27 April Saturday
40 തൊട്ട്

ചൂട്

സ്വന്തം ലേഖകൻUpdated: Wednesday Mar 15, 2023
പാലക്കാട് 
വേനൽ കനക്കാനിരിക്കെ ചൂട്‌ 40  ഡിഗ്രിയിലേക്ക് അടുത്ത് ജില്ല.   ചൊവ്വാഴ്ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് മലമ്പുഴയിൽ. 39.9 ഡിഗ്രി സെൽഷ്യസ്.  മണ്ണാർക്കാടാണ് രണ്ടാമത്.  39.2 ഡിഗ്രി സെൽഷ്യസ്. ഒറ്റപ്പാലം 38.3, മംഗലം അണക്കെട്ട് 39.1, പട്ടാമ്പി 39.1, അടയ്ക്കാപുത്തൂർ 38.4, പോത്തുണ്ടി അണക്കെട്ട് 38.3, കൊല്ലങ്കോട് 38.3 എന്നിങ്ങനെയാണ് ചൂട്. തിങ്കളാഴ്ച മണ്ണാർക്കാട്ട് രേഖപ്പെടുത്തിയത് 40.1 ഡിഗ്രി സെൽഷ്യസ് ആണ്.
 
കൈകോര്‍ത്ത് സഹകരണ സംഘങ്ങളും
ചൂടിനെ ചെറുക്കാന്‍ 
വരുന്നു തണ്ണീര്‍പ്പന്തലുകള്‍ 
പാലക്കാട് 
കടുത്ത വേനലിനെ ചെറുക്കാൻ സർക്കാർ പ്രഖ്യാപിച്ച തണ്ണീർപ്പന്തലുകൾ ജില്ലയിൽ ഉടൻ ഒരുങ്ങും. തദ്ദേശ സ്ഥാപനങ്ങളാണ് തണ്ണീർപ്പന്തലുകൾ ഒരുക്കുന്നത്. ഇതിന്റെ അന്തിമ രൂപരേഖ തയ്യാറാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ ബുധനാഴ്ച യോ​ഗം ചേരും. സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒആർഎസ് എന്നിവ തണ്ണീർപ്പന്തലുകളിൽ കരുതും. പൊതുജനങ്ങൾക്ക് ഇത്തരം കേന്ദ്രങ്ങൾ എവിടെയാണ് എന്ന അറിയിപ്പും നൽകും. പൊതു കെട്ടിടങ്ങൾ, സുമനസ്സുകൾ നൽകുന്ന കെട്ടിടങ്ങൾ എന്നിവയാണ്‌ പദ്ധതിക്കായി ഉപയോഗക്കപ്പെടുത്തുക. 15 ദിവസത്തിനുള്ളിൽ എല്ലാ തദ്ദേശ സ്ഥാപനത്തിന് കീഴിലും തണ്ണീർപ്പന്തലുകൾ തയ്യാറാകും. 
തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം സഹകരണ സംഘങ്ങളും തണ്ണീർപ്പന്തൽ‍ ഒരുക്കുന്നുണ്ട്. എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതുയിടങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീർപ്പന്തലുകൾ ആരംഭിക്കും. 
കോവിഡ് കാലത്തും പ്രളയകാലത്തും ജനങ്ങളെ സഹായിക്കാൻ സർക്കാരിനൊപ്പം സഹകരണപ്രസ്ഥാനങ്ങൾ മുൻനിരയിൽ ഉണ്ടായിരുന്നു. അതേ രീതിയിൽ സാമൂഹിക ഉത്തരവാദിത്വം എന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. വേനൽ അവസാനിക്കുന്നസമയം വരെ തണ്ണീർപ്പന്തലുകൾ നിലനിർത്തും.
 
500 കേന്ദ്രത്തിൽ സിഐടിയു ദാഹജലം ഒരുക്കും 
പാലക്കാട്
വേനൽ കടുക്കുന്ന അവസ്ഥയിൽ സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ 500 കേന്ദ്രങ്ങളിൽ ദാഹജലവിതരണം ആരംഭിക്കും. വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുക. ദാഹജലകേന്ദ്രങ്ങളുടെ ഉദ്ഘാടനം 15ന് ജില്ലാ, സംസ്ഥാന ഭാരവാഹികൾ വിവിധയിടങ്ങളിൽ നടത്തും. ദാഹജലകേന്ദ്രങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പു വരുത്താൻ എല്ലാ   അംഗങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
 
