28 March Thursday

കല്ലാങ്കുഴി ഇരട്ടക്കൊലപാതകം 
ശിക്ഷ 16 ന്‌

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

മണ്ണാർക്കാട് കല്ലാങ്കുഴി ഇരട്ടക്കൊലപാതക കേസിൽ കോടതി കുറ്റക്കാരെന്ന് വിധിച്ച പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകുന്നു. ഇടത്തുനിന്ന് പാലക്കാപ്പറമ്പിൽ ജലീൽ, പൂളമണ്ണിൽ നിജാസ്, തെക്കുംപുറയൻ അംജദ് പരിയാരത്ത് മുഹ്‌സിൻ, തെക്കുംപുറയൻ ഫാസിൽ, പടലത്ത് ഷഹീർ, പാലക്കാപ്പറമ്പിൽ മുസ്തഫ, തെക്കുംപുറയൻ റഷീദ്, പാലക്കാപ്പറമ്പിൽ ഇസ്മയിൽ, കഞ്ഞിച്ചാലിൽ സുലൈമാൻ, പടലത്ത് താജുദ്ദീൻ, പലയക്കോടൻ സലാഹുദ്ദീൻ, മങ്ങാട്ടുതൊടി ഷമീർ.

പാലക്കാട്
മണ്ണാർക്കാട്‌ കല്ലാങ്കുഴിയിൽ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ 16 ന്‌ കോടതി ശിക്ഷ വിധിക്കും. ലീഗ്‌ നേതാവ്‌ ഉൾപ്പെടെ 25 പ്രതികൾ കുറ്റക്കാരെന്ന്‌ കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിലുള്ള വാദപ്രതിവാദം വെള്ളിയാഴ്‌ച പൂർത്തിയായി. പ്രതികൾക്ക്‌ പരമാവധി വധശിക്ഷതന്നെ ലഭ്യമാക്കണമെന്ന്‌ പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.  
25 പേർക്കെതിരെയും ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ്‌ പ്രകാരമാണ്‌ കുറ്റം ചുമത്തിയത്‌. കുറഞ്ഞത്‌ ജീവപര്യന്തം മുതൽ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്‌ പ്രതികൾക്കുമേൽ ചുമത്തിയിട്ടുളളത്‌. തടവാണെങ്കിൽ ഒപ്പം പിഴയും വിധിക്കാം. മുഴുവൻപേർക്കും ജീവപര്യന്തം ലഭിക്കുകയാണെങ്കിൽ സംസ്ഥാനത്തുതന്നെ ഒരു കേസിൽ ഇത്രയധികം പേർക്ക്‌ ജീവപര്യന്തം ശിക്ഷ കിട്ടുന്ന ആദ്യകേസാകും ഇത്‌. പാലക്കാട് അഡീഷണൽ ഡിസ്‌ട്രിക്ട്‌ ആൻഡ്‌ സെഷൻസ്‌ നാലാം നമ്പർ അതിവേഗ കോടതി ജഡ്‌ജി ടി എച്ച്‌ രജിതയാണ് കേസ്‌ പരിഗണിക്കുന്നത്‌. 
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ടി സി കൃഷ്ണൻ നാരായണൻ, അഭിഭാഷകരായ കെ സജിത്, പി അശ്വിൻ എന്നിവർ ഹാജരായി.
2013 നവംബർ 20ന് രാത്രി ഒമ്പതിനാണ്‌ കല്ലാംകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞിഹംസ(48), സഹോദരൻ നൂറുദീൻ(42)എന്നിവരെ ലീഗ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽനിന്ന്‌ ഇവരുടെ സഹോദരൻ കുഞ്ഞുമുഹമ്മദ് (66) തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടിരുന്നു. കേസിലെ  ഒന്നാംസാക്ഷിയാണ്‌ കുഞ്ഞുമുഹമ്മദ്‌. പാലക്കാട്ട്‌ നടന്ന പ്ലീനത്തിന്റെ ഒരുക്കങ്ങൾക്കിടെ സിപിഐ എം കൊടിമരം സ്ഥാപിച്ച്‌ തിരിച്ചുവരുമ്പോഴായിരുന്നു കൊലപാതകം. കേസിൽ ആകെ 27 പ്രതികളാണുള്ളത്‌. ഒരാൾ വിചാരണയ്‌ക്കിടെ മരിച്ചു. മറ്റൊരു പ്രതിക്ക്‌ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയാണ്‌ കേസ്‌ പരിഗണിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top