28 March Thursday
രോഗവ്യാപനത്തിന്‌ തടയിടുന്നു

ആദിവാസി ഊരുകളിലേക്ക്‌ യാത്ര വേണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
 
പാലക്കാട്
കോവിഡ്‌ വ്യാപനം തടയാൻ അ‌ട്ടപ്പാടി, മലമ്പുഴ ആദിവാസി ഊരുകളിലേക്കുള്ള പ്രവേശനം വിലക്കാൻ കർശന നടപടിയുമായി പൊലീസ്. 
ഇവിടത്തെ സ്ഥിരതാമസക്കാർക്ക് മാത്രമേ ഊരുകളിലേക്ക്‌ പ്രവേശനം അനുവദിക്കൂ. അട്ടപ്പാടിയിലേക്കുള്ള അനാവശ്യ യാത്ര അനുവദിക്കില്ല. തമിഴ്‍നാടുമായി അതിർത്തി പങ്കിടുന്ന മുക്കാലി, ആനമൂളി, ആനക്കട്ടി ചെക്ക്പോസ്റ്റുകളിലും പരിശോധന വ്യാപിപ്പിച്ചു. ശനിയാഴ്‍ച മുക്കാലി ചെക്ക്‌പോസ്റ്റിൽ പൊലീസ്‌ –- ആരോഗ്യ വകുപ്പ്‌ സംഘം പരിശോധന പുനരാരംഭിച്ചു. എട്ടു പേർക്കാണ് അട്ടപ്പാടിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം വിദേശത്തുനിന്നും തമിഴ്‌നാട്ടിൽ നിന്നും എത്തിയവരാണ്. ഇതിൽ മൂന്നുപേർ രോ​ഗമുക്തി നേടി. യുഎഇയിൽനിന്ന് എത്തിയ ഒരാളും മഹാരാഷ്‍ട്രയിൽനിന്നെത്തിയ രണ്ടുപേരും നിരീക്ഷണത്തിൽ ഇരിക്കുമ്പോൾതന്നെ പുറത്തിറങ്ങി. 
കോവിഡ് പരിശോധനാഫലം വരുന്നതിനുമുമ്പ് ഇവർ പുറത്തിറങ്ങിയ സാഹചര്യത്തിലാണ് പരിശോധന കടുപ്പിച്ചത്. 
മലമ്പുഴയിലെ അയ്യപ്പൻപൊറ്റ, അടപ്പ് കോളനി, ആനക്കല്ല്, കൊല്ലംകുന്ന്, കിളിയക്കാട് കോളനികളിലേക്കും പുറത്തുനിന്ന് ആളുകൾ എത്തുന്നത് തടയും. 
നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ വിനോദ സഞ്ചാര മേഖലയായ കവയിലേക്കും ആളുകൾ എത്തുന്നുണ്ട്. ഇവർ കോളനികളിലേക്ക് എത്താതിരിക്കാൻ പൊലീസ് പരിശോധനയുണ്ട്.
ഒഴിവുസമയം ചെലവഴിക്കാൻ അട്ടപ്പാടിയിലേക്ക് വരേണ്ട
ഞായറാഴ്‍ച അടക്കമുള്ള ഒഴിവുദിവസങ്ങളിൽ മണ്ണാർക്കാട് നിന്നടക്കം അട്ടപ്പാടിയിലേക്ക് ബൈക്കുകളിൽ ആളുകൾ എത്തുന്നു. വിനോദസഞ്ചാരം ലക്ഷ്യമിട്ട് അ‌ട്ടപ്പാടിയിലേക്ക് എത്തുന്നവരെയും തടയും. 
ഒരു കാരണവശാലും ആദിവാസി കോളനിയിലേക്ക് പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കില്ല. പരിശോധന ശക്തമാക്കിയതോടെ ഊട‌ുവഴികളിലൂടെയുള്ള വരവ് കുറഞ്ഞിട്ടുണ്ട്.
ജി ശിവവിക്രം
(ജില്ലാ പൊലീസ് മേധാവി)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top