വാളയാർ
വാളയാർ അണക്കെട്ടിൽനിന്ന് ഖനനം ചെയ്‌ത മണലിന്റെയും മണ്ണിന്റെയും വിൽപ്പന ആരംഭിച്ചു. സംസ്ഥാനത്തെ നിർമാണ സാമഗ്രികളുടെ ലഭ്യതകുറവ് പരിഹരിക്കാനാണ് വാളയാർ ഡാമിൽനിന്നുള്ള മണലിന്റെ വിതരണം തുടങ്ങിയത്.ഡാം ആഴം കൂട്ടാനും ചെളി നീക്കാനുമായി ആരംഭിച്ച "ഡാം ഡീസിൽറ്റ് സ്റ്റേഷൻ' പദ്ധതിയുടെ ഭാഗമായാണ് മണലും കളിമണ്ണും ശേഖരിച്ചത്. മണൽലോറികൾ എ പ്രഭാകരൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തിൽ ശേഖരിച്ച ഒരു ലക്ഷം ക്യൂബിക് മീറ്റർ മണലും കളിമണ്ണുമാണ് പദ്ധതിയുടെ നടത്തിപ്പുച്ചുമതലയുള്ള കേരള സ്റ്റേറ്റ് മിനറൽ ഡവലപ്മെന്റ് കോർപറേഷൻ മുഖേന വിൽക്കുന്നത്.
ആകെ 10 ലക്ഷം ക്യൂബിക് മീറ്റർ മണ്ണും ചെളിയുമാണ് വാളയാർ അണക്കെട്ടിൽനിന്നും നീക്കുക. അണക്കെട്ട് ആഴം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടെൻഡർ സ്വന്തമാക്കിയ സ്വകാര്യ ഏജൻസിക്കാണ് വിൽപ്പനച്ചുമതല. അവന്തിക കോൺടാക് ലിമിറ്റഡാണ് ഖനനം നടത്തി മണലും ചെളിയും വേർതിരിക്കാനുള്ള ടെൻഡർ സ്വന്തമാക്കിയിട്ടുള്ളത്.
അണക്കെട്ടിലെ വെള്ളത്തിന്റെ ഗുണനിലവാരം ബാധിക്കാത്ത വിധത്തിലും പരിസ്ഥിതിക്ക് ദോഷകരമാകാത്ത വിധത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യക്കർഷകരുടെ പുനരധിവാസവും ഉറപ്പാക്കിയിട്ടുണ്ട്.
ബുധനാഴ്ച ടോക്കണെടുത്ത രണ്ട് ലോറികളാണ് മണൽ കൊണ്ടുപോയത്. പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് എൻ പ്രസീത അധ്യക്ഷയായി. പഞ്ചായത്ത് അംഗം ആൽബർട്ട് എസ് കുമാർ, പാലക്കാട് ആർഡിഒ ഡി അമൃതവല്ലി, ആർടിഒ ടി ശശി, ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനിയർ ഷീൻചന്ദ്, എക്സിക്യൂട്ടീവ് എൻജിനിയർ കിരൺ എബ്രഹാം, കെംഡൽ പ്രോജക്ട് കോ–-ഓർഡിനേറ്റർ സാബിർ ഷംസുദ്ദിൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..