24 April Wednesday

കഞ്ചിക്കോട് ഭീതി പരത്തി ഒറ്റയാൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
കഞ്ചിക്കോട്‌ 
ഒറ്റയാന്റെ പരാക്രമത്തിൽ വിറച്ച് കഞ്ചിക്കോട് മലയോരമേഖല. വിവിധയിടങ്ങളിൽ വ്യാപക കൃഷിനാശത്തോടോപ്പം മതിലുകളും ഗേറ്റും ആന നശിപ്പിച്ചു. ആനയ്ക്കു മുന്നിൽ കുടുങ്ങിയ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഞ്ചിക്കോട് പയറ്റുകാടും കൊട്ടാമുട്ടി മേഖലയിലുമാണ് പിടി–5 (ചുരുളിക്കൊമ്പൻ)എന്ന് വനംവകുപ്പ് പേരിട്ടിരിക്കുന്ന ഒറ്റയാൻ എത്തിയത്. റെയിൽപ്പാളത്തിനരികെ ഒറ്റയാനെത്തിയതോടെ കോയമ്പത്തൂർ എക്‌സ്‌പ്രസ്‌ അൽപ്പസമയം നിർത്തിയിടേണ്ടി വന്നു. ട്രാക്കിൽനിന്ന്‌ ഒറ്റയാനെ ഓടിച്ചശേഷമാണ് ട്രെയിൻ കടന്നുപോയത്. ഇതിനു പിന്നാലെ ജനവാസമേഖലയിലെത്തിയ കൊമ്പൻ പയറ്റുകാട് പ്രഭാകരൻ–സുന്ദരി ദമ്പതികളുടെ കൃഷിയിടത്തിലേക്കു കയറി. അമ്പതോളം വാഴകളും പത്തോളം തെങ്ങും നെൽകൃഷിയും ചവിട്ടി നശിപ്പിച്ചു. സമീപപ്രദേശങ്ങളിലെ അഞ്ച്‌ ഏക്കർ നെൽകൃഷിയും പത്തേക്കർ പച്ചക്കറികൃഷിയും ആന നശിപ്പിച്ചു. പുലർച്ചെ പ്രദേശത്തെത്തിയ ഒറ്റയാൻ ഒരു പകൽമുഴുവൻ മേഖലയിൽ ചുറ്റിത്തിരിഞ്ഞു നാശമുണ്ടാക്കി. കൊട്ടാമുട്ടിയിൽ അൽഫോൺസിന്റെ മതിലും ഗേറ്റും ആന തകർത്തു.
വനം ഉദ്യോഗസ്ഥരും വാച്ചർമാരുംചേർന്ന് പടക്കമെറിഞ്ഞ്‌ വൈകിട്ടോടെയാണ് ആനയെ ഉൾക്കാട്ടിലേക്ക്‌ കയറ്റിയത്. ഒറ്റയാന് മദപ്പാടുണ്ടെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്ത്‌ നിരീക്ഷണം കർശനമാക്കിയെന്നും കൂടുതൽ വാച്ചർമാരെ നിയോഗിച്ചെന്നും റേഞ്ച് ഓഫീസർ ആഷിഖ്‌ അലി അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top