29 March Friday
പനി പടരുന്നു

3 ദിവസം: ചികിത്സ തേടിയത്‌ 3,187 പേർ

സ്വന്തം ലേഖികUpdated: Saturday Aug 6, 2022
പാലക്കാട്‌
മഴ ശക്തമായതോടെ പനി ഉൾപ്പെടെ പകർച്ച വ്യാധി പടരുന്നു. എച്ച്‌–-1 എൻ–-1, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കൻപോക്‌സ്‌, വയറിളക്കം, പനി തുടങ്ങി നിരവധി രോഗങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ആഗസ്‌തിൽ മൂന്നു ദിവസം മാത്രം 3,187 പേർ വിവിധ സർക്കാർ ആശുപത്രികളിൽ പനിക്ക്‌ ചികിത്സ തേടി. 38 പേരെ അഡ്‌മിറ്റ്‌ ചെയ്‌തു. അഞ്ചുപേർക്ക്‌  എലിപ്പനിയും നാലുപേർക്ക്‌ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. അഞ്ചുപേർക്ക്‌ മഞ്ഞപ്പിത്തവും രണ്ടുപേർക്ക്‌ ചിക്കൻ പോക്‌സും റിപ്പോർട്ട്‌ ചെയ്‌തു. 142 പേർ കോവിഡ്‌ ബാധിതരായി. 433 പേർ വയറിളക്കത്തിനും ചികിത്സതേടി.
ജൂലൈയിൽ ജില്ലയിൽ പത്തുപേർക്ക്‌ എലിപ്പനി ബാധിച്ചു. ഒരാൾ മരിച്ചു. മലമ്പുഴ സ്വദേശിയാണ്‌ മരിച്ചത്‌. 16 പേർക്ക്‌ ഡെങ്കിപ്പനിയും നാലുപേർക്ക്‌ എച്ച്‌ വൺ എൻ വണ്ണും- 19 പേർക്ക്‌ മഞ്ഞപ്പിത്തവും റിപ്പോർട്ട്‌ ചെയ്‌തു. ഒരാൾക്ക്‌ മലേറിയയും സ്ഥിരീകരിച്ചു. 37 ചിക്കൻപോക്‌സ്‌ ബാധിതരുമുണ്ട്‌. ജൂലൈയിൽ 2,329 പേർക്ക്‌ കോവിഡ്‌ ബാധിച്ചപ്പോൾ 13 മരണം സ്ഥിരീകരിച്ചു. 27,813 പേർ പനിയ്‌ക്കും 4,051 പേർ വയറിളക്കം ബാധിച്ചും സർക്കാർ ആശുപത്രികളിലെ ഒപിയിൽ ചികിത്സതേടി.
ഈ സാഹചര്യത്തിൽ മുൻകരുതൽ വേണമെന്ന്‌ ആരോഗ്യ വകുപ്പ്‌ നിർദേശിച്ചു. മഴയിൽ എലിപ്പനി ഉൾപ്പടെയുള്ള രോഗങ്ങൾ കൂടുതലായി പടർന്നുപിടിക്കുമെന്നതിനാൽ മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. കൃത്യമായ ചികിത്സയും അനിവാര്യമാണ്‌. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top