പോർട്ടബിൾ എസിക്ക് ആവശ്യക്കാരേറെ
പാലക്കാട് 
വേനലടുത്തപ്പോൾ വീട്ടിൽ ഉറങ്ങുക അസഹനീയമാണ്. ചൂടും പുഴുക്കവും ഉറക്കം കെടുത്തുമ്പോൾ മാർക്കറ്റ് പിടിക്കുകയാണ് എയർ കണ്ടീഷൻ, എയർ കൂളർ വിപണി. ഫാനിനുപോലും ചൂടകറ്റാൻ കഴിയുന്നില്ലെന്നതാണ് ആളുകളെ എസി എടുക്കുന്നതിലേക്ക് എത്തിക്കുന്നത്. സീസണായതിനാൽ ഓഫറുകളും വിലക്കുറവുമായി കമ്പിനികൾ മത്സരത്തിലാണ്. 26,000 രൂപ മുതൽ   വില വരുന്നുണ്ട്. എയർ കൂളറിന് 3,000 രൂപമുതലാണ് വില ആരംഭിക്കുന്നത്. കൊണ്ടുനടക്കാവുന്ന മിനി എസി അഥവാ പോർട്ടബിൾ എസിക്ക് വിപണിയിൽ പ്രിയമേറുന്നുണ്ട്. 
വൻ വില നൽകി എസി വാങ്ങിവയ്‌ക്കുന്നതിനേക്കാൾ ആദായകരമാണ് പോർട്ടബിൾ എസി. അതുകൊണ്ടുതന്നെയാണ് ഉപഭോക്താക്കൾക്കും പോർട്ടബിൾ എസി ഇഷ്ടപ്പെടുന്നത്. 2,500 രൂപ മുതലാണ് വില. ബ്രാൻഡിന് അനുസരിച്ച് വിലകൂടും. പുതിയ തലമുറ ഫൈവ് സ്റ്റാർ എസികൾ മുമ്പുണ്ടായിരുന്ന എസികളേക്കാൾ വൈദ്യുതി കുറച്ച് മാത്രം മതി. അതെ സമയം, കൂളറുമായി താരതമ്യം ചെയ്യുമ്പോൾ എസികളുടെ വൈദ്യുത ഉപഭോഗം കൂടുതലാണ്. കൂളറുകൾക്ക് വളരെ കുറച്ച് വൈദ്യുതി മതി. കൂളറിലേക്ക് കൃത്യമായ ഇടവേളകളിൽ വെള്ളം ഒഴിച്ച് കൊടുക്കണം. ഈ വെള്ളമാണ് കൂളർ തണുപ്പിക്കുന്നത്. 
വൈഫൈ സൗകര്യങ്ങളുള്ള എസിയാണ് ഏറ്റവും പുതിയത്. അഞ്ചുവർഷം വരെ വാറണ്ടിയുള്ള എസികളും വിപണിയിലുണ്ട്.
 
 
നായകളില്‍ വൈറസ് പടരുന്നു
പാലക്കാട്
വേനൽ കടുത്തതോടെ നായ്‌ക്കളിൽ  വൈറസ് രോ​ഗം പടരുന്നു. ജില്ലയിൽ പലയിടത്തും വളർത്തു നായകൾ ചത്തു. വായിലൂടെ നുര വന്നും രക്തം വന്നുമാണ് ചത്തു വീഴുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് നായ്‌ക്കളിൽ വൈറസ് പടരുന്നത്. 
റാബിസ്, പാർവോ, ഡിസ്റ്റബർ വാക്സിൻ എടുക്കാത്ത നായകളിലാണ് വൈറസ് പടരുന്നത്. വാക്സിൻ എടുത്തവയിൽ രോ​ഗബാധയില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വളർത്തു നായകളിൽ വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും മൃ​ഗസംരക്ഷണ വകുപ്പ് അറിയിച്ചു. 
രോഗം ബാധിച്ച നായ്ക്കൾ നാല് ദിവസത്തിനകം അവയുടെ വിസർജ്യത്തിലൂടെ വൈറസുകളെ ധാരാളമായി പുറന്തള്ളും. ഇതിലൂടെ മറ്റ് നായകളിലും രോ​ഗം പടരും. പേ വിഷബാധയുടെ സമാനലക്ഷണങ്ങളാണ് വൈറസ് ബാധയുള്ള നായകളും പ്രകടിപ്പിക്കുക. രോഗം വരാതിരിക്കാൻ വളർത്ത് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്‌പെടുക്കണെമെന്ന്‌  മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു. നായകളിൽ നിന്നും നായകളിലേക്ക് മാത്രമാണ് വൈറസ് പടരുകയെന്നും മനുഷ്യരിലേക്ക്   പടരില്ലെന്നുമാണ് വിദഗ്ധർ പറയുന്നത്. നായ്ക്കളുടെ തലച്ചോറിനെയാണ് വൈറസ് ബാധിക്കുക. ഇതോടെ ഭക്ഷണം കഴിക്കാനാകാതെ തളർന്ന അവസ്ഥയിലേക്ക് മാറും. രോഗം വന്നാൽ രണ്ടാഴ്‌ചയ്ക്കകം ഇവ ചത്ത് പോകുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം രോ​ഗം പടരുന്നത് വേ​ഗത്തിലായിട്ടുണ്ട്. 
തെരുവ് നായകളിലും വളർത്തുനായകളിലും ഒരുപോലെ രോ​ഗം പടരുന്നുണ്ട്. ജില്ലയിലെ മ-ൃ​ഗാശുപത്രികളിൽ റാബിസ്, പാർവോ, ഡിസ്റ്റബർ വാക്സിനുകൾ എത്തിച്ചിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top