29 March Friday
ജില്ലയിൽ രണ്ടാമത്തേത്‌

മാങ്ങോട്‌ മെഡി. കോളേജ്‌ കോവിഡ്‌ ആശുപത്രിയായി

സ്വന്തം ലേഖകൻUpdated: Thursday Oct 15, 2020
 
 
പാലക്കാട്‌
ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററായ മാങ്ങോട്‌ കേരള മെഡിക്കൽ കോളേജിനെ കോവിഡ്‌ ആശുപത്രിയായി ഉയർത്തി. ന്യുമോണിയ അവസ്ഥയിലെത്തുന്ന, ഓക്‌സിജൻ സഹായം ആവശ്യമുള്ള ‘കാറ്റഗറി–- സി’  ‌രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ‌നടപടി. 
ഓക്‌സിജൻ പോർട്ട്‌ സൗകര്യമുള്ള 100 കിടക്കകളാണ്‌‌ മാങ്ങോട്‌ മെഡിക്കൽ കോളേജിൽ തയ്യാറാക്കിയത്‌‌‌. 10 ഐസിയു കിടക്കയും നാല്‌ വെന്റിലേറ്ററും ഒരുക്കി‌. കോവിഡ്‌ ആശുപത്രിക്ക്‌ ആവശ്യമായ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരെ നിയമിച്ചു. 
മരുന്നും മറ്റ്‌ മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചു. ഇവിടെ ബാക്കിയുള്ള 185 കിടക്കകൾ, ഫസ്റ്റ്‌ലൈൻ–-സെക്കൻഡ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകൾക്കായി ഉപയോഗിക്കും. 
ജില്ലയിൽ തുറക്കുന്ന രണ്ടാമത്തെ കൊവിഡ്‌ ആശുപത്രിയാണിത്‌. ജില്ലാ ആശുപത്രിയിൽ മാത്രമാണ്‌ ഇതുവരെ ‘കാറ്റഗറി സി’ വിഭാഗത്തിന്‌ ചികിത്സയുണ്ടായിരുന്നത്‌‌. 
ജില്ലാ ആശുപത്രിയിൽ ഐസിയുവിലെ 40 ഉൾപ്പെടെ 120പേരെയാണ്‌ പ്രവേശിപ്പിക്കാനാവുക. ഇവിടെ കിടക്കകൾ നിറഞ്ഞതോടെയാണ്‌ മാങ്ങോട്‌ ആശുപത്രി ഒരുക്കിയത്‌‌‌.
4,000പേർ വീട്ടിൽ‌
ജില്ലയിൽ കൂടുതൽ രോഗികൾ വീട്ടിൽ ചികിത്സയിലേക്ക്‌‌. ചികിത്സയിലുള്ള 6,521പേരിൽ 4,000പേർ വീട്ടിലാണ്‌. സത്യവാങ്മൂലം നൽകി ആരോഗ്യപരിശോധന പൂർത്തിയാക്കിയാണ്‌ രോഗലക്ഷണമില്ലാത്തവർക്ക്‌ വീടുകളിലെ ചികിത്സ‌. 
ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയും ഉണ്ടാകും. ആദ്യഘട്ടം പലരും വീടുകളിലെ ചികിത്സയ്‌ക്ക്‌ തയ്യാറായിരുന്നില്ല. തുടർച്ചയായ ബോധവൽക്കരണമാണ്‌ മനോഭാവം മാറ്റിയത്‌. 
വീട്ടിൽ ചികിത്സയ്‌ക്ക്‌ അസൗകര്യമുള്ള, രോഗലക്ഷണമില്ലാത്തവർക്കായി ആരംഭിച്ച ഡൊമിസിലറി കെയർ സെന്ററുകളിൽ 122പേരെ പ്രവേശിപ്പിച്ചു‌. 12 ആരോഗ്യ ബ്ലോക്കിനു‌ കീഴിൽ കേന്ദ്രങ്ങൾ ഒരുക്കിയെങ്കിലും എട്ടെണ്ണത്തിൽ മാത്രമെ പ്രവേശനം ആരംഭിച്ചിട്ടുള്ളു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top