26 April Friday
144 പ്രതിനിധികളും 19 ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ 163 പേരാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്

സിപിഐ എം പുതുശേരി ഏരിയ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

സിപിഐ എം പുതുശേരി ഏരിയ സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
സിപിഐ എം പുതുശേരി ഏരിയ സമ്മേളനം കെ വി വിജയദാസ്‌ നഗറിൽ (കൃഷ്ണശ്രീ കല്യാണമണ്ഡപം പാറ, എലപ്പുള്ളി) തുടങ്ങി. സി കൃഷ്ണൻകുട്ടി പതാക ഉയർത്തി. 
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. നിതിൻ കണിച്ചേരി, സി കൃഷ്ണൻകുട്ടി, എം നസീമ, എസ് ഗുരുവായൂരപ്പൻ എന്നിവരടങ്ങിയതാണ്‌ പ്രസീഡിയം. എ സോമസുന്ദരൻ (മിനുട്‌സ്‌), എസ് ബി രാജു (പ്രമേയം), എസ് പ്രദോഷ് (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി കമ്മിറ്റികളെ തെരഞ്ഞെടുത്തു. നിതിൻ കണിച്ചേരി രക്തസാക്ഷി പ്രമേയവും എം എ അരുൺകുമാർ അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി എസ്‌ സുഭാഷ്‌ ചന്ദ്രബോസ്‌ റിപ്പോർട്ടും അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്ണദാസ്‌, കെ വി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി കെ നാരായണദാസ്, ഇ എൻ സുരേഷ്ബാബു എന്നിവർ പങ്കെടുക്കുന്നു. സ്വാഗതസംഘം ചെയർമാൻ ജെ മഹേഷ്‌ സ്വാഗതം പറഞ്ഞു. 
പൊതുചർച്ച തുടങ്ങി. 144 പ്രതിനിധികളും 19 ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ 163 പേരാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഏരിയ കമ്മിറ്റി, സെക്രട്ടറി, ജില്ലാ സമ്മേളന പ്രതിനിധികൾ എന്നിവരുടെ തെരഞ്ഞെടുപ്പോടെ ചൊവ്വാഴ്‌ച സമ്മേളനം സമാപിക്കും.
ന്യൂനപക്ഷത്തെ ഭയപ്പെടുത്തി മുതലെടുക്കാൻ 
ആർഎസ്‌എസ്‌ ശ്രമം: എ കെ ബാലൻ
പാലക്കാട്‌
ന്യൂനപക്ഷ വിഭാഗങ്ങളെ ഭയപ്പെടുത്തി അവരെ തീവ്രവാദപരമായി ചിന്തിപ്പിച്ച്‌ മുതലെടുക്കാനാണ്‌ ആർഎസ്‌എസ്‌ ശ്രമിക്കുന്നതെന്ന്‌  സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. സിപിഐ എം പുതുശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മതവിഭാഗങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച്‌ കാര്യം സാധിക്കാമെന്നാണ്‌ സംഘപരിവാർ കരുതുന്നത്‌. സിപിഐ എം ഇത്‌ പൊതുസമൂഹത്തിനുമുന്നിൽ തുറന്നുകാട്ടും. ന്യൂനപക്ഷ വിഭാഗങ്ങളെയും വെല്ലുവിളി നേരിടുന്ന പിന്നാക്കവിഭാഗങ്ങളെയും സ്ത്രീകളെയും സംരക്ഷിച്ച്‌ സിപിഐ എം മുന്നോട്ടുപോകും. 
നടക്കില്ലെന്ന്‌ കരുതിയ പല പദ്ധതികളും പ്രാവർത്തികമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ്‌ സർക്കാരിന്‌ സാധിച്ചു. ഗെയ്‌ൽ പൈപ്പ്‌ ലൈൻ, കൂടംകുളം നിലയവുമായി ബന്ധിപ്പിക്കുന്ന വൈദ്യുതി ശൃംഖല എന്നിവ ഉദാഹരണം. കേരളത്തിന്റെ സ്വപ്നപദ്ധതിയാണ്‌ സിൽവർ ലൈൻ. സ്ഥാപിത താൽപ്പര്യംമൂലമാണ്‌ പദ്ധതിയെക്കുറിച്ച്‌ ചിലർ കള്ളപ്രചാരണം നടത്തുന്നത്‌. ഇതിനെ മറികടന്ന്‌ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകും. 
ബിജെപിയുടെ വളർച്ചയ്ക്ക്‌ വഴിവെട്ടിയത്‌ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസാണ്‌. മൃദു ഹിന്ദുത്വനയമാണ്‌ കോൺഗ്രസ്‌ പിന്തുടരുന്നത്‌. സംഘപരിവാറിനെതിരെ ബദലാകാൻ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യശക്തികൾക്ക്‌മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top