24 April Wednesday
വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതി

4,642 യൂണിറ്റ്, 9,911 പേർക്ക് തൊഴിൽ, 232.46 കോടി നിക്ഷേപം

എസ്‌ സിരോഷUpdated: Tuesday Aug 9, 2022
പാലക്കാട് 
വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയിൽ നാലുമാസത്തിനിടെ ജില്ലയിൽ ആരംഭിച്ചത്‌ 4,642 യൂണിറ്റുകൾ. വ്യവസായ മേഖലയിൽ വൻ കുതിപ്പാണ്‌ ഇതിലൂടെ നേടിയത്‌. ഇതുവരെ മന്ദീഭവിച്ചുനിന്ന വ്യവസായ സംരംഭങ്ങളിൽ സർക്കാർ ഇടപെടൽ പുതു ആവേശം വിതറുകയാണ്‌. മാത്രമല്ല വൻ നിക്ഷേപവും എത്തി. പുതിയ യൂണിറ്റുകളിലൂടെ  232.46 കോടി രൂപയുടെ നിക്ഷേപവും കണ്ടെത്തി.  9,911 പേർക്ക് തൊഴിലും ലഭിച്ചു. കൂടുതലും ട്രേഡ്‌ യൂണിറ്റുകളാണ്‌ ആരംഭിച്ചത്‌. 2,342 എണ്ണം. 568 ഉൽപ്പാദന സംരംഭങ്ങളും 1,732 സേവന സംരംഭങ്ങളും തുടങ്ങി. ആകെയുള്ളതിന്റെ  13.53 ശതമാനം ഗാർമെന്റ് യൂണിറ്റും 11.99 ശതമാനം അഗ്രോ യൂണിറ്റും  11.05 ശതമാനം മറ്റ് സേവന യൂണിറ്റുകളുമാണ്‌  ഉൽപ്പാദന -സേവന സംരംഭങ്ങളിൽ കൂടുതൽ. ആകെ 36.49 ശതമാനം. 63. 51 ശതമാനമാണ്‌ ട്രേഡ്‌ യൂണിറ്റുകൾ. 
ഈ വർഷം സംസ്ഥാനത്ത്‌ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ച്‌ മൂന്നു മുതൽ നാലുലക്ഷം വരെ പേർക്ക്‌ തൊഴിൽ ലഭ്യമാക്കുകയാണ്‌ ലക്ഷ്യമിട്ടത്‌. ജില്ലയിൽ 12,721 യൂണിറ്റുകൾ തുടങ്ങുകയാണ്‌ ലക്ഷ്യം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. എല്ലാ പഞ്ചായത്തിലും നഗരസഭയിലും കോർപ്പറേഷനുകളിലും സംരംഭങ്ങൾ തുടങ്ങാൻ ജനങ്ങൾക്ക് പ്രേരണ നൽകുവാനും സംരംഭങ്ങൾക്ക് സഹായം നൽകാനും ബി ടെക്, എംബിഎ യോഗ്യതയുള്ളവരെ നിയമിച്ചിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംരംഭം തുടങ്ങുവാൻ താൽപ്പര്യമുള്ളവർക്ക്‌  ബോധവൽക്കരണ സെമിനാറുകളും നടത്തി. 
താൽപ്പര്യമുള്ളവർക്ക്‌ ആഗസ്‌തിൽ മേള നടത്തി ലൈസൻസ്, വായ്‌പ, സബ്‌സിഡി എന്നിവ നൽകാനും  നടപടി സ്വീകരിക്കും. പദ്ധതിയുടെ പുരോഗതി എംഎൽഎമാരുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു.  സംസ്ഥാനത്താകെ 47,362 വ്യവസായങ്ങളാണ്‌ നാലു മാസത്തിനിടെ ആരംഭിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top