പാലക്കാട്
കളിത്തോക്കുകാട്ടി ട്രെയിനിൽ പരിഭ്രാന്തിയുണ്ടാക്കിയ നാലു മലയാളികൾ തമിഴ്‌നാട്ടിൽ അറസ്‌റ്റിലായി. പാലക്കാട്–-തിരുച്ചെന്തൂർ ട്രെയിനിൽ ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. കൊടൈക്കനാൽ റോഡ് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇവർ പിടിയിലായത്.
മലപ്പുറം കോട്ടയ്‌ക്കലിലെ അമീൻ ഷെരീഫ് (19), കാസർകോട് സ്വദേശി മുഹമ്മദ് ജിന്ന (20), പാലക്കാട് കാളത്തൊടിയിലെ സപൽഷാ(19), കണ്ണൂർ സ്വദേശി അബ്‌ദുൾ റാസിഖ് (23) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ദിണ്ഡിക്കൽ അമ്പതുറ റെയിൽവേ സ്റ്റേഷൻ കടക്കുമ്പോഴാണ് യുവാക്കൾ കളിത്തോക്കെടുത്ത് ബുള്ളറ്റ് നിറയ്‌ക്കുന്നതായി കാണിച്ചത്. പരിഭ്രാന്തരായ സഹയാത്രികർ ഉടൻ വിവരം റെയിൽവേ പൊലീസിനെ അറിയിച്ചു.
കൊടൈറോഡ് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ നിർത്തി ഇവരെ ഇറക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ നാലുപേരും ഓടാൻ ശ്രമിച്ചു. എന്നാൽ ഇവരെ പിടികൂടി. രാമനാഥപുരം ഏർവാടിയിലേക്ക് തീർഥാടനത്തിന് പോവുകയായിരുന്നുവെന്നും ടിക്കറ്റില്ലാത്തതിനാലാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും യുവാക്കൾ പൊലീസിനെ അറിയിച്ചു. കാറ്ററിങ് ജോലി ചെയ്യുന്ന യുവാക്കൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല. പാലക്കാട് നിന്നാണ് ഇവർ ടിക്കറ്റെടുക്കാതെ അൺ റിസർവ്‌ഡ് കോച്ചിൽ കയറിയത്. പരിഭ്രാന്തി പരത്തിയതിനും ടിക്കറ്റില്ലാതെ യാത്ര ചെയ്‌തതിനും പൊലീസ് കേസെടുത്തു. ദിണ്ഡിക്കൽ ക്യു ബ്രാഞ്ച് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..