പാലക്കാട്
മാധവരാജ ക്ലബ്ബിലെ അനധികൃത കെട്ടിടം ക്രമവൽക്കരിച്ച് നൽകിയതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയിൽ വിജിലൻസ് പരിശോധന തുടങ്ങി. സംഭവത്തിൽ അഴിമതി ആരോപണമടക്കം ഉയർന്ന സാഹചര്യത്തിലാണ് പരിശോധന.
വിവാദമായതിനുപിന്നാലെ ക്രമവൽക്കരിച്ച നടപടി നഗരസഭാ കൗൺസിൽ റദ്ദാക്കിയിരുന്നു. വിജിലൻസ് അന്വേഷണത്തിനും നഗരസഭ ശുപാർശ ചെയ്തിരുന്നു.
സംഭവത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് സമ്മതിച്ച ഭരണപക്ഷം അന്നത്തെ സെക്രട്ടറി അനിതാദേവിയുടെ കാലത്തെ മുഴുവൻ ഉത്തരവുകൾ പരിശോധിക്കാനും ആവശ്യപ്പെട്ടിരുന്നു. മാധവരാജ ക്ലബ്ബിന്റെ ഫയലുകൾക്കൊപ്പം അനിതാദേവിയുടെ കാലത്തെ ഫയലുകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. വിശദമായ പരിശോധനയ്‌ക്കുശേഷം റിപ്പോർട്ട് സമർപ്പിക്കും.
അനധികൃത കെട്ടിടം ക്രമവൽക്കരിച്ചതിലൂടെ പിഴത്തുകയായ 5.60 കോടിയാണ് നഗരസഭ ഒഴിവാക്കിക്കൊടുത്തത്. ഇത്രയും വലിയതുക എഴുതിത്തള്ളാനുള്ള തീരുമാനമെടുക്കാൻ സെക്രട്ടറിക്കുമാത്രം കഴിയില്ലെന്നും ഭരണകക്ഷിയുടെ പൂർണ പിന്തുണയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന്റെപിന്നിൽ കോടികളുടെ അഴിമതിയുണ്ട്. ഇക്കാര്യത്തിൽ ബിജെപി ഭരണസമിതിക്ക് കൈകഴുകാനാകില്ലെന്നും അഴിമതി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ബിജെപിയിലെ ചേരിപ്പോരിനെത്തുടർന്നാണ് ക്ലബ്ബിന്റെ പേരിലുള്ള അഴിമതി പുറത്തുവന്നത്. ഭരണപക്ഷത്തിലെ ഒരു വിഭാഗത്തോട് എതിർപ്പ് പ്രകടിപ്പിച്ച് ചെയർപേഴ്സൺ പ്രിയ അജയൻ അവധിയിൽ തുടരുകയുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..