28 March Thursday
സർക്കാർ ഉത്തരവിറങ്ങി

നെല്ല് സംഭരിക്കാൻ സഹകരണ സംഘങ്ങൾക്ക്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020
 
പാലക്കാട്‌
സംസ്ഥാനത്ത്‌ നെല്ലുസംഭരണത്തിന്‌ സഹകരണ സംഘങ്ങളെക്കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്‌ പുറത്തിറങ്ങി. സപ്ലൈകോ മുഖേനയുള്ള 2020–-21 സീസണിലെ ഒന്നാംവിള നെല്ല്‌ സംഭരണത്തിന്‌ സഹകരണ സംഘങ്ങളെക്കൂടി സഹകരിപ്പിക്കണമെന്ന്‌ ഉത്തരവിൽ വ്യക്തമാക്കുന്നു. 
വരുംദിവസങ്ങളിൽ സഹകരണ സംഘം അസി.‌ രജിസ്‌ട്രാർമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന്‌ സംഭരണ നടപടിയും സംഭരണശേഷിയുമൊക്കെ ചർച്ച ചെയ്യും. അടുത്ത ദിവസങ്ങളിൽ തന്നെ സംഭരണം ആരംഭിക്കാൻ നടപടി സ്വീകരിക്കും. ജില്ലയിൽ 35 സംഘങ്ങളാണ്‌ ഇതുവരെ തയ്യാറായിട്ടുള്ളത്‌. കൂടുതൽ സംഘങ്ങൾ എത്തും. നിലവിൽ സ്വകാര്യ മില്ലുകളാണ്‌ നെല്ലെടുത്ത്‌ അരിയാക്കി സപ്ലൈകോയ്‌ക്ക്‌ നൽകുന്നത്‌‌. 
എന്നാൽ, ഇവർ സംഭരിക്കുന്ന നല്ല അരി മറിച്ചുവിറ്റ്‌ തമിഴ്‌നാട്ടിൽനിന്നുള്ള മോശം അരി റേഷൻ വിതരണത്തിനായി കൈമാറുന്നുവെന്ന്‌ വ്യാപക പരാതിയുണ്ട്‌. സഹകരണ സംഘങ്ങൾ സംഭരണം ഏറ്റെടുത്താൽ ഈ തിരിമറി ഒഴിവാക്കാനാകും. സ്വകാര്യ മില്ലുകാർ ഉണ്ടാക്കുന്ന പ്രശ്‌നത്തെത്തുടർന്ന്‌ നെല്ലുസംഭരണം പ്രതിസന്ധിയിലാണ്‌. 
അഞ്ചു മില്ലുകൾ വഴി നെല്ല് സംഭരിക്കുന്നുണ്ടെങ്കിലും എല്ലാ പാടശേഖരങ്ങളിലും എത്തിപ്പെടാനാവുന്നില്ല. മഴ പെയ്യുന്നതിനാൽ നെല്ല് സൂക്ഷിച്ചു വയ്‌ക്കാൻ പറ്റാത്ത കർഷകർ കിട്ടുന്ന വിലയ്‌ക്ക്‌ വിറ്റഴിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ സംഭരണം സഹകരണ സംഘങ്ങളെക്കൂടി ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്‌.
 മറ്റ്‌ ജില്ലകളിൽ നെല്ല് സംഭരിച്ച്‌ സപ്ലൈകോയ്‌ക്ക്‌ നൽകാനാണ്‌ തീരുമാനമെങ്കിൽ ജില്ലയിൽ അരിയാക്കി കൈമാറാൻ തയ്യാറാണെന്ന്‌ സംഘങ്ങൾ അറിയിച്ചിട്ടുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top