29 March Friday

വെള്ളിനേഴിയിലെ കഥകളി നക്ഷത്രം

ടി എം സുജിത്‌Updated: Wednesday Mar 15, 2023
പാലക്കാട്
കഥകളി രം​ഗത്ത് പുരുഷൻമാർ മാത്രം നിറഞ്ഞ് നിന്ന കാലത്താണ് വെള്ളിനേഴി പോലൊരു ​ഗ്രാമത്തിൽനിന്ന് സുഭദ്രയെന്ന പെൺകുട്ടി കഥകളി മോഹങ്ങൾ കണ്ടു തുടങ്ങിയത്. വെള്ളിനേഴിയിലെ പ്രധാന  പ്രഭുകുടുംബത്തിലെ അം​ഗമായതിനാൽ കഥകളി പഠിക്കാനുള്ള മോഹം സുഭദ്രയ്ക്ക് വേ​ഗത്തിൽ സാധ്യമായി. 
കുട്ടിക്കാലത്ത് താമസം കോഴിക്കോട്ടായിരുന്നതിനാൽ, വെള്ളിനേഴിയിലും കോഴിക്കോട്ടും വിദ്യാഭ്യാസം പൂർത്തിയാക്കി. പതിനഞ്ചാം വയസിൽ പാലക്കാട്ടേക്ക് താമസം മാറ്റിയപ്പോഴായിരുന്നു കിഴക്കേപ്പാട്ട് ഗോവിന്ദൻകുട്ടി മേനോന്റെ കീഴിൽ കഥകളി അഭ്യസിച്ചു തുടങ്ങിയത്. ഒളപ്പമണ്ണ മനയിലായിരുന്നു അരങ്ങേറ്റം. 
നരകാസുരവധത്തിലെ ലളിതയെ അവതരിപ്പിച്ചുകൊണ്ട്‌ തുടക്കം. ഒരിക്കൽ സുഭ്രാദമ്മയുടെ പ്രകടനം കണ്ട വള്ളത്തോൾ താളം ഉറപ്പിക്കണമെന്ന് നിർദേശിച്ചു. ഇതിന് ശേഷമാണ് സുഭദ്ര കലാമണ്ഡലത്തിൽ വിദ്യാർഥിയായെത്തിയത്‌. പിന്നീട് രാമൻകുട്ടി ആശാന്റെയും പത്മനാഭൻ നായരാശാന്റെയും കീഴിൽ കഥകളി അഭ്യസിച്ചു തുടങ്ങി.
കൃഷ്ണനായും ലളിതയായും പഞ്ചാലിയായുമെല്ലാം അരങ്ങിൽ ചുരുങ്ങിയ കാലയളവിൽ തന്റേതായ ഇടം കണ്ടെത്തിയ ആളായിരുന്നു സുഭദ്ര. ഒരുഘട്ടത്തിൽ, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് എന്നിവർ സുഭദ്രയുടെ നൃത്തം കാണാനെത്തി. 1955-ൽ കലാമണ്ഡലത്തിന്റെ 25 –--ാം വാർഷികത്തിനും 1960 -ൽ ഡൽഹിയിൽവച്ചുമായിരുന്നു നെഹ്റുവിനും രാജേന്ദ്രപ്രസാദിനും മുന്നിൽ കഥകളി അവതരിപ്പിച്ചത്.
കീഴ്പ്പടം കുമാരൻ നായർ, ഗുരു കുഞ്ചുക്കുറുപ്പ്, മാങ്കുളം വിഷ്ണു നമ്പൂതിരി, തേക്കിൻകാട്ടിൽ രാവുണ്ണിനായർ, കലാമണ്ഡലം ഗോപി, കോട്ടയ്കൽ ശിവരാമൻ, വാഴേങ്കട കുഞ്ചുനായർ, കോട്ടയ്ക്കൽ ഗോപിനായർ തുടങ്ങി നിരവധി കലാകാരന്മാർക്കൊപ്പം വേദിപങ്കിട്ടു. കഥകളിക്കും നൃത്തത്തിനും പുറമെ, നാടകത്തിലും സുഭദ്രയ്ക്ക് താൽപ്പര്യമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top