28 March Thursday
ഗവ. മെഡിക്കല്‍ കോളേജ് നിര്‍മാണം വേ​ഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

നിര്‍മാണം ഏകോപിപ്പിക്കാന്‍ ഉദ്യോ​ഗസ്ഥനെ നിയമിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

പാലക്കാട്‌ മെഡിക്കൽ കോളേജിന്റെ നിർമാണ പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ആശുപത്രി മാതൃക കാണുന്നു

പാലക്കാട്
ഗവ. മെ‍ഡിക്കൽ കോളേജ്‌ ആശുപത്രിയുടെ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റിട്ട. എൻജിനിയറെ നിയമിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ചേർന്ന അവലോകന യോ​ഗത്തിലാണ് തീരുമാനം. ഒപി ബ്ലോക്ക് അടങ്ങുന്ന ടവറുകളുടെ നിർമാണം ആ​ഗസ്‌തിൽ പൂർത്തിയാക്കും.
പട്ടികജാതി പട്ടികവർ​ഗ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഐആർടിസി, നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കൺസൾട്ടൻസി എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ഉദ്യോ​ഗസ്ഥനെ നിയമിക്കുന്നത്. ഇതിനു പുറമെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽനിന്ന് ഒരാളെയും നിയോ​ഗിക്കും. നിർമാണ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി.
ബില്ലിങ് സമയബന്ധിതമാക്കാനും മറ്റ് അപാകങ്ങൾ പരിഹരിക്കാനും മന്ത്രിമാരായ വീണാ ജോർജ്, കെ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ യോ​ഗം ചേരും.
സെപ്തംബറിൽ മെഡിക്കൽ കോളേജ് ഒപിയും കിടത്തിച്ചികിത്സയും പൂർണതോതിൽ തുടങ്ങാനാണ്‌ ലക്ഷ്യമിടുന്നത്‌. പല കാരണങ്ങളാൽ നിർമാണം വൈകിയ സാഹചര്യത്തിലാണ്‌ പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഏകോപനം ഏറ്റെടുക്കുന്നത്‌. ഒപി ബ്ലോക്കിന്റെയും വാർഡുകളിലെയും 91 ശതമാനം ജോലിയും പൂർത്തിയായി. മെഡിക്കൽ കോളേജിന്റെ മതിൽ നിർമാണത്തിന്‌ 1.47 കോടി രൂപയാണ് നീക്കിവച്ചത്. മലിനജലം ശേഖരിക്കാനുള്ള അണ്ടർ ​ഗ്രൗണ്ട് ടാങ്കിന്‌ 26.43 ലക്ഷം രൂപയും നീക്കിവച്ചു. ഇവയുടെ പുരോ​ഗതിയും മന്ത്രി വിലയിരുത്തി. അവലോകനയോഗത്തിൽ ഷാഫി പറമ്പിൽ എംഎൽഎ, ചീഫ് എൻജിനിയർ എൽ ബീന, പട്ടികജാതി വികസന ഓഫീസർ കെ എസ് ശ്രീജ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം ടി വിജയലക്ഷ്മി എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top