26 April Friday
കരുതൽ വേണം

മഴ; അപകടം കൂടുന്നു

സ്വന്തം ലേഖികUpdated: Thursday Jul 7, 2022
പാലക്കാട്‌
മഴ ശക്തമായതോടെ അപകട സാധ്യത വർധിച്ചു. ഉരുൾപൊട്ടലും മണ്ണൊലിപ്പും ജനങ്ങളുടെ ജീവനെടുക്കാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശങ്ങളോട് സഹകരിക്കണം. 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ ജില്ലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം വ്യാപക നഷ്ടമുണ്ടായി. നെന്മാറ ചേരുംകാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ 10 പേർ മരിച്ചിരുന്നു. നെല്ലിയാമ്പതിയിലും ഉരുൾപൊട്ടി വ്യാപകനാശമുണ്ടായി. മണ്ണാർക്കാട്‌ കരടിയോട്‌, ഒറ്റപ്പാലം, നെല്ലിയാമ്പതി, മംഗലംഡാം പരിസരം, മലമ്പുഴ ഡാം പരിസരം തുടങ്ങിയ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിന്‌ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണം. 
മഴക്കാലത്ത്‌ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്‌ വൈദ്യുതി അപകടങ്ങളാണ്‌. അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെഎസ്‌ഇബിയെ വിവരം അറിയിക്കുക. ഇടിയും മിന്നലും ഉള്ളപ്പോൾ ടിവി, ഫ്രിഡ്‌ജ്‌, കംപ്യൂട്ടർ, മിക്‌സി, വാഷിങ്‌ മെഷീൻ, ഹീറ്റർ എന്നിവ  ഉപയോഗിക്കരുത്. പ്ലഗിൽ ഘടിപ്പിച്ച  ഉപകരണങ്ങൾ ഊരിയിടണം.
മുന്നറിയിപ്പ്‌
-● -വൈദ്യുതി ലൈൻ, സർവീസ് വയർ എന്നിവ പൊട്ടിയതായി കണ്ടാൽ സ്പർശിക്കരുത്‌.
● ഇടിമിന്നലുള്ളപ്പോൾ വൈദ്യുതി ജോലി ഒഴിവാക്കണം.
● പോസ്റ്റുകളിലും സ്റ്റേകളിലും കന്നുകാലികളെ കെട്ടരുത്‌.
● തുണി ഉണങ്ങാനിടരുത്‌.
● വൈദ്യുതി ലൈനുകൾക്കു സമീപം ലോഹനിർമിത തോട്ടികൾ, ഏണികൾ എന്നിവ ഉപയോഗിക്കരുത്.
● ഇടിമിന്നലുള്ളപ്പോൾ ടെലിഫോൺ ഉപയോഗിക്കരുത്.
● മിന്നലേറ്റയാൾക്ക്‌ വൈദ്യുതി പ്രവാഹം ഇല്ലെന്ന് ഉറപ്പുവരുത്തിവേണം പ്രഥമ ശുശ്രൂഷ നൽകാൻ.
വിളിക്കുക 
അഗ്നിരക്ഷാ സേനയെ
അപകടം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം അഗ്നിരക്ഷാ സേനയെ വിളിക്കണം. ജനലുകളും വാതിലുകളും കുലുങ്ങുക, ചുമരുകളിലും തറയിലും വിള്ളലുണ്ടാവുക, മഴ വെള്ളച്ചാലുകൾ, ഉറവകൾ എന്നിവിടങ്ങളിലെ വെള്ളത്തിന്റെ അളവ്  കുറയുകയും കുടൂകയോ ചെയ്യുക, ശബ്‌ദങ്ങൾ കേൾക്കുക തുടങ്ങിയവയൊക്കെ ഉരുൾപൊട്ടലിന്റെ ലക്ഷണങ്ങളാണ്‌.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ നേരത്തേയുണ്ടായ സ്ഥലങ്ങളിൽ വീണ്ടും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മഴ കഴിയുന്നതുവരെ സ്ഥലത്തുനിന്ന്‌ മാറി താമസിക്കണം. 
ഫോൺ: ജില്ലാ ഓഫീസ്‌: 101, 0491 2505701. കഞ്ചിക്കോട്: - 04912 569701, കോങ്ങാട്: - 04912 847101, ഷൊർണൂർ: -04662 222701, പട്ടാമ്പി: - 04662 955101, മണ്ണാർക്കാട്: - 04924 230303, ആലത്തൂർ: - 04922 222150, വടക്കഞ്ചേരി: - 04922 256101, ചിറ്റൂർ: - 04923 222499, കൊല്ലങ്കോട്: -04923 262101.
റോഡിലും ശ്രദ്ധവേണം
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കണം
■ വാഹനങ്ങളുടെ ബ്രേക്ക്, വൈപ്പര്‍, ഹെഡ്‌ ലൈറ്റ്‌, ഇന്‍ഡിക്കേറ്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നുവെന്ന്‌ ഉറപ്പാക്കുക.
■ ടയറുകളുടെ കരുത്ത്‌ ഉറപ്പുവരുത്തുക.
■ പഴയതും തേഞ്ഞതുമായ വൈപ്പര്‍ മാറ്റണം.
■ ഫോഗ് ലാംബ്‌, പുകമഞ്ഞില്‍ കാഴ്ച ലഭ്യമാകുന്ന ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കണം.
■ വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കുക. 
■ മാധ്യമങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് ശ്രദ്ധിക്കണം. 
■ മഴയത്ത് അമിത വേഗവും ഓവര്‍ടേക്കിങ്ങും ഒഴിവാക്കുക. 
■ മുന്നിലുളള വാഹനത്തില്‍നിന്ന്‌ സുരക്ഷിത അകലം പാലിക്കുക.
■ വാഹനത്തില്‍ ആവശ്യമായ ഇന്ധനം കരുതുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top