28 March Thursday

ഈ വര്‍ഷം മുങ്ങിമരിച്ചത് 74 പേര്‍

ടി എം സുജിത്‌Updated: Sunday Aug 14, 2022
പാലക്കാട് 
അശ്രദ്ധകൊണ്ടും നിസ്സഹായതകൊണ്ടും നിരവധി ജീവനുകളാണ്‌ ആഴങ്ങളിൽ പൊലിയുന്നത്‌. ജില്ലയിൽ ജലാശയങ്ങളിൽ വീണുള്ള മരണങ്ങൾ കൂടുകയാണ്. ഈ വർഷം മാത്രം 74 പേരാണ് മുങ്ങിമരിച്ചത്. ഏറ്റവും കൂടുതൽ പേർ മുങ്ങി മരിച്ചത് ചിറ്റൂർ മേഖലയിലാണ്. 18 പേർ.
 ഷൊർണൂർ മേഖലയിൽ 14, മണ്ണാർക്കാട് 13, കഞ്ചിക്കോട് ഏഴ്, പാലക്കാട് ആറ്, പട്ടാമ്പിയിലും ആലത്തൂരും അഞ്ച്, കൊല്ലങ്കോട് രണ്ട്, വടക്കഞ്ചേരിയിൽ ഒന്ന് എന്നിങ്ങനെയാണ് ജില്ലയിലെ മരണ​ങ്ങൾ.
പുഴയിലും കുളത്തിലും കൊക്കർണിയിലും പെട്ട് അപകടങ്ങൾ ഏറുകയാണ്‌. നീന്തൽ അറിയാത്തതും ജലാശയങ്ങളെക്കുറിച്ച് അറിവില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ പറയുന്നു. മഴക്കാലത്താണ് അപകടം കൂടുതൽ. വേനൽക്കാലത്ത് പുഴയിലെയും കുളത്തിലെയും ചെളിയിൽ കുടുങ്ങിയും മരണമുണ്ടാകുന്നു. ജലാശയങ്ങളിൽ പോകുമ്പോൾ കൂടുതൽ ശ്രദ്ധ വേണമെന്നും സേന മുന്നറിയിപ്പ് നൽകുന്നു.
മുങ്ങിത്താഴുന്ന ആളെ രക്ഷിക്കാൻ 4 മാർ​ഗം
റീച്ച്
വെള്ളത്തിൽ വീണ ഒരാളെ രക്ഷിക്കാൻ ആദ്യം പ്രയോ​ഗിക്കേണ്ട മാർഗമാണ് റീച്ച്. പരമാവധി അഞ്ച് മിനിറ്റിനകം ഒരാളെ വെള്ളത്തിൽനിന്ന് പുറത്തെടുത്തില്ലെങ്കിൽ മരണം സംഭവിക്കാം. 
അതിനുമുമ്പ് അയാൾക്ക് വടി, തുണി, കയർ എന്നിവ നൽകി വലിച്ചുകയറ്റുക. നേരിട്ട് ഇറങ്ങാൻ പാടില്ല.
ത്രോ
വെള്ളത്തിൽ പൊന്തിക്കിടക്കുന്ന സാധനങ്ങൾ അപകടത്തിൽപ്പെട്ടയാൾക്ക്‌ എറിഞ്ഞുകൊടുക്കുക. ലൈഫ് ജാക്കറ്റ് മുതൽ തേങ്ങവരെയുള്ള സാധനങ്ങൾ ഇതിന് ഉപയോ​ഗിക്കാം.
റോ
തോണി, ബോട്ട് എന്നിവ ഉപയോ​ഗിച്ച് ആളുടെ അടുത്തെത്തി രക്ഷിക്കുന്ന രീതിയാണ് റോ.
ഗോ ‌
മറ്റു വഴിയില്ലാതെ വന്നാൽമാത്രം നേരിട്ട് ജലാശയത്തിലിറങ്ങി രക്ഷിക്കണം. മുങ്ങിത്താഴുന്നയാളുടെ നേർ‍ക്ക് പോയി രക്ഷിക്കാൻ ശ്രമിക്കരുത്. പിന്നിലൂടെ പോയി കൈകൾ ബന്ധിച്ച് പൊക്കിയെടുക്കണം. അല്ലെങ്കിൽ രക്ഷകനും അപകടമുണ്ടാകാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top