26 April Friday
ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ടം

അര്‍ബുദം കണ്ടെത്താൻ ‘ക്യാന്‍സര്‍ കെയര്‍സ്യൂട്ട്'

സ്വന്തം ലേഖകൻUpdated: Tuesday Feb 7, 2023
പാലക്കാട്
അർബുദം നേരത്തെ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും "ക്യാൻസർ കെയർസ്യൂട്ട്' ജില്ലയിൽ വ്യാപകമാക്കുന്നു. ആർദ്രം മിഷൻ രണ്ടാംഘട്ടത്തിന്റെ ഭാ​ഗമായാണ് പദ്ധതി വിപുലമാക്കുന്നത്.
ആശ വർക്കർമാർ വീടുകളിൽ നേരിട്ടെത്തി ഓരോ ആളുകളുടെയും ആരോ​ഗ്യവിവരം ശേഖരിക്കും. ഇതിൽനിന്ന്‌ അർബുദ ലക്ഷണങ്ങളോ, അർബുദത്തിന് കാരണമായേക്കാകുന്ന ശീലങ്ങളോ ഉള്ളവരെ കണ്ടെത്തും. ഇതിനായുള്ള ചോദ്യാവലിയുമാണ് ആശപ്രവർത്തകർ വീടുകളിലെത്തുക. രോ​ഗലക്ഷണമോ ശീലങ്ങളോ ഉള്ളവരെ കണ്ടെത്തി പഞ്ചായത്തിലെ പ്രാഥമികാരോ​ഗ്യകേന്ദ്രത്തിൽ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി പ്രാഥമിക ആരോഗ്യകേന്ദ്രം, കുടുംബാരോഗ്യകേന്ദ്രം, സാമൂഹ്യആരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ ക്ലിനിക്കൽ സ്‌ക്രീനിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിൽ നിശ്ചിതദിവസം ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ, ഓറൽ എക്സാമിനേഷൻ, പാപ്‌സ്മിയർ എന്നീ പരിശോധനകൾ ഇവിടങ്ങളിൽ നടത്തും. പ്രത്യേക ക്യാമ്പുകൾ നടത്തിയും പരിശോധിക്കും. സ്‌ക്രീനിങ്ങിൽ ബയോപ്സി, എഫ്എൻഎസി തുടങ്ങിയവ വേണ്ടവരെ താലൂക്ക്‌ ആശുപത്രികളിലേക്ക് മാറ്റും. താലൂക്ക് ആശുപത്രികളിൽ സാമ്പിൾ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്‌. 
സാമ്പിളുകൾ ഹബ് ആൻഡ് സ്പോക്ക് സാമ്പിൾ മാനേജ്മെന്റ് സിസ്റ്റം വഴി ജില്ലാ ലാബുകളിൽ എത്തിച്ചാണ് വിശ​ദ പരിശോധന നടത്തുക. ലാബ്സിസ് പോർട്ടൽ വഴി പരിശോധനാ ഫലം ലഭ്യമാക്കും. ക്യാൻസർ ചികിത്സാകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ ചികിത്സയും തുടങ്ങും. ആരോ​ഗ്യവകുപ്പിന്റെ കീഴിലെ ഇ–-ഹെൽത്ത് ടീമാണ് ക്യാൻസർ കെയർസ്യൂട്ട് വെബ്‌പോർട്ടൽ വികസിപ്പിച്ചത്‌. 
വയനാട്ടിലടക്കം നടപ്പാക്കിയ പദ്ധതിയാണ് ജില്ലയിൽ വ്യാപിപ്പിക്കുന്നത്. ജില്ലയിൽ നേരത്തെ പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും ആർദ്രം രണ്ടാംഘട്ടത്തിൽ ഇതിന് കൂടുതൽ പ്രാധാന്യം നൽകും. ഈ വർഷം എല്ലാ പ്രാഥമിക ആരോ​ഗ്യകേന്ദ്രത്തിലും പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കും. ഇതിന് മുന്നോടിയായി ആരോ​ഗ്യപ്രവർത്തകർക്കുള്ള പരിശീലനം നടക്കുകയാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top