29 March Friday
അവലോകനയോഗത്തിൽ തീരുമാനം

മെഡി. കോളേജിലെ ആദ്യ ഒപി കെട്ടിടം ജനുവരിയിൽ‌ തുറക്കും

സ്വന്തം ലേഖകൻUpdated: Wednesday Oct 14, 2020
 
 
പാലക്കാട്‌
പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ആദ്യ ഒപി കെട്ടിടം ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും. ആറുനില വീതമുള്ള മൂന്ന്‌ കെട്ടിടങ്ങൾ അടങ്ങുന്നതാണ്‌‌‌ ഒപി ബ്ലോക്ക്‌. ഇതിലെ ‘ടവർ രണ്ട്‌’ കെട്ടിടമാണ്‌ ജനുവരി ആദ്യം പ്രവർത്തനം ആരംഭിക്കുക. 
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ കെ ബാലൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ്‌ തീരുമാനം. ഡിസംബർ അവസാനത്തോടെ ‘ടവർ രണ്ട്‌’ നിർമാണം പൂർത്തിയാക്കും. 
തുടർന്ന്‌ മെഡിക്കൽ ഉപകരണങ്ങളും മറ്റും സജ്ജീകരിച്ച്‌ ജനുവരിയിൽ തുറക്കാനാണ്‌ ധാരണ. ‘ടവർ ഒന്ന്‌’, ‘ടവർ മൂന്ന്‌’ കെട്ടിടങ്ങൾ ജനുവരി അവസാനത്തോടെ തുറക്കാനും തീരുമാനിച്ചു. കെട്ടിട നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്‌. 
ഇന്റീരിയർ ജോലിയാണ്‌ ഇപ്പോൾ നടക്കുന്നത്‌‌. ഫ്ലോറിങ്, ഗ്ലേസിങ്‌ ജോലികൾ പൂർത്തിയാക്കാനുണ്ട്‌. അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക്‌ പോയതിനാൽ പ്രാദേശിക തൊഴിലാളികളെ കണ്ടെത്തിയാണ്‌ നിർമാണം തുടരുന്നത്‌‌. 
അത്യാധുനിക ഒപിയാണ്‌ മെഡിക്കൽ കോളേജിൽ ഒരുങ്ങുന്നത്‌. മൂന്ന്‌ കെട്ടിടത്തിലായി രണ്ടുലക്ഷം ചതുരശ്ര അടിയിലാണ്‌ ഒപി. ഓരോ വിഭാഗത്തിനും പ്രത്യേക ഇടമുണ്ട്‌. 
താഴത്തെ നിലയിൽ സെൻട്രൽ രജിസ്‌ട്രേഷൻ, ജനറൽ മെഡിസിൻ, ചർമരോഗ വിഭാഗം, ഫാർമസിയും ഒന്നാം നിലയിൽ കാന്റീനും ഗൈനക്കോളജി, ശിശുരോഗ വിഭാഗങ്ങളും പ്രവർത്തിക്കും. 
രണ്ടാം നിലയിൽ ശസ്‌ത്രക്രിയ, എല്ലുരോഗം, ദന്തരോഗം  വിഭാഗങ്ങൾ. മൂന്നാം നിലയിൽ നേത്രരോഗം, ഇഎൻടി, മാനസികരോഗം, ടിബി–-നെഞ്ചുരോഗം വിഭാഗങ്ങളുടെ ഒപിയും പ്രവർത്തിക്കും. നാലാം നിലയിൽ ശസ്‌ത്രക്രിയ, ചർമരോഗം എന്നീ വിഭാഗങ്ങളുടെ ഒപി. 
അഞ്ചാം നിലയിൽ വകുപ്പ്‌ ഓഫീസും ആറാം നിലയിൽ അഡ്‌മിൻ, പ്രിൻസിപ്പൽ, ഡീൻ എന്നിവരുടെ ഓഫീസും പ്രവർത്തിക്കും. ഇതിനുപുറമേ, ഓപ്പറേഷൻ തിയറ്ററും വാർഡുകൾക്കായി പ്രത്യേക കെട്ടിടവും ഒരുക്കും. 
പട്ടികജാതി വികസന വകുപ്പിന്‌ കീഴിൽ 559 കോടി രൂപ ചെലവിലാണ്‌ മെഡിക്കൽ കോളേജ്‌  ഉയരുന്നത്‌. ആശുപത്രി ബ്ലോക്ക്‌ നിർമിക്കാൻ മാത്രം 330 കോടി രൂപയാണ്‌ ചെലവ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top