02 May Thursday
വെക്കാനം സമാപിച്ചു

രാഷ്ട്രീയമില്ലാതെ ഒരു വാക്കുപോലും എഴുതാനാകില്ല: 
എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

തസ്രാക്കില്‍ യുവകഥാശിൽപ്പശാലയിൽ കഥയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു

പാലക്കാട്

രാഷ്ട്രീയം കടന്നുവരാതെ കഥയെന്നല്ല, ഒരു വാക്കുപോലും എഴുതാൻ കഴിയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. തസ്രാക്കിലെ ഒ വി വിജയൻ സ്മാരകത്തിൽ ഒ വി വിജയൻ ജന്മദിനാഘോഷം ‘വെക്കാന’ത്തിന്റെ ഭാ​ഗമായി നടന്ന യുവകഥാശിൽപ്പശാലയിൽ "കഥയുടെ രാഷ്ട്രീയം’ വിഷയം അവതരിപ്പിക്കുകയായിരുന്നു. 
എഴുത്തുകാരന്റെ ചിന്തയും ആത്മസംഘർഷങ്ങളും എഴുത്തിൽ പ്രതിഫലിക്കും. കേവലം കക്ഷി രാഷ്ട്രീയമല്ലത്. ‘കടൽത്തീരത്ത്’ എന്ന രചനയിൽ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയം ഒ വി വിജയൻ മുന്നോട്ടുവയ്ക്കുണ്ട്. നിരക്ഷരനും പാവപ്പെട്ടവനുമെതിരെ വ്യവസ്ഥിതി ഏത് രീതിയിൽ പ്രവർത്തിക്കുന്നുവെന്നും ചർച്ചചെയ്യുന്നു. പരിസ്ഥിതി പ്രവർത്തകർ സജീവമാകുന്നതിനുമുമ്പേ, പരിസ്ഥിതിയുടെ രാഷ്ട്രീയം മുന്നോട്ടുവച്ചതും എഴുത്തുകാരാണ്. ഇടശേരിയും ടി പത്മനാഭനുമെല്ലാം ഉദാഹരണമാണെന്നും എഴുത്തുകാർ ചിലകാലങ്ങളിൽ പ്രവാചകരായി മാറുമെന്ന് പറയുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സി പി പ്രമോദ് മോഡറേറ്ററായി. ടി കെ നാരായണദാസ്, നിതിൻ കണിച്ചേരി, കെ ലിജിൻ എന്നിവർ സംസാരിച്ചു.
‘ഖസാക്കിലെ ചരിത്രബന്ധങ്ങൾ’ വിഷയത്തിൽ സുനിൽ പി ഇളയിടം സംസാരിച്ചു. ചരിത്ര സംഘർഷങ്ങൾകൂടി ഉൾക്കൊള്ളുന്നതാണ് ഖസാക്കിന്റെ ഇതിഹാസമെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാ ബോധത്തിന്റെയും പാപബോധത്തിന്റെയും വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ചരിത്രസംഘർഷങ്ങളുടെ രീതിയിൽ ഖസാക്കിന്റെ ഇതിഹാസം വായിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സി പി ചിത്രഭാനു മോഡറേറ്ററായി. എ കെ ചന്ദ്രൻകുട്ടി, പി വി സുകുമാരൻ എന്നിവർ സംസാരിച്ചു.
സമാപനയോ​ഗം കെ ഇ എൻ കുഞ്ഞഹമ്മ​ദ് ഉദ്ഘാടനം ചെയ്തു. ഒ വി വിജയൻ സ്മാരക സമിതി ചെയർമാൻ ടി ആർ അജയൻ അധ്യക്ഷനായി. സി പി പ്രമോദ്, പുരോ​ഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top