25 April Thursday
ഏഴാമത്തെ സിഎഫ്‌എൽടിസി

രോഗികൾ കൂടുന്നു കിൻഫ്ര ഇന്ന്‌ തുറക്കും

സി അജിത്‌Updated: Monday Sep 14, 2020
 
പാലക്കാട്‌
ജില്ലയിലെ ഏറ്റവും വലിയ കോവിഡ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററായ കഞ്ചിക്കോട്‌ കിൻഫ്ര പാർക്കിലെ നാലുനില കെട്ടിടം തിങ്കളാഴ്‌ച തുറക്കും. 890 കിടക്ക‌ ഒരുക്കിയ കെട്ടിടത്തിൽ തിങ്കളാഴ്‌ച ആരോഗ്യപ്രവർത്തകർ ചുമതലയേൽക്കും. ചൊവ്വാഴ്‌ച മുതലാണ്‌ രോഗികളെ പ്രവേശിപ്പിക്കുക. ജില്ലയിലെ രോഗികളുടെ എണ്ണം 1,369 ലേക്ക്‌ ഉയർന്ന സാഹചര്യത്തിലാണ്‌ കിൻഫ്ര തുറക്കാനുള്ള തീരുമാനം. രോഗികളുടെ എണ്ണം കുത്തനെ കൂടിയാൽ തിങ്കളാഴ്‌ച തന്നെ ഇവിടേയ്‌ക്ക്‌ രോഗികളെ മാറ്റും‌. ആറ്‌ ഡോക്ടർ, പത്ത്‌ സ്‌റ്റാഫ്‌ നേഴ്‌സ്‌, പത്ത്‌ ശുചീകരണ തൊഴിലാളികൾ എന്നിങ്ങനെയാണ്‌ ആദ്യഘട്ട നിയമനം‌. 
തുടക്കത്തിൽ ഒന്നാം നിലയിലെ 200 കിടക്കയിലേക്കാണ്‌ രോഗികളെ പ്രവേശിപ്പിക്കുക. ആവശ്യാനുസരണം കൂടുതൽ കിടക്ക ഉപയോഗിക്കും. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയ്‌ക്ക്‌ സാധ്യതയുണ്ട്‌. ഈ സാഹചര്യത്തിൽ രോഗലക്ഷണമുള്ളവരെ ചികിത്സിക്കുന്ന സെക്കൻഡ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററായും കിൻഫ്ര കെട്ടിടത്തെ ഉപയോഗിക്കും. ആവശ്യത്തിന്‌‌ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചശേഷമാകും സെക്കൻഡ്‌ ലൈൻ തുടങ്ങുക. 
ഒന്നാം നിലയിൽ 100 കിടക്ക സ്‌ത്രീകൾക്കായി മാറ്റി‌. ആരോഗ്യപ്രവർത്തകർക്ക്‌ താമസിക്കാനും സൗകര്യം ഒരുക്കി‌. ഡാറ്റ എൻട്രിക്കും സൗകര്യമുണ്ട്‌. ഡൈനിങ്ങ്‌ ഹാളും സജ്ജം‌. ‌നേരത്തേ കിറ്റക്‌സ്‌ കമ്പനി പ്രവർത്തിച്ചിരുന്ന കഞ്ചിക്കോട്‌ കിൻഫ്ര പാർക്കിലെ‌ 1,20,000 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടത്തിലാണ്‌ ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്റർ ഒരുക്കുന്നത്‌. ജില്ലയിലെ ഏഴാമത്തെ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററാണ്‌ കിൻഫ്ര കെട്ടിടം. 285 കിടക്കകളുള്ള മാങ്ങോട്‌ കേരള മെഡിക്കൽ കോളേജ്‌, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ സയൻസ്‌ ബ്ലോക്ക്(250)‌. പെരുങ്ങോട്ടുകുറുശി മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ (200) , പാലക്കാട്‌ ഗവ. വിക്‌ടോറിയ കോളേജിലെ പെൺകുട്ടികളുടെ ഹോസ്‌റ്റൽ (165), വിക്‌ടോറിയ കോളേജിലെ ആൺകുട്ടികളുടെ ഹോസ്‌റ്റൽ (170), പാലക്കാട്‌ മെഡിക്കൽ കോളേജ്‌(100) എന്നിങ്ങനെ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററാണ്‌ നിലവിലുള്ളത്‌. 
ഇതിനുപുറമെ കോവിഡ്‌ ചികിത്സാ കേന്ദ്രമായി പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിലും സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും രോഗികളുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top