28 March Thursday
പുസ്തകോത്സവം ഇന്ന്‌ സമാപിക്കും

വിജ്‌ഞാനത്തിലേക്ക് വഴിതുറന്ന്‌ ചിന്ത സ്‌റ്റാൾ

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

പാലക്കാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ ആരംഭിച്ച ചിന്ത പബ്ലിഷേഴ്‌സിന്റെ പുസ്‌തകമേള

 
 
 
പാലക്കാട് 
വൈവിധ്യങ്ങളുടെ വായനാലോകം തുറന്നിട്ട് മനുഷ്യന്റെ കൂടിച്ചേരലുകൾക്കും ഒരുമയിലേക്കും നയിക്കുന്ന ഒരുപിടി പുസ്തകങ്ങളുമായി ശ്രദ്ധേയമാവുകയാണ് ചിന്ത പബ്ലിഷേഴ്‌സിന്റെ സ്റ്റാൾ. ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പാലക്കാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ ആരംഭിച്ച പുസ്‌തകമേളയിൽ ആയിരത്തിലേറെ പുസ്തകശേഖരമുണ്ട്‌. പി കെ ഗോപൻ എഴുതിയ സ്ത്രീവാദത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവും ചരിത്രപരവുമായ പരിണാമങ്ങളെ ആധികാരികമായ പഠനം മുന്നോട്ടുവയ്ക്കുന്ന ‘പെണ്ണിടം മതം മാർക്സിസം’, കെ ടി ജലീൽ എഴുതിയ ‘മതം മതഭ്രാന്ത് മതേതരത്വം’, എം വി ഗോവിന്ദന്റെ ‘കാടുകയറുന്ന ഇന്ത്യൻ മാവോയിസം' തുടങ്ങി കാലിക പ്രസക്ത വിഷയങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ ഇന്ത്യൻ രാഷ്ട്രീയസാഹചര്യത്തിൽ മതവും തീവ്രവാദവും എങ്ങനെ സമീപിക്കുന്നുവെന്ന് വിലയിരുത്തുന്നു. ചരിത്രത്തെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന കാലത്ത് പോരാട്ടങ്ങളെയും മുന്നേറ്റങ്ങളെയും പ്രത്യയശാസ്‌ത്രപരമായി സമീപിക്കുകയാണ് ‘മലബാർ കലാപം ചരിത്രം രാഷ്ട്രീയം പ്രത്യയശാസ്ത്രം'എന്ന പുസ്തകം. ക്ലാസിക് കൃതികളായ ജോഹന്ന സ്‌പൈറിയുടെ ഹെയ്‌ദി, വിക്ടർ ഹ്യുഗോയുടെ ‘ചിരിക്കുന്ന മനുഷ്യൻ’, ഓസ്കാർ വൈൽഡിന്റെ ജയിൽക്കുറിപ്പുകളുടെ സമാഹാരം ‘ആഴത്തിൽനിന്നുള്ള നിലവിളി’ എന്നീ പുസ്തകങ്ങളും മേളയിൽ വായനയുടെ ജാലകം തുറന്നിടുന്നു. 
ബാലസാഹിത്യം, കഥ, നോവൽ, വിജ്ഞാനകോശം വിഭാഗങ്ങളിൽ നൂറുകണക്കിന് പുസ്തകങ്ങൾ ചിന്ത പബ്ലിഷേഴ്‌സിന്റെ സ്റ്റാളിലുണ്ട്‌. ഇൻഡോർ സ്റ്റേഡിയത്തിൽ നാലുദിവസങ്ങളിലായി നടക്കുന്ന മേളയിൽ 101 സ്റ്റാളുകളിലായി 57 പ്രസാധകരുടെ അമ്പതിനായിരത്തിലധികം പുസ്തകങ്ങളുണ്ട്‌. ലൈബ്രറികൾക്കും സ്കൂൾ, കോളേജ് ലൈബ്രറികൾക്കും 33.33 ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് 20ശതമാനവും വിലക്കിഴിവുണ്ട്. രാവിലെ 9.30 മുതൽ വൈകിട്ട്‌ 6.30വരെ പുസ്തകങ്ങൾ വാങ്ങാം. യുപി, ഹൈസ്കൂൾ, പ്ലസ്ടു, കോളേജ് വായനമത്സര പുസ്തകങ്ങൾ, ലൈബ്രറികൾക്കുള്ള രജിസ്റ്ററുകൾ എന്നിവയ്‌ക്ക്‌ പ്രത്യേക സ്റ്റാളുകളുമുണ്ട്. പുസ്തകമേള വ്യാഴാഴ്‌ച സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top