20 April Saturday

മുഖംരക്ഷിക്കാൻ കോൺഗ്രസ്‌: 
3 നേതാക്കൾക്കെതിരെ നടപടി

സ്വന്തം ലേഖകൻUpdated: Wednesday Dec 7, 2022
 
ചെർപ്പുളശേരി
വല്ലപ്പുഴ സഹകരണ ബാങ്കിൽ നിയമനങ്ങൾക്ക്‌ കോഴ വാങ്ങിയ വിവരം പുറത്തായതോടെ മൂന്ന്‌ നേതാക്കൾക്കെതിരെ നടപടിയെടുത്ത്‌ മുഖം രക്ഷിക്കാൻ കോൺഗ്രസ്‌ നേതൃത്വം. ബാങ്ക് പ്രസിഡന്റ് കളത്തിൽ അഷ്‌റഫ്, പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം വിജയകുമാർ, കുലുക്കല്ലൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ബാങ്ക് ജീവനക്കാരനുമായ എൻ ഗോപകുമാർ എന്നിവരെയാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കംചെയ്തത്. പ്യൂൺ നിയമനത്തിന് മൂന്നുപേരിൽനിന്ന് 25 ലക്ഷം വീതം 75 ലക്ഷം രൂപ യുഡിഎഫ് ഭരണസമിതി കൈക്കൂലി വാങ്ങിയെന്ന്‌ കാട്ടി യൂത്ത് കോൺഗ്രസ് നേതാവ് മൻസൂർ അലിയാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌.  ഈ പരാതിയിൽ ഹൈക്കോടതി നിയമന നടപടികൾ നിർത്തിവയ്‌ക്കാൻ ഉത്തരവിട്ടിരുന്നു. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതിയെക്കുറിച്ച് അന്വേഷിച്ച് രണ്ടുമാസത്തിനകം സഹകരണ ജോയിന്റ്‌ രജിസ്ട്രാർ റിപ്പോർട്ട് നൽകണമെന്നും ഈ റിപ്പോർട്ട് പ്രകാരം മാത്രമേ ബാങ്കിൽ നിയമനം നടത്താവൂയെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. 
യുഡിഎഫ് ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവുതന്നെ പരാതി ഉയർത്തിയതോടെ സമഗ്ര അന്വേഷണം നടത്തണമെന്നും അഴിമതിക്കാരെ പുറത്തുകൊണ്ടുവരണമെന്നും സിപിഐ എം ആവശ്യപ്പെട്ടിരുന്നു. നിയമനങ്ങൾക്ക്‌ കോഴവാങ്ങിയെന്ന ആരോപണം കോൺഗ്രസ്‌ നേതൃത്വം പരസ്യമായി സമ്മതിക്കുന്നതായി നേതാക്കൾക്കെതിരായ നടപടി. നടപടിയെടുത്തില്ലെങ്കിൽ യുഡിഎഫിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന്‌ നേതൃത്വം ഭയന്നു. ഇതോടെ ആരോപണം മാത്രമാണിതെന്ന്‌ പറഞ്ഞ്‌ തടിതപ്പാനുള്ള അവസരവും ഇല്ലാതായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top