25 April Thursday

വരി നിൽക്കേണ്ട; യാത്ര അവകാശം

സ്വന്തം ലേഖകൻUpdated: Friday Jun 9, 2023

സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ ബസിൽ കയറാൻ ജീവനക്കാരുടെ അനുവാദത്തിന്‌ കാത്തുനിന്ന വിദ്യാർഥികളെ ബസിൽ കയറ്റിയശേഷം പരാതി അറിയിക്കാൻ ഫോൺ നമ്പർ നൽകുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പാലക്കാട്‌
വിദ്യാർഥികളോട്‌ വിവേചനം കാട്ടുന്ന സ്വകാര്യ ബസുടമകൾക്കെതിരെയും ജീവനക്കാർക്കെതിരെയും കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്‌. ബസെടുക്കുംവരെ വിദ്യാർഥികളെ വരിയിൽനിർത്തുന്ന ജീവനക്കാരുടെ ചെയ്‌തികൾക്കെതിരെ ദേശാഭിമാനി കഴിഞ്ഞ ദിവസം വാർത്ത നൽകിയതിനുപിന്നാലെയാണ്‌ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. വ്യാഴം പകൽ 3.30നാണ്‌ സ്‌റ്റേഡിയം ബസ്‌ സ്‌റ്റാൻഡിൽ പരിശോധന നടത്തിയത്‌. 
ഉദ്യോഗസ്ഥർ എത്തുന്നതുവരെയും വിവേചനം തുടർന്നു. ബസ്‌ കയറാൻ കുട്ടികൾ വരിവരിയായി നിൽക്കുന്ന പതിവ്‌ കാഴ്‌ച വ്യാഴാഴ്‌ചയുമുണ്ടായി. ഉദ്യോഗസ്ഥരെ കണ്ടതും പെട്ടെന്ന്‌ വിദ്യാർഥികളെയും കയറ്റി സ്‌റ്റാൻഡ്‌ വിട്ടവരുമുണ്ട്‌. 
 
   സീറ്റുണ്ടായിട്ടും ചില കുട്ടികൾ നിൽക്കുന്ന കാഴ്‌ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്‌ അവരോട്‌ കാര്യങ്ങൾ ആരാഞ്ഞു. മുതിർന്നവരെത്തുമ്പോൾ പലപ്പോഴും ഒഴിയേണ്ടിവരുമെന്ന്‌ മാത്രമല്ല ജീവനക്കാരുടെ ശകാരവും കേൾക്കണമെന്ന്‌ ചില വിദ്യാർഥികൾ പറഞ്ഞു. ഇത്‌  പേടിച്ചാണ്‌ അവരാരും സീറ്റിലിരിക്കാത്തത്‌. ഔദാര്യമല്ല, ഇത്‌ നിങ്ങളുടെ അവകാശമാണെന്ന്‌ ബോധ്യപ്പെടുത്തി അവരെ സീറ്റിലിരുത്തി. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ മൊബൈലിൽ വീഡിയോയോ ചിത്രമോ പകർത്തി അയക്കണമെന്നും നിർദേശിച്ചു. 
 
സ്‌റ്റാൻഡിൽനിന്ന്‌ ബസെടുക്കുന്നതുവരെ ആരും വരി നിൽക്കരുതെന്നും പറഞ്ഞുമനസ്സിലാക്കി. പരാതിപ്പെടാൻ 8547639009 എന്ന മോട്ടോർ വാഹനവകുപ്പിന്റെ നമ്പറിൽ വിളിക്കാം. ഇത്‌ മറ്റ്‌ വിദ്യാർഥികൾക്ക്‌ നൽകാനും നോട്ടീസ്‌ ബോർഡിൽ പരസ്യപ്പെടുത്താനും പറഞ്ഞു. 
തുടരും പരിശോധനയും 
നടപടിയും 
 
വരും ദിവസങ്ങളിലും കർശന പരിശോധന തുടരും. തിരുത്താത്ത ബസുടമകൾക്കെതിരെ നടപടി സ്വീകരിക്കും. ഇന്റിക്കേറ്റർ ഉൾപ്പെടെ പ്രവർത്തന രഹിതമായവ പരിഹരിക്കണമെന്ന്‌ ബസ്‌ ജീവനക്കാർക്ക്‌ താക്കീത്‌ നൽകി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരായ പി വി ബിജു, ജോൺ ബ്രിട്ടോ, അനീഷ്‌, ജനിക്‌സ്‌, ഡ്രൈവർമാരായ പി ജി മണികണ്‌ഠൻ, പ്രമോദ്‌കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top