20 April Saturday
പട്ടാമ്പി കൊപ്പത്ത് സിപിഐ എം റാലി

രാഹുൽ, നിങ്ങൾ കണ്ണട മാറ്റുക: ബൃന്ദ

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

പട്ടാമ്പി കൊപ്പത്ത് സിപിഐ എം ബഹുജന റാലി ഉദ്ഘാടനം ചെയ്യാനെത്തിയ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

പട്ടാമ്പി

സിപിഐ എമ്മും ബിജെപിയും ഒരുമിച്ചാണെന്ന്‌ പ്രഖ്യാപിച്ച രാഹുൽഗാന്ധി തന്റെ കണ്ണട മാറ്റണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ യുഡിഎഫും ബിജെപിയും നടത്തുന്ന അക്രമ സമരങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കുമെതിരെ പട്ടാമ്പി കൊപ്പത്ത്‌ സിപിഐ എം നടത്തിയ ബഹുജനറാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.
രാഹുലിന്റെയും യുഡിഎഫിന്റെയും കാഴ്‌ചപ്പാടാണ്‌ മാറേണ്ടത്‌. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ്‌ ബിജെപിക്ക്‌ ഒരു എംഎൽഎ പോലും ഇല്ലാത്തതെന്ന്‌ രാഹുൽ അറിയണം. കരുത്തുള്ള സമരങ്ങൾ നയിച്ച്‌ ജനങ്ങൾക്കൊപ്പം നിന്നാണ്‌ ഇടതുപക്ഷം ഇവിടെ വലിയ രാഷ്‌ട്രീയ ശക്തിയായി മാറിയത്‌.
രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ രാജ്യമാകെ പ്രതിഷേധത്തിന്‌ കോൺഗ്രസ്‌ ആഹ്വാനം ചെയ്‌തു. എന്നാൽ രാജ്യത്താകെ കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്‌തപ്പോൾ വാ തുറന്നില്ല. സ്വർണക്കടത്ത്‌ കേസിൽ ജയിലിൽ കഴിഞ്ഞ, ആർഎസ്‌എസ്‌ എൻജിഒയിൽ പ്രവർത്തിക്കുന്ന സ്‌ത്രീ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുമ്പോൾ അതിനൊപ്പമാണ്‌ യുഡിഎഫ്‌. പിണറായി വിജയനെ അറസ്‌റ്റ്‌ ചെയ്യാൻ ഇഡിയോട്‌ അവർ അഭ്യർഥിക്കുന്നു. യുഡിഎഫിന്റെ രാഷ്‌ട്രീയ പാപ്പരത്വമാണിത്‌.
രാജ്യത്തെ മറ്റ്‌ സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യുമ്പോൾ രാവും പകലും പോലുള്ള വ്യത്യാസം കാണാം.
ബുൾഡോസർ ഉപയോഗിച്ച്‌ ഭരണഘടനയെ ഇല്ലാതാക്കാനാണ്‌ കേന്ദ്രത്തിൽ ബിജെപി സർക്കാർ ശ്രമിക്കുന്നത്‌. രാജ്യത്ത്‌ വർഗീയത വളർത്തുന്നു. ടെലിവിഷനിലൂടെ പ്രവാചകൻ മുഹമ്മദിനെ അവഹേളിച്ച നുപൂർ ശർമയ്‌ക്കെതിരെ ചെറുവിരലനക്കാൻ ബിജെപി സർക്കാർ തയ്യാറായിട്ടില്ല. എന്നാൽ രണ്ടുവർഷം മുമ്പ്‌ പങ്കെടുത്ത വിരുന്നിന്റെ പേരിൽ മാധ്യമ പ്രവർത്തകൻ മുഹമ്മദ്‌ സുബൈറിനെ അറസ്‌റ്റ്‌ ചെയ്‌തു. ഇതാണ്‌ ഇന്ത്യൻ ഭരണഘടനയ്‌ക്ക്‌ എതിരായ യഥാർഥ ബുൾഡോസർ ആക്രമണം. ഗുജറാത്ത്‌ കലാപത്തിൽ സത്യം തുറന്നുപറഞ്ഞ ടീസ്‌തയെയും ശ്രീകുമാറിനെയും ജയിലിൽ അടച്ചു –-  -ബൃന്ദ പറഞ്ഞു.
ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. കൊപ്പം ലോക്കൽ സെക്രട്ടറി പി പി വിനോദ്കുമാർ ബൃന്ദ കാരാട്ടിനെയും ആമയൂർ ലോക്കൽ സെക്രട്ടറി എം രാജൻ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയെയും  സ്വീകരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ സുധാകരൻ, ടി കെ നാരായണദാസ്, എൻ പി വിനയകുമാർ, സുബൈദ ഇസഹാഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ  യു അജയകുമാർ, എ വി സുരേഷ്, എ സോമൻ എന്നിവർ സംസാരിച്ചു.
പട്ടാമ്പി പ്രവാസി സഖാക്കൾ കൂട്ടായ‍്മ സമാഹരിച്ച തുക ചികിത്സാ സഹായത്തിനായി മൂന്ന് നിർധന കുടുംബങ്ങൾക്ക് ബൃന്ദ കെെമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top