26 April Friday

കുളിരേകാൻ വളരും നാട്ടുമാവുകൾ

സ്വന്തം ലേഖകൻUpdated: Sunday Jun 4, 2023

പാലക്കാട്‌

നാടിനെ ഹരിതാഭമാക്കാൻ പരിസ്ഥിതിദിനത്തിൽ മുന്നിട്ടിറങ്ങുകയാണ്‌ സർക്കാർ വകുപ്പുകളും രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക യുവജനപ്രസ്ഥാനങ്ങളും. കുളിരേകാൻ നാട്ടുമാവും തണലും പദ്ധതി ഒരുക്കുകയാണ്‌ വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ വിഭാഗം. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാട്ടുമാവുകളും നാട്ടുമാവുകളും സംരക്ഷിക്കുന്നതാണ്‌ പദ്ധതി. കാട്ടിലും നാട്ടിലും വളരുന്ന മാവിന്റെ വന്യജനുസുകൾ കണ്ടെത്തി വിത്തുശേഖരിച്ച് മുളപ്പിച്ച് കൂടത്തൈകളാക്കിയിട്ടുണ്ട്‌. മണ്ണാർക്കാട്‌, തൃത്താല, ഒറ്റപ്പാലം, ചിറ്റൂർ തുടങ്ങിയയിടങ്ങളിൽനിന്നാണ്‌ ഇവ കണ്ടെത്തിയത്‌. 

റോഡ് വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ നല്ലൊരുശതമാനം മാവുകൾ മുറിച്ചുമാറ്റി. മാറ്റപ്പെട്ടയിടങ്ങളിൽ സഞ്ചാരികൾക്ക് തണലേകുന്ന വിധത്തിൽ പകരമായി മാവിൻ തൈകൾ നട്ടുവളർത്തുമെന്ന്‌ സാമൂഹ്യവനവൽക്കരണവിഭാഗം അസിസ്‌റ്റന്റ്‌ കൺസർവേറ്റർ ഓഫ്‌ ഫോറസ്‌റ്റ്‌ എൻ ടി സിബിൻ പറഞ്ഞു. അഞ്ചുമുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴുവരെ ലഭ്യതയനുസരിച്ച് തൈകൾ വിതരണം ചെയ്യും.  

നട്ടുവളർത്താൻ 
2.20 ലക്ഷം തൈകൾ

ഞാവൽ, ആര്യവേപ്പ്, മാതളം, പ്ലാവ്, നെല്ലി, വാളൻപുളി, നാരകം, തേക്ക് തൈ, നാട്ടുമാവ്,  ചെറുനാരകം, കണിക്കൊന്ന, കുടംപുളി, ചെമ്പകം, ഇലഞ്ഞി, മുരിങ്ങ, മുള, മുള്ളാത്തി, നീർമരുത്, പനീർചാമ്പ, തേക്ക് സ്റ്റമ്പ്, മണിമരുത്, ബദാം, ഉങ്ങ്, ഈട്ടി, അശോകം, ചന്ദനം തുടങ്ങിയ തൈകൾ വനം വകുപ്പ്‌ ഒരുക്കിയിട്ടുണ്ട്‌. രണ്ട്‌ ലക്ഷം വലിയ തൈകളും 20,000 ചെറുതൈകളുമാണ്‌ തയ്യാറാക്കിയത്‌. 

വഴിയോരങ്ങളിൽ നട്ടുപിടിപ്പിക്കുന്നതിനൊപ്പം സർക്കാർ സ്ഥാപനങ്ങളും ഗ്രന്ഥശാലകളും വിദ്യാലയങ്ങളും യുവജനസംഘടനകളുമെല്ലാം തൈകൾ നടുന്നതിൽ പങ്കാളികളാകും. 

വരുന്ന മൂന്നുവർഷങ്ങളിൽ വൃക്ഷതൈ നട്ടു പരിപാലിക്കുമെന്ന്‌ ഉറപ്പാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ട്രീഗാർഡുകളും സ്ഥാപിക്കും. 

നീക്കി 901 ടൺ മാലിന്യം

പാലക്കാട്‌

മഴക്കാലത്തെ വരവേൽക്കാൻ ജില്ല ഒരുങ്ങി. ക്ലീൻ കേരള പ്രവർത്തനങ്ങളിലൂടെ രണ്ടരമാസത്തിൽ നീക്കിയത് 901 ടൺ മാലിന്യം. "മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായാണ്‌ ക്ലീൻ കേരള കമ്പനി ശുചിത്വപ്രവർത്തനങ്ങൾ ഏറ്റെടുത്തത്‌. മാർച്ച് 15 മുതൽ ജൂൺ ഒന്നുവരെയായിരുന്നു ക്യാമ്പയിൻ. സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി വിവിധ ഓഫീസുകളിൽനിന്നായി 2,248 കിലോഗ്രാം ഇ മാലിന്യം ശേഖരിച്ചു. 

നവകേരളം, ശുചിത്വ മിഷൻ എന്നിവയുമായി സഹകരിച്ചാണ്‌ പ്രവർത്തനം നടത്തിയത്‌. ജില്ലയിലെ വിവിധ യോഗങ്ങളിലും മലമ്പുഴ മണ്ഡലത്തിലെ ശുചിത്വ സഭകളിലുമെല്ലാം ക്ലീൻ കേരള കമ്പനി പ്രതിനിധികൾ പങ്കെടുത്ത്‌ ബോധവൽക്കരണം നടത്തി.

