08 May Wednesday
മുണ്ടൂർ – തൂത , താണാവ്‌ –- നാട്ടുകൽ റോഡുകൾ പൂർത്തിയാവുന്നു

അതിവേഗം പായാം
 പാലക്കാട്‌ കോഴിക്കോട്‌

സ്വന്തം ലേഖകൻUpdated: Tuesday Mar 14, 2023

പാലക്കാട് –കോഴിക്കോട് റോഡ്. പുതുപ്പരിയാരത്ത് നിന്നുള്ള ദൃശ്യം

പാലക്കാട്‌
പാലക്കാട്‌ – -കോഴിക്കോട്‌ ദേശീയപാതാ വികസനം പൂർത്തിയാകുന്നു. അതിവേഗം നിർമാണപ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിഞ്ഞത്‌ സംസ്ഥാന സർക്കാരിന്റെ വികസനങ്ങൾക്ക്‌ പൊൻതൂവലായി. താണാവുമുതൽ നാട്ടുകൽവരെ 43.72കിലോമീറ്റർ 289 കോടി ചെലവിട്ടാണ്‌ നവീകരിച്ചത്‌. സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പിനായിരുന്നു മേൽനോട്ടച്ചുമതല. മറ്റ്‌ റോഡുകളുടെ നിർമാണത്തിൽനിന്ന്‌ വ്യത്യസ്‌തമായി എൻജിനിയറിങ്‌ പ്രോക്യൂർമെന്റ്‌ ആൻഡ്‌ കൺസർവേഷൻ മോഡിലാ (ഇപിസി)യിരുന്നു നിർമാണം. നാലുവർഷത്തിനുള്ളിൽ റോഡിനെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടത്‌ നിർമാണം നടത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയാണ്‌.
ഓവുചാൽ നിർമാണം, വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കൽ, റോഡിന് ഇരുവശത്തും നടപ്പാതയ്‌ക്കുള്ള ടൈൽ പതിക്കൽ, സീബ്രാലൈനുകൾ, സംരക്ഷണഭിത്തി, കലുങ്കുകൾ, ക്രാഷ് ബാരിയർ, ബസ് ബേ, ബസ് ഷെൽട്ടർ എന്നിവയടക്കം മുഴുവൻ ജോലികളും പൂർത്തിയായി. ഇനി ശേഷിക്കുന്നത്‌ റോഡ്‌ മാർക്കിങ് മാത്രമാണ്‌. ഇത്‌ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പൂർത്തിയാകുമെന്ന്‌ പൊതുമരാമത്ത്‌ അസി.എൻജിനിയർ എച്ച്‌ ഷെരീഫ്‌ ഹനീഫ പറഞ്ഞു.
കേന്ദ്ര നിബന്ധനപ്രകാരം ടോൾ ഏർപ്പെടുത്തുന്നുണ്ട്‌. മോദി സർക്കാർ അധികാരത്തിൽവന്നശേഷം 2016ൽ ദേശീയപാത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതാണ്‌ ഇതിനുകാരണം. 100 കോടിക്ക്‌മുകളിൽ ചെലവുള്ള എല്ലാ റോഡിനും ടോൾ നിർബന്ധമാക്കുകയായിരുന്നു. 
സംസ്ഥാന സർക്കാരിന്‌ ഇതിൽ ഇടപെടാനും കഴിയില്ല. രൂപരേഖയിൽ മാറ്റം വരുത്തണമെങ്കിൽ കേന്ദ്രസർക്കാരിനേ കഴിയൂ. മാത്രമല്ല ഇതിന്‌ സ്ഥലമേറ്റെടുക്കേണ്ടതായും വരും. പൊരിയാനിയിൽനിന്ന്‌ ടോൾബൂത്ത്‌ മാറ്റണമെന്ന നിർദേശം സംസ്ഥാനം കേന്ദ്രത്തിന്‌ സമർപ്പിച്ചിട്ടുണ്ട്‌. എന്നാൽ, സ്ഥലം എംപി പാർലമെന്റിൽ ഇതിനുവേണ്ട ഇടപെടൽ നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്‌.
മുണ്ടൂർ –- തൂത നിർമാണം പുരോഗമിക്കുന്നു
സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ തൂതവരെ 37 കിലോമീറ്ററിന്റെയും നിർമാണം പുരോഗമിക്കുന്നു. നിലവിലെ രണ്ടുവരി പാതയാണ് 14 മീറ്റർ വീതിയിൽ നാലുവരിയായത്‌. പുതിയ കാലം പുതിയ നിർമാണം എന്ന ആശയത്തിൽ റീബിൽഡ്‌ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 360 കോടി ചെലവിട്ടാണ്‌ ഈ പാതയൊരുക്കുന്നത്‌.
 പുനർനിർമാണച്ചുമതല കെഎസ്‌ടിപിക്കാണ്‌. പാലക്കാടുനിന്ന്‌ ഗതാഗതക്കുരുക്കില്ലാതെ പെരിന്തൽമണ്ണ, കോഴിക്കോട്‌ ഭാഗത്തേയ്‌ക്ക്‌ എളുപ്പമെത്തിച്ചേരാനാണ്‌ വഴിയൊരുങ്ങുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top