23 April Tuesday

നല്ല കുട്ടിയായി ‘ധോണി’; 
ഇനി കൂട്ടിൽനിന്നിറങ്ങണം

സ്വന്തം ലേഖകൻUpdated: Friday Jun 9, 2023

ധോണി ആനക്കൂട്ടിൽ (ഫയൽ ചിത്രം)

 
പാലക്കാട്‌
 നാടുവിറപ്പിച്ചു  വിലസിയ കൊമ്പൻ ധോണി മെരുങ്ങി. വനം വകുപ്പിന്റെ നിർദേശം ലഭിച്ചാൽ ഇനി കൂട്ടിൽനിന്ന്‌ പുറത്തിറക്കും. കൂട്ടിലെ കഴകളിൽ ചിലത്‌ മാറ്റിയിട്ടുണ്ട്‌. തല പുറത്തിട്ടും തുമ്പിക്കൈ ഉയർത്തിയും ചെവിയാട്ടിയും താൻ ഓക്കെയാണെന്ന്‌ അറിയിക്കുന്നുണ്ട്‌. ധോണിയിലെ വനം വകുപ്പ്‌ ഓഫീസ്‌ പരിസരത്താണ്‌ പരിശീലനം. വെളിയിലിറക്കിയാലും ‘നല്ല നടപ്പ്‌’ പരിശീലനം തുടരും. 
പാപ്പാന്മാർ വലത്തോട്ടും ഇടത്തോട്ടും തിരിയാൻ പറഞ്ഞാലും ഇരിക്കാൻ പറഞ്ഞാലും അനുസരണയോടെ വഴങ്ങും. കൂട്ടിനുള്ളിൽ കിടക്കുന്നുമുണ്ട്‌. 150 കിലോ പുല്ല്‌, 50 കിലോ കാട്ടുതീറ്റ, അരക്കിലോ വീതം ചെറുപയറും മുതിരയും രണ്ടുനേരം റേഷനരി, അത്തി, പേരാൽ തുടങ്ങിയവയുടെ ചപ്പ്‌, തെങ്ങോല, പനയോല എന്നിവയും നൽകും. നാട്ടുഭക്ഷണത്തിലേക്ക്‌ പതിയെ മാറ്റിയെടുക്കണം. കരിമ്പും പട്ടയും ശീലിപ്പിക്കണം. രാവിലെയും വൈകിട്ടും രണ്ടുമണിക്കൂർ കൂട്ടിനുള്ളിൽ പരിശീലനം നൽകുന്നുണ്ട്‌. ചട്ടങ്ങളോട്‌ വേഗത്തിൽ പ്രതികരിച്ചത്‌ പാപ്പാന്മാർക്ക്‌ എളുപ്പമായി. ആഴ്‌ചതോറും ഡോക്ടർ ആരോഗ്യനില പരിശോധിക്കുന്നുണ്ട്‌. മരുന്നുകൾ നൽകേണ്ട സാഹചര്യം വന്നിട്ടില്ല. 
  ഏപ്രിൽ ഒന്നുമുതൽ ദ്രുതപ്രതികരണസേന(ആർആർടി)യ്ക്കാണ്‌ ധോണിയുടെ മേൽനോട്ടച്ചുമതല. ആനയുടെ സ്വഭാവത്തിൽ വന്ന മാറ്റമടക്കം പരിശോധിക്കാനുള്ള വിദഗ്‌ധസമിതിയുടെ പാനൽ ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡന്‌ നൽകിയിട്ടുണ്ട്‌. ഇത്‌ അംഗീകരിച്ചാൽ 10 ദിവസത്തിനുള്ളിൽ വിദഗ്‌ധസമിതി ധോണിയെ പരിശോധിക്കും.
 കുങ്കിയോ, അതോ വീണ്ടും കാട്ടിലേക്കോ എന്ന ധോണിയുടെ ഭാവി ഈ സമിതിയാകും നിശ്ചയിക്കുക. തുടർന്ന്‌ വനം വകുപ്പിനോട്‌ അനുമതി ആവശ്യപ്പെടും. ജനുവരി 22നാണ്‌ മയക്കുവെടിവച്ച്‌ പിടികൂടി ‘പാലക്കാട്‌ ടസ്‌കർ’ എന്ന പിടി–-7നെ കൂട്ടിലടച്ചത്‌. നിരന്തരം കൃഷി നശിപ്പിച്ച്‌ ധോണിയിൽ വിളയാടിയ കൊമ്പൻ രാവിലെ നടക്കാനിറങ്ങിയ ഒരാളെ ചവിട്ടിക്കൊന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top