത്തിന് വീട്ടിലെത്തുമ്പോൾ 50 രൂപ യൂസർഫീ നൽകാൻ മടിക്കുന്നവർ ഇന്നും നാട്ടിലുണ്ട്.
യൂസർ ഫീ എന്തിന്, അത് എങ്ങനെ ചെലവിടുന്നു, വീട്ടിൽനിന്നുള്ള മാലിന്യങ്ങൾ എങ്ങനെ തരംതിരിച്ച് ശേഖരിക്കാം എന്നെല്ലാം നാടകം വിശദമാക്കുന്നു. നാടൻപാട്ടുകളിലൂടെയും നർമഭാഷണത്തിലൂടെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്നു നാടകം. ഹരിതകർമ സേനാംഗങ്ങളായ കാഞ്ചന, കാർത്യായനി, ലത, അശ്വതി, വിജയകുമാരി, മഞ്ജു, ദമയന്തി എന്നിവരാണ് അരങ്ങിൽ. സംവിധാനം പ്രമോദ് തിരുവേഗപ്പുറ, ഷെമീം .
സിവിൽ സ്‌റ്റേഷൻ, നെന്മാറ ഇഎംഎസ് പാർക്ക്, ആലത്തൂർ ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിൽ ആദ്യദിനം പര്യടനം നടത്തി. വ്യാഴം പകൽ 10ന് എലപ്പുള്ളി പഞ്ചായത്തിലും രണ്ടിന് ശ്രീകൃഷ്‌ണപുരം പഞ്ചായത്തിലും നാലിന് തൃത്താല വെള്ളിയാങ്കല്ലിലും കലാജാഥ അവതരിപ്പിക്കും.
ഹരിതകർമ സേനാംഗങ്ങളുടെ ശുചിത്വപ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുകയാണ് ജാഥയുടെ ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..