പാലക്കാട്
മൂന്നുസെന്റ് കോളനിയിൽ 15 വീട്, ജീവിതം ഇരുളടഞ്ഞുപോയവർക്ക് ലൈഫ് തുറന്നിട്ടത് സുരക്ഷിതജീവിതത്തിലേക്കുള്ള വാതിൽ. പ്രായപൂർത്തിയായ മക്കളുമായി ചോർന്നൊലിക്കുന്ന കൂരകളിൽ കഴിഞ്ഞവർ, സർക്കാർ കൈപിടിച്ചതോടെ സ്വന്തമാക്കിയത് "സ്വന്തംവീട്' എന്ന ആത്മാഭിമാനം.
‘‘അടച്ചുറപ്പുള്ള വീട്ടിൽ ജീവിക്കുന്നതിന്റെ സംതൃപ്‌തി പറഞ്ഞറിയിക്കാനാകില്ല’’–- കണ്ണാടി പഞ്ചായത്തിലെ മൂന്നുസെന്റ് കോളനിയിൽ ബിന്ദുവിന്റെ വാക്കുകൾ. ഒരുപാട് ദുരന്തം വേട്ടയാടി. അപകടം ഭർത്താവിനെയും മകളെയും ഇല്ലാതാക്കി. മകനോടൊപ്പം മിച്ചഭൂമിയിൽ കൂരകെട്ടി താമസിക്കുകയായിരുന്നു. വീട് വയ്‌ക്കാനാകുമെന്ന് കരുതിയതേയില്ല. എന്നാൽ പിണറായി സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി ജീവിതം മനോഹരമാക്കി – -ബിന്ദു പറഞ്ഞു.
ലൈഫിൽ വീട് ലഭിച്ച അയൽവാസി ഇന്ദിര പറയുന്നു: ‘‘ഈ സർക്കാരിനോട് ഏറെ കടപ്പാടുണ്ട്. മരണംവരെ മറക്കാനാവില്ല ഈ സഹായം. സ്വന്തം കൂരയിൽ അന്തിയുറങ്ങാനുള്ള സ്വപ്‌നമാണ് പിണറായി സർക്കാർ സാധിച്ചുതന്നത്.’’
മിച്ചഭൂമി കിട്ടി വർഷങ്ങളായി. വീടുവയ്‌ക്കാൻ സാധിക്കുമെന്ന് കരുതില്ല. ലൈഫ് പദ്ധതിയിലൂടെ അത് സാധിച്ചു. രണ്ട് മക്കൾക്കൊപ്പം ലൈഫ് വീട്ടിൽ ഇന്ദിര ഹാപ്പിയാണ്. അടുത്തുതന്നെ പങ്കജവുമുണ്ട്. ഇവരുടെ വീട് നിർമാണം മുക്കാൽഭാഗവും പൂർത്തിയായി. അവസാനഘട്ട ഗഡുകൂടി കിട്ടിയാൽ പണി പൂർത്തിയാകും.
ഇങ്ങനെ ഒരുപാട് കുടുംബങ്ങളുണ്ടിവിടെ. ഒരു കോളനിതന്നെ ഏറെ സന്തോഷത്തിലാണ്. ജീവിതത്തിൽ പലവിധ ദുരിതം അനുഭവിച്ച് ഒടുവിൽ തലചായ്‌ക്കാൻ ഒരു കൂര കിട്ടിയതിന്റെ സന്തോഷമുണ്ട് കോളനിക്കാർക്ക്. കണ്ണാടി പഞ്ചായത്ത് പത്താംവാർഡ് കിണാശേരി കാളിയംകുന്നിലെ മൂന്നുസെന്റ് കോളനിയിൽ ലൈഫ് ഭവനപദ്ധതിയിൽ 15 വീടാണ് ഉയർന്നത്. ഏതാനും വീടുകളുടെ പണി തുടരുന്നു.
സർക്കാരിൽനിന്ന് മിച്ചഭൂമിയായി കിട്ടിയ മൂന്നു സെന്റിലാണ് ഇവർ വീടെന്ന സ്വപ്‌നം കെട്ടിപ്പൊക്കിയത്. പല പദ്ധതികളിലും അപേക്ഷ നൽകിയിട്ടും കിട്ടാതെപോയവർക്ക് ലൈഫിലൂടെ വീട് യാഥാർഥ്യമായി. മൂന്നു സെന്റ് കോളനിയുടെ മാത്രം ചരിത്രമല്ല ഇത്. ജില്ല മുഴുവൻ ഇതേ സന്തോഷക്കാഴ്‌ചകൾ.
ലൈഫ് ഒന്നാംഘട്ടത്തിൽ പണി തീരാത്ത വീടുകൾ പൂർത്തിയാക്കിയപ്പോൾ രണ്ടാംഘട്ടത്തിൽ സ്ഥലമുള്ളവർക്ക് വീടുവച്ചുകൊടുത്തു. വീടും സ്ഥലവുമില്ലാത്തവർക്ക് കെട്ടിടസമുച്ചയങ്ങളാണ് നിർമിച്ചുനൽകുന്നത്. അതിനുള്ള നടപടി അതിവേഗം മുന്നേറുന്നു.
കിടപ്പാടമില്ലാത്തവരെ ഒപ്പംനിർത്തി സുരക്ഷയും ജീവിതവും നൽകുകയാണ് പിണറായി സർക്കാർ. ലോക്ക്‌ഡൗണിൽ ലൈഫ് ജോലികൾക്ക് സർക്കാർ പ്രത്യേകം ഇളവു നൽകി. ഒന്നാംഘട്ടത്തിൽ 94.06 ശതമാനവും രണ്ടാംഘട്ടത്തിൽ 90.71 ശതമാനവുമാണ് പുരോഗതി. മൂന്നാംഘട്ടത്തിൽ കെട്ടിട സമുച്ചയങ്ങളുടെ നിർമാണത്തിന് 45 ഏക്കറിലേറെ സ്ഥലം കണ്ടെത്തി. ചിറ്റൂർ–-തത്തമംഗലം നഗരസഭയിലെ വെള്ളപ്പനയിലും കൊടുമ്പ് പഞ്ചായത്തിലും ഫ്‌ളാറ്റ് നിർമാണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..