 

38 തദ്ദേശ സ്ഥാപനങ്ങൾ 
വലിച്ചെറിയൽ മുക്തം

പാലക്കാട്

ജില്ലയിലെ 38 തദ്ദേശ സ്ഥാപനങ്ങൾ മാലിന്യം വലിച്ചെറിയൽ മുക്തമായി. 34 പഞ്ചായത്തും 4 മുനിസിപ്പാലിറ്റിയുമാണ് നേട്ടം കൈവരിച്ചത്. എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂടെയാണ് നേട്ടം. ലക്ഷ്യമിട്ടത് 22 സ്ഥാപനങ്ങളാണെങ്കിലും ഏറെ മുന്നിലെത്താനായി. തെരുവോരങ്ങളിൽ കൂടിക്കിടന്ന മാലിന്യമലകൾ മുഴുവൻ നീക്കി. മാലിന്യം തള്ളുന്നവർക്കെതിരെ പിഴ ചുമത്തി. ഓഫീസുകൾ മാലിന്യ മുക്തമാക്കി. കർശന ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കി. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും മാലിന്യ മുക്തമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്‌.

 

മെഡിക്കല്‍ കോളേജിന് 
സമീപം ന​ഗരവനം ഒരുങ്ങുന്നു

പാലക്കാട്

മെഡിക്കൽ കോളേജിന് സമീപം ന​ഗരവനം ഒരുങ്ങുന്നു. സെയിന്റ് ഗോബൈൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും പാലക്കാട് ഗവ. മെഡിക്കൽ കോളേജും ചേർന്നാണം വനം ഒരുക്കുന്നത്. മെഡിക്കൽ കോളേജിനോട് ചേർന്നുള്ള സ്ഥലത്താണ് വനമൊരുക്കുന്നത്.‌

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാ​ഗമായി സ്ഥലത്ത് 1600 വൃക്ഷത്തൈകൾ നട്ടു.  മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ഒ കെ മണി ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് എൻവിയോൺമെന്റൽ എൻജിനിയർ കെ എസ് ദിനേഷ്, സെയിന്റ് ഗോബൈൻ ഇന്ത്യ എക്സിക്യൂട്ടീവ് കെ ശേഖർ എന്നിവർ സംസാരിച്ചു.

വലിച്ചെറിയാം വിത്തുരുളകൾ

ചിറ്റൂർ

നല്ല നാളേക്കായി വിത്തുരുളകൾ വലിച്ചെറിയാനൊരുങ്ങി വിദ്യാർഥികൾ. ചിറ്റൂർ ഗവ. കോളേജ് ഭൂമിത്രസേന ക്ലബ്ബാണ്‌ ‘നല്ലതിനായ് വലിച്ചെറിയാം' പ്രമേയത്തിൽ രണ്ടായിരത്തോളം വിത്തുരുളകൾ വിതരണത്തിന്‌ തയ്യാറാക്കിയത്‌. തിങ്കളാഴ്‌ച പരിസ്ഥിതി ദിനത്തിൽ വാഹനയാത്രക്കാർക്കും ജനങ്ങൾക്കും വിതരണം ചെയ്യും. ചാണകപ്പൊടിയും ചകിരിച്ചോറുംചേർത്ത് കുഴച്ച മണ്ണിൽ വിത്ത് നിക്ഷേപിച്ച് ഉരുട്ടിയെടുത്താണ് തയ്യാറാക്കിയത്‌. വേപ്പിൻ വിത്താണ് ഏറെയും ഉപയോഗിച്ചത്‌. മാവിന്റെയും ചക്കയുടെയും വിത്തുകളുമുണ്ട്‌. കടലാസിൽ പൊതിഞ്ഞുനൽകുന്ന വിത്തുരുള ആളുകൾ വലിച്ചെറിയും. മഴപെയ്യുമ്പോൾ ഭൂമിയോട് ചേരും. വേപ്പിൻ വിത്തുകൾ വളരെ വേഗം വളരും. വിത്തുകൾ ശേഖരിക്കാനും വിത്തുരുളകൾ നിർഗമിക്കാനും ഭൂമിത്രസേന വിദ്യാർഥികളും വാണിജ്യ വിഭാഗം വിദ്യാർഥികളും കൈകോർത്തു.

 

പിടികൂടാൻ 
പൊലീസും

പാലക്കാട്

നവകേരളം വൃത്തിയുള്ള കേരളം പദ്ധതിയുടെ ഭാ​ഗമായി ജില്ലയെ മാലിന്യമുക്തമാക്കാൻ പൊലീസും. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശപ്രകാരം എല്ലാ സ്റ്റേഷൻ പരിധിയിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുത്ത്‌ തുടങ്ങി. 28 കേസ്‌ രജിസ്റ്റർ ചെയ്‌ത്‌ 14 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെയും അനധികൃതമായി മാലിന്യ നീക്കത്തിലേർപ്പെടുന്ന വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടാകും. ജനമൈത്രി സുരക്ഷാ പദ്ധതി, എസ്‌പിസി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ മുഖേന ബോധവൽക്കരണവും സംഘടിപ്പിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top