18 December Thursday

പന്നിക്കെണിയിൽനിന്ന്‌ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023
വടക്കഞ്ചേരി
വണ്ടാഴിയിൽ പന്നിക്കെണിയിൽനിന്ന്‌ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി രാജീവ് ജങ്‌ഷൻ പന്നിക്കുന്ന് കരൂർ പുത്തൻവീട്ടിൽ ഗ്രേസി(63)യാണ് മരിച്ചത്. വീടിനുസമീപത്തെ കൃഷിയിടത്താണ് മൃതദേഹം കണ്ടത്. ഒറ്റയ്‌ക്ക് താമസിക്കുന്ന ഗ്രേസിയുടെ വീട്ടിൽനിന്നാണ് കെണിവയ്‌ക്കാനുള്ള വൈദ്യുതി എടുത്തിരിക്കുന്നത്. ബുധൻ രാവിലെ 8.30ന് മീൻ വിൽപ്പനക്കാരനാണ്‌ മൃതദേഹം കണ്ടത്. ചൊവ്വ പകൽ മരണം സംഭവിച്ചതാകാനാണ് സാധ്യത. ഈ ഭാഗത്തേക്ക് ആരും അധികം പോകാത്തതിനാൽ മൃതദേഹം കണ്ടില്ല. കാട്ടുപന്നിയെയും മറ്റുവന്യമൃഗങ്ങളെയും തുരത്തുന്നതിനുവേണ്ടി വീടിന്റെ ഹാളിൽനിന്നും അടുക്കളയിൽനിന്നും കേബിൾ വഴി വീടിനുസമീപത്ത് സ്ഥാപിച്ചിട്ടുള്ള കമ്പികളിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നു.
ഗ്രേസിയാണ്‌ വൈദ്യുതിക്കെണി സ്ഥാപിച്ചതെന്നാണ്‌ പ്രാഥമിക നിഗമനം. മരണകാരണം ഷോക്കേറ്റ് തന്നെയാണെന്നാണ്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന്‌ അന്വേഷിക്കുന്നതായി മംഗലംഡാം പൊലീസ് പറഞ്ഞു. മൃതദേഹം സംസ്‌കരിച്ചു.
ആലത്തൂർ ഡിവൈഎസ്‌പി ആർ അശോകൻ, മംഗലംഡാം ഇൻസ്‌പെക്‌ടർ ഷബീർ പാഷ, അഡീഷണൽ എസ്ഐ സജീവ്കുമാർ, കെഎസ്ഇബി മുടപ്പല്ലൂർ സെക്ഷൻ അസിസ്റ്റന്റ്‌ എൻജിനിയർ വി കൃഷ്ണദാസ്, സബ് എൻജിനിയർ ഷിജു വർഗീസ് എന്നിവർ പരിശോധന നടത്തി. ഭർത്താവ്‌: പരേതനായ ചാക്കോച്ചൻ. എളനാട് ജീരകത്തിൽ കുടുംബാംഗമാണ് ഗ്രേസി. സഹോദരങ്ങൾ: ജയിംസ്, കറിയാച്ചൻ, തോമാച്ചൻ, ബെന്നി, ബിനി, പരേതനായ ബിജു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top