26 April Friday
മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തി

പാരമ്പര്യ ചികിത്സാ കേന്ദ്രം ഡ്രൈവർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
അഗളി
അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ്‌ മധുവിന്റെ അമ്മ മല്ലിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. അട്ടപ്പാടിയിലെ വള്ളിയമ്മാൾ ഗുരുകുലം പാരമ്പര്യ ചികിത്സാ കേന്ദ്രത്തിലെ ഡ്രൈവർ മുക്കാലി സ്വദേശി ഷിഫാനാണ്‌ (24) പൊലീസ്‌ പിടിയിലായത്‌. 
മുക്കാലിക്കടുത്ത് ചിണ്ടക്കിയിലെ സ്ഥാപനത്തിൽനിന്നാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഡിവൈഎസ്‌പി എൻ മുരളീധരന്റെ നേതൃത്വത്തിൽ ഇവിടെ നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപയും കണ്ടെടുത്തു.
കേസിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ജൂലൈ എട്ടിനാണ്‌ രണ്ടുപേർ മല്ലിയെ ഭീഷണിപ്പെടുത്തിയത്‌. തുടർന്ന്‌ ഇവർ കോടതിയിൽ നൽകിയ പരാതിയിൽ അഗളി പൊലീസ് കേസെടുത്തു. വള്ളിയമ്മാൾ ഗുരുകുലം ഉടമ രവീന്ദ്രന്റെ ഭാര്യാപിതാവ്‌ അബ്ബാസ്‌ (70), ഷിഫാൻ എന്നിവരാണ്‌ മല്ലിയെ ഭീഷണിപ്പെടുത്തിയതെന്ന്‌ അന്വേഷണത്തിൽ വ്യക്തമായി. മധു വധക്കേസിലെ കൂട്ട കൂറുമാറലിന് പിന്നിൽ ഇവരാണെന്ന്‌ മല്ലിയുടെ പരാതിയിൽ പറയുന്നു.  
ഷിഫാൻ, ചികിത്സാ കേന്ദ്രത്തിലുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ്‌ തിരച്ചിൽ നടത്തിയത്‌. 
തിരച്ചിലിന്‌ മണ്ണാർക്കാട് പ്രത്യേക എസ്‌സി, എസ്ടി കോടതി വാറണ്ട്‌ നൽകിയിരുന്നു. ബുധനാഴ്ച രാവിലെ എഴരയ്ക്ക്‌ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു.  
 
സാക്ഷികളുടെ കൂറുമാറ്റം: 
സംശയനിഴലിൽ 
വള്ളിയമ്മാൾ ഗുരുകുലം
മധു വധക്കേസിൽ സാക്ഷികളധികവും കൂറുമാറിയതോടെ പ്രതികൾ പണം നൽകി ഇവരെ സ്വാധീനിച്ചതായി വ്യാപക ആരോപണമുയർന്നിരുന്നു. ഇതിന്‌ ബലമേകുന്നതാണ്‌ വള്ളിയമ്മാൾ ഗുരുകുലത്തിൽ പൊലീസ്‌ പരിശോധന. ഇവിടെ നിന്ന്‌ കണ്ടെത്തിയ 36 ലക്ഷം രൂപ സാക്ഷികളെ സ്വാധീനിക്കാൻ എത്തിച്ചതാണെന്നും ആരോപണമുണ്ട്‌. 
ഈ സ്ഥാപനത്തിന്റെ ഉടമയുടെ ഭാര്യയുടെ അച്ഛൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന മല്ലിയുടെ പരാതിയും നിലനിൽക്കുന്നു. സാക്ഷികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട്‌ ചികിത്സാ കേന്ദ്രത്തിന്റെ പങ്ക്‌ വിശദമായി അന്വേഷിക്കാനാണ്‌ പൊലീസ്‌ തീരുമാനം. 
 
ഭൂമി കൈവശപ്പെടുത്തി: 
കേസെടുക്കാൻ മനുഷ്യാവകാശ 
കമീഷൻ നിർദേശം 
മധുവിന്റെ അമ്മ മല്ലിയടക്കമുള്ളവർക്ക് വനാവകാശ പ്രകാരം സർക്കാർ നൽകിയ പട്ടയങ്ങൾ വള്ളിയമ്മാൾ ഗുരുകുലം കൈവശപ്പെടുത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ ഇടപെടൽ. 
ചികിത്സാ കേന്ദ്രത്തിന്റെ ഉടമ രവീന്ദ്രൻ പണയമെന്ന വ്യാജേന പട്ടയങ്ങൾ കൈവശപ്പെടുത്തിയത്‌ അന്വേഷിക്കാൻ കമീഷൻ ഉത്തരവിട്ടു. അഗളി ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. പട്ടയം കൈവശപ്പെടുത്തുന്നതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന്‌ കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം നൽകാനും നിർദേശിച്ചു. 
ഉയർന്ന പലിശ ഈടാക്കി 5000 മുതൽ 25,000 രൂപ വരെയുള്ള തുകകൾക്ക്‌ വള്ളിയമ്മാൾ ഗുരുകുലം ആദിവാസികളുടെ ഭുമി തട്ടിയെടുത്തെന്ന്‌ കാട്ടി എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂരാണ്‌ കമീഷന്‌ പരാതി നൽകിയത്‌.
 
ജാമ്യം റദ്ദാക്കലിൽ 16ന്‌ വാദം
മണ്ണാർക്കാട്
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ്‌ മധുവിന്റെ വധക്കേസിൽ സാക്ഷിവിസ്‌താരം 19ന്‌ തുടങ്ങും. സാക്ഷികൾ നിരന്തരം കൂറുമാറുന്നതിനാൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന്‌ വിചാരണക്കോടതിയായ മണ്ണാർക്കാട്‌ എസ്‌സി–- എസ്‌ടി പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ ഹർജി നൽകിയിരുന്നു. ഇതിൽ 16ന്‌ വാദം തുടരും. അതിന്റെ ഉത്തരവിനുശേഷമായിരിക്കും സാക്ഷിവിസ്‌താരം തുടരുകയെന്ന്‌ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ രാജേഷ്‌ എം മേനോൻ പറഞ്ഞു.  
ബുധനാഴ്‌ച വിസ്‌തരിക്കാൻ നിശ്ചയിച്ച അഞ്ചു സാക്ഷികളും അഞ്ചിന്‌ ഹാജരാകാതിരുന്ന രണ്ടു സാക്ഷികളും കോടതിയിൽ ഹാജരായി. പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ്‌ എം മേനോൻ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top