25 April Thursday
അറസ്റ്റിലായവര്‍ എടത്വ കള്ളനോട്ട് കേസിലും പ്രതികള്‍

മിനിലോറി കവർന്ന കേസില്‍ 4 പേര്‍ കൂടി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
കഞ്ചിക്കോട്
ദേശീയപാതയിൽ മിനിലോറി തട്ടിയെടുത്ത കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍. 
ആലപ്പുഴയിൽ കൃഷി ഓഫീസർ മുഖ്യപ്രതിയായ കളളനോട്ടുകേസിലെ മുഖ്യപ്രതിയും കൂട്ടാളികളുമാണ് മിനി ലോറി തട്ടിയെടുത്ത കേസിലും അറസ്റ്റിലായത്. എടത്വ കള്ളനോട്ട് കേസിലെ മുഖ്യപ്രതി ജിഷാമോളിന്റെ കൂട്ടാളികളായ ആലപ്പുഴ സ്വദേശി അവലോകുന്ന് തെക്കേവേലി വീട്ടിൽ അജീഷ്കുമാർ (25), അവലോകുന്ന് കരുവാരപ്പറമ്പ് ശ്രീകുമാർ (42), അവലോകുന്ന് തറയിൽവേലി വീട്ടിൽ ഷാനിൽ (38), സൗത്ത് ആര്യാട് കണ്ടത്തിൽ ഗോകുൽരാജ് (27), എന്നിവരെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഈ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച അറസ്റ്റിലായ എസ് ഷിഫാസിന്റെ ഉറ്റ സുഹൃത്തുകളാണ് അറസ്റ്റിലായ നാല് പേരും. ഷിഫാസിന്റെ നിർദേശ പ്രകാരമാണ് നാല് പേരും കഞ്ചിക്കോട്ടെ ആക്രമണത്തിൽ പങ്കാളിയാവുന്നതെന്നും നേരത്തെയും ഇത്തരം കവർച്ച കേസുകളിൽ ഇവർ പങ്കാളികളായിട്ടുണ്ടെന്നും വാളയാര്‍ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങുന്ന പ്രതികളെ കള്ളനോട്ടു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ പൊലീസിന്‌ കൈമാറുമെന്ന് വാളയാർ പൊലീസ്‌ പറഞ്ഞു.മാർച്ച് എട്ടിന് പുലർച്ച നാലരയോടെ ദേശീയപാത കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജങ്ഷനില്‍  തൃശൂർ വരന്തരപ്പിള്ളി സ്വദേശികളായ ഹാഷിഫ് (34) നൗഷാദ്(46) എന്നിവർക്ക് നേരെ മുഖം മറച്ചെത്തിയ സംഘം ആക്രമണം നടത്തിയത്. ഇവർ ബംഗളൂരുവിൽ നിന്ന്‌ കുന്നംകുളത്തേക്ക് ഫർണിച്ചർ ലോഡുമായി പോവുകയായിരുന്നു. 
കുഴൽപ്പണക്കടത്തുകാരാണെന്ന്‌ തെറ്റിദ്ധരിച്ച്‌ കാറുകളിലെത്തിയ ആക്രമിസംഘം ഇവരെ തടഞ്ഞു നിർത്തി ആക്രമിച്ച ശേഷം മിനിലോറിയുമായി കടന്നു കളയുകയായിരുന്നു. യാത്രക്കാരെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. വാളയാർ ഇൻസ്പെക്ടർ എ അജീഷ്, എസ്ഐ എസ് എച്ച് ഹർഷാദ് എന്നിവരുടെ നേതൃതത്തിലാണ് കേസ് അന്വേഷിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top