25 April Thursday

3 വാഹനാപകടം; 
14 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021
പാലക്കാട്‌
ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന വ്യത്യസ്‌ത വാഹനാപകടങ്ങളിൽ 14 പേർക്ക്‌ പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം.  പാലക്കാട്‌ –-കോഴിക്കോട് ദേശീയപാതയിൽ ആര്യമ്പാവ്‌, കല്ലടിക്കോട് എന്നിവിടങ്ങളിലും ചിറ്റൂരുമായിരുന്നു അപകടം. കല്ലടിക്കോട് പനയംപാടത്ത് അവിൽമില്ലിനടുത്ത് മീൻ കയറ്റിയ പിക്കപ്പും യാത്രക്കാരുമായി പോയ ജീപ്പും കൂട്ടിയിടിച്ച്‌ 11 പേർക്ക് പരിക്കേറ്റു. രാവിലെ എട്ടരയ്‌ക്കായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ കാഞ്ഞിരപ്പുഴ പൂഞ്ചോല പാമ്പൻതോട് ആദിവാസി കോളനിയിലെ മീനാക്ഷി(37)യെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരം പൂഞ്ചോലയിൽനിന്ന് വടക്കാഞ്ചേരിയിലേക്കുപോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വട്ടമ്പലം സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
 ആര്യമ്പാവിലെ കെടിഡിസിക്കു സമീപം മംഗളുരുവിലേക്ക് പോകുന്ന പാചകവാതക ടാങ്കറും പിക്കപ് വാനും കൂട്ടിയിടിച്ച്‌ വാൻ ഡ്രൈവർക്ക്‌ പരിക്കേറ്റു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേനരക്ഷപ്പെടുത്തി.  ഡ്രൈവർ മലപ്പുറം വണ്ടൂർ കാപ്പിൽ ബിനു പ്രശോഭ് (36) പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും ക്ലീനർ വണ്ടൂർ പൂളക്കൽ വൈഷ്ണവ് (23) വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അപകടത്തെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.  
ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിന് മുന്നിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് കൊശത്തറ എഡ്വേർഡ് ജെയിംസിന്റെ മകൻ അലന്‌ (19) ഗുരുതര പരിക്ക്‌. ഞായറാഴ്ച രാവിലെ 8.45ന് തത്തമംഗലം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. അലനെ ചിറ്റൂർ അഗ്നിരക്ഷാ സേന ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്‌ധ ചികിത്സയ്ക്ക്‌ കോയമ്പത്തൂരിലേക്ക് മാറ്റി. അഗ്നിരക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം രമേഷ്‌കുമാർ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർമാരായ കെ സുരേഷ്‌കുമാർ, പി എസ് സന്തോഷ്‌കുമാർ, കെ സുനിൽകുമാർ, രമേഷ്‌, ഹോം ഗാർഡ് ടി ടി കല എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top