പാലക്കാട്
ജില്ലയിൽ മൂന്നുദിവസമായി പെയ്യുന്ന മഴയിൽ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. പ്രധാന എട്ട് അണക്കെട്ടുകളുടെ പരിധിയിലും നല്ല മഴ ലഭിച്ചു. ചൊവ്വയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രതയാണ്.
തിങ്കൾ രാവിലെ എട്ടുവരെ 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 31.08 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത്തവണ 54 ശതമാനം മഴക്കുറവാണ്. ജൂൺ ഒന്നുമുതൽ ജൂലൈ നാലുവരെ 537.7 മില്ലീമീറ്റർ ലഭിക്കേണ്ടിടത്ത് പെയ്‌തത് 246 മില്ലീമീറ്റർ മാത്രം.
എട്ടിൽ അഞ്ച് അണക്കെട്ടുകളിലും 2021 ൽ ഉള്ളതിനേക്കാൾ കൂടുതൽ വെള്ളമുണ്ട്. കാഞ്ഞിരപ്പുഴ, മീങ്കര, മലമ്പുഴ, ചുള്ളിയാർ, മംഗലം അണക്കെട്ടുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വെള്ളമുണ്ട്. പോത്തുണ്ടിയിൽ ഇരു വർഷങ്ങളിലും ഒരേ ജലനിരപ്പാണ്. ശിരുവാണി, വാളയാർ അണക്കെട്ടുകളിൽ മാത്രമാണ് ചെറിയ കുറവുള്ളത്.
മാർച്ച് ഒന്നു മുതൽ മെയ് 30 വരെ വേനൽമഴ 63 ശതമാനം അധികം ലഭിച്ചിരുന്നു. അതിന്‌മുമ്പ് വടക്കുകിഴക്കൻ കാലവർഷം 106 ശതമാനം അധികം പെയ്‌തു. അതിനാൽ വേനൽക്കാലത്തും അണക്കെട്ടുകളിൽ വെള്ളമുണ്ടായിരുന്നു.
ഒന്നാംവിള നടീലിനായി മലമ്പുഴ, പോത്തുണ്ടി, മംഗലം അണക്കെട്ടുകളിൽനിന്ന് കനാലിലൂടെ വെള്ളം ഒഴുക്കിയത് മഴ ശക്തമായതോടെ നിർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..