പാലക്കാട്
കോൺഗ്രസ് പുനഃസംഘടനയിൽ അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്ന് പി ബാലഗോപാൽ രാജിവച്ചതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അതൃപ്‌തി അറിയിക്കും. വി കെ ശ്രീകണ്ഠൻ എംപി, മുൻ എംപി വി എസ് വിജയരാഘവൻ, മുൻമന്ത്രി വി സി കബീർ എന്നിവരും പാര്‍ടി വേദികളില്‍ പരാതി അറിയിക്കും.
ജില്ലയിൽ 10 മണ്ഡലങ്ങളിലായി 20 ബ്ലോക്ക് കമ്മിറ്റിയിലേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കൊല്ലങ്കോട്, നെന്മാറ ബ്ലോക്കുകളിലേക്ക് ഭാരവാഹികളായില്ല.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഇഷ്ടക്കാരെ നിയമിക്കാനാണ് കൊല്ലങ്കോട്, നെന്മാറ ബ്ലോക്കിലേക്കുള്ള നിയമനം വൈകുന്നതെന്നാണ് ആരോപണം. പുനഃസംഘടനാ പ്രശ്‌നത്തിൽ പ്രതിഷേധിച്ചാണ് ബാലഗോപാല്‍ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനമൊഴിഞ്ഞത്. ബാലഗോപാല്‍ ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതൽ ചര്‍ച്ചയാകും.
ബാലഗോപാൽ ഉന്നയിക്കുന്ന പരാതികൾ
ചിറ്റൂർ ബ്ലോക്ക് പ്രസിഡന്റായി കെ എ ഷീബയെ നിയമിക്കാനായിരുന്നു ധാരണ. ഒരു വനിതയെങ്കിലും വേണമെന്ന മാനദണ്ഡം പരിഗണിച്ചായിരുന്നു ജില്ലാ നേതൃത്വം തെരഞ്ഞെടുത്തത്. എന്നാൽ പട്ടിക വന്നപ്പോൾ കെ അച്യുതന്റെ സഹോദരൻ കെ മധു പ്രസിഡന്റായി. സംസ്ഥാന നേതൃത്വത്തെ സ്വാധീനിച്ചാണ് സ്ഥാനം നേടിയത്.
പുനഃസംഘടന കഴിഞ്ഞിട്ടും ജില്ലയിൽ ക്രിസ്ത്യൻ പ്രാതിനിധ്യമില്ല. മലമ്പുഴയിൽ ജി നെൽസണെ തീരുമാനിച്ചെങ്കിലും അതും ഷാഫി വിഭാഗം വെട്ടി. പി കെ വാസുവാണ് പ്രസിഡന്റായത്.
പാലക്കാട് മണ്ഡലം പ്രസിഡന്റായി തീരുമാനിച്ചത് എ കൃഷ്ണനെയായിരുന്നു. എന്നാൽ അതിലും ഇടപെടലുണ്ടായി
കമ്മിറ്റി നോക്കുകുത്തി
ഭാരവാഹികളെ തീരുമാനിക്കാൻ 10 അംഗ കമ്മിറ്റിയെ കെപിസിസി നിയോഗിച്ചിരുന്നു. ഷാഫി പറമ്പിൽ എംഎൽഎ, എംപിമാരായ വി കെ ശ്രീകണ്ഠൻ, രമ്യഹരിദാസ്, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, മുൻ ഡിസിസി പ്രസിഡന്റുമാരായ വി എസ് വിജയരാഘവൻ, സി വി ബാലചന്ദ്രൻ, യുഡിഎഫ് ചെയർമാൻ പി ബാലഗോപാൽ എന്നിവരും ജില്ലയിലെ മൂന്ന് കെപിസിസി ഭാരവാഹികളും അടങ്ങുന്നതാണ് കമ്മിറ്റി. എന്നാൽ കമ്മിറ്റി ഒരു ബ്ലോക്ക് പ്രസിഡന്റിനെ പോലും അന്തിമമായി തീരുമാനിക്കാൻ ഈ കമ്മിറ്റിക്കു കഴിഞ്ഞില്ല.
കമ്മിറ്റിയംഗങ്ങൾതന്നെ പല പേരുകൾ മുന്നോട്ടുവയ്‌ക്കുകയും 24 പേരെ തെരഞ്ഞെടുക്കേണ്ടതിനു പകരം 70ഓളം പേർ പട്ടികയിൽ ഇടം നേടുകയും ചെയ്‌തു. ഗത്യന്തരമില്ലാതെ 70 പേരുടെ പട്ടിക കെപിസിസി നേതൃത്വത്തിനു കൈമാറുകയായിരുന്നു.
സംസ്ഥാന നേതൃത്വം നിലപാട് വൃക്തമാക്കട്ടെ
ഏകപക്ഷീയമായാണ് ജില്ലയിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്.
ജില്ലയിൽ തന്നെ തീരുമാനിക്കാവുന്ന കാര്യങ്ങൾ കൃത്യമായ കൂടിയാലോചന ഇല്ലാത്തതിനാൽ നടന്നില്ല.
മുമ്പ് യുഡിഎഫ് ചെയർമാനായിരുന്ന എ രാമസ്വാമി പാർടി വിട്ടത് ഇതേ സാഹചര്യത്തിലാണ്. തന്റെ കാര്യത്തിൽ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കട്ടെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..