25 April Thursday
വിളഞ്ഞ നെൽച്ചെടി വെള്ളത്തിൽ -

304 ഹെക്ടർ 
നെൽകൃഷി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

 പാലക്കാട്

ബുധനാഴ്ചവരെ ജില്ലയിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്‌ നെൽ കർഷകരുടെ ആശങ്ക ഇരട്ടിയാക്കുന്നു. മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഒന്നാംവിള കൊയ്‌ത്ത് തുടങ്ങിയശേഷമുള്ള മഴ നെല്ലുസംഭരണത്തെ പ്രതികൂലമായി ബാധിച്ചു. ഒരാഴ്‌ചയ്‌ക്കിടെ വിവിധ പ്രദേശങ്ങളിലായി 972 കർഷകരുടെ 304 ഹെക്ടർ നെൽകൃഷി വെള്ളം കയറി നശിച്ചു. 457 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 
ആലത്തൂർ, കുഴൽമന്ദം, ചിറ്റൂർ, കൊല്ലങ്കോട്, കുത്തനൂർ, നെന്മാറ എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷിനാശം. കുഴൽമന്ദത്ത് 39 ഹെക്ടറും നെന്മാറയിൽ 38 ഹെക്ടറുമാണ് നശിച്ചത്. നെല്ലിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ കൊയ്‌ത്തും സംഭരണവും സാധ്യമല്ല. കടമെടുത്തും പാട്ടത്തിനെടുത്തും കൃഷി ഇറക്കിയവരാണ് പ്രതിസന്ധിയിലായത്. വീണുപോയ നെൽച്ചെടികൾ യന്ത്രം ഉപയോഗിച്ച് കൊയ്യാൻ കഴിയാത്തതിനാൽ മിക്ക പാടശേഖരങ്ങളിലെയും നെല്ല് മുളച്ചു. തൊഴിലാളികളെ ഉപയോഗിച്ച് കൊയ്‌തെടുത്താലും ഏറെ നഷ്ടമുണ്ടാകും. ജില്ലയിൽ നെല്ലുസംഭരണം നേരത്തേ തുടങ്ങിയത് മാത്രമാണ് കർഷകർക്ക് ആശ്വാസം. ജില്ലയിൽ ഇതുവരെ 20,000 ടൺ നെല്ലാണ് സംഭരിച്ചത്. കാലവർഷം ശക്തിപ്രാപിക്കും മുമ്പ്‌ നെല്ല്‌ സംഭരിക്കാൻ റൈസ്‌മില്ലുടമകളുമായി സർക്കാർ നിരവധി തവണ ചർച്ച നടത്തി. കർഷകരെ സഹായിക്കാൻ പരമാവധി പരിശ്രമിച്ചു. എന്നാൽ മഴ എല്ലാം തകിടംമറിച്ചു. 
അതിവർഷാനുകൂല്യത്തിന്‌ അപേക്ഷിക്കാം
കാലവർഷത്തിൽ നെൽകൃഷി നശിച്ച കർഷകർ  കൃഷിഭവനിൽ വിവരമറിയിക്കണം. കൃഷി നാശത്തിന്‌ അധിവർഷാനുകൂല്യം ലഭിക്കാൻ  അപേക്ഷ നൽകണം. 
ഡ്രയർ എത്തിക്കണമെന്ന് കർഷകർ
മഴ ഭീതി നിലനിൽക്കുന്നതിനാൽ കൊയ്‌തെടുത്ത നെല്ല്‌ ഉണക്കാൻ ഡ്രയർ എത്തിക്കണമെന്നാണ് കർഷകരുടെ ആവശ്യം. നെല്ല് ഉണക്കി സംഭരിക്കാൻ കഴിയുന്ന മൊബൈൽ ​ഗ്രൈൻ ഡ്രയർ താലൂക്ക് അടിസ്ഥാനത്തിലെങ്കിലും വേണം. വാടകയ്ക്ക് എത്തിക്കുകയോ സർക്കാരോ, തദ്ദേശ സ്ഥാപനങ്ങളോ വാങ്ങുകയോ വേണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.
ആലത്തൂരിലെ നിറ പദ്ധതിയിൽ ഉൾപ്പെടുത്തി കെ ഡി പ്രസേനൻ എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷവും ഡ്രയർ എത്തിച്ചിരുന്നു. കോവിഡ് പ്രതിസന്ധി മൂലം തൊഴിലാളികളില്ലാത്തതിനാൽ തമിഴ്നാട്ടിൽനിന്ന് ഇത്തവണ യന്ത്രം എത്തിയില്ല. ഒരു മണിക്കൂറിൽ 2,600 രൂപ നിരക്കിലാണ് നെല്ല് ഉണക്കുന്നത്. പഞ്ചാബ്‌ കാർഷിക സർവകലാശാല നിർമിച്ച ഡ്രയർ തമിഴ്നാട്ടിലെ സംഘങ്ങളാണ് വാടകയ്ക്ക് നൽകുന്നത്. 25 ലക്ഷമാണ്‌ ഡ്രയറിന്റെ വില.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top