08 May Wednesday
60 കഴിഞ്ഞവരുടെ മത്സരം

ആവേശമായി ‘സീനിയേഴ്സ് ക്രിക്കറ്റ്'

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
പാലക്കാട്
പൊരിവെയിലോ പ്രായമോ ഒന്നും അവർക്ക് തടസ്സമായില്ല. നീണ്ട ഇടവേളയ്ക്കുശേഷം കോട്ടമൈതാനത്തിറങ്ങുമ്പോൾ ഓരോരുത്തർക്കും 20ന്റെ ചെറുപ്പം. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 60 കഴിഞ്ഞ താരങ്ങൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരമാണ് കാണികൾക്ക് വേറിട്ട അനുഭവമായത്. 
മുൻ രഞ്ജി താരങ്ങൾ, വിവിധ ലീ​ഗുകളിലെ കളിക്കാർ എന്നിവരാണ് ഒരിടവേളയ്ക്കുശേഷം മൈതാനത്ത് കളിക്കാനിറങ്ങിയത്. എൺപത്തിരണ്ടുകാരനായ സി എസ് രാമസുബ്രഹ്മണ്യംവരെ ക്രിക്കറ്റ് അവേശത്തിൽ കളത്തിലിറങ്ങി. മുൻ രഞ്ജി താരങ്ങളായ പി ജി ​ഗണേഷ്, കെ മുരളി, പി കെ രാമൻ എന്നിവരും മത്സരത്തിനെത്തി. 60 പിന്നിട്ട 57 പേരാണ് മത്സരത്തിനെത്തിയത്. രണ്ട് ടീമുകളായി എല്ലാവർക്കും അവസരം നൽകുംവിധം 20 ഓവർ മത്സരമാണ് നടന്നത്. ഡയമണ്ട് ബ്രൂ, ഡയമണ്ട് ​ഗ്രീൻ എന്നീ പേരുകളിൽ രണ്ട് ടീമുകളായാണ് മത്സരം നടന്നത്. ഡയമണ്ട് ബ്ലൂ വിജയിച്ചെങ്കിലും ക്രിക്കറ്റ് ആവേശമാണ് മൈതാനത്ത് വിജയക്കൊടി പാറിച്ചത്. 
മത്സരം സായിയുടെ മുൻ പരിശീലകൻ റോബിൻ മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ, ടി ആർ അജയൻ, കെ രഘുനന്ദൻ, ടി നൂറുദ്ദീൻ, ടി കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മുൻ രഞ്ജിതാരം ആർ രഘുനാഥിനെ ചടങ്ങിൽ ആദരിച്ചു. 
 രാമസുബ്രഹ്മണ്യത്തിന്‌ 
പ്രായം വെറുമൊരു സംഖ്യ
ക്രിക്കറ്റ് മത്സരത്തിൽ കാണികളെ ആവേശത്തിലാക്കിയത് എൺപത്തിരണ്ടുകാരനായ സി എസ് രാമസുബ്രഹ്മണ്യമാണ്. സൗഹൃദ മത്സരമെന്ന നിലയിൽ വെറുതെ പങ്കെടുക്കുകയായിരുന്നില്ല സി എസ്. പകരം കളിയുടെ ആദ്യ ഓവർ എറിഞ്ഞ് പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് അദ്ദേഹം തെളിയിച്ചു. ബാറ്റിങ്ങിലും അദ്ദേഹം തിളങ്ങി.
ജില്ലയിലെ എ, ബി ഡിവിഷൻ ടീമുകളിലെ മിന്നുംതാരമായിരുന്നു ഒരു കാലത്ത് സി എസ് രാമസുബ്രഹ്മണ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top