18 April Thursday
ഒന്നാംവിളയ്ക്ക് ഒരുക്കം

മഴ വേണം

സ്വന്തം ലേഖികUpdated: Saturday Jun 3, 2023

ജില്ലയിൽ പലയിടത്തും ഒന്നാംവിള കൃഷിയൊരുക്കം പുരോഗമിക്കുന്നു. ഒന്നാംവിള നെൽകൃഷിക്കായി കണ്ണാടി കിണാശേരിയിലെ പാടശേഖരത്തിൽ 
യന്ത്രമുപയോഗിച്ച് നടുന്നു. കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്താണ് കൃഷിയിറക്കുന്നത് ഫോട്ടോ: ശരത് കൽപ്പാത്തി

പാലക്കാട്‌
ഒന്നാംവിള നെൽകൃഷിക്കുള്ള ഒരുക്കങ്ങൾ ജില്ലയിൽ അതിവേഗം. ഒന്നാംവിളയ്‌ക്ക്‌ പൊടിവിതയാണ്‌ നടത്താറുള്ളതെങ്കിലും വേനൽമഴ കിട്ടാത്തത്‌ പ്രതിസന്ധിയാണ്‌. മഴ കിട്ടിയ ഇടങ്ങളിൽ പൊടിവിത നടത്തി. മഴ കിട്ടാത്തയിടത്ത്‌ ഞാറ്‌ പറിച്ചുനടും. ഞാറ്‌ മുളച്ച്‌ 15 മുതൽ 30 ദിവസത്തിനകം പറിച്ചുനടണം. കുഴൽക്കിണർ, കിണർ, കുളം തുടങ്ങിയവയിൽനിന്ന്‌ മോട്ടോറുപയോഗിച്ച്‌ വെള്ളമടിച്ചാണ്‌ ഞാറ്റടി തയ്യാറാക്കിയത്‌. കഴിഞ്ഞ വർഷം ഒന്നാംവിളയ്‌ക്കായി മലമ്പുഴ, മംഗലം, പോത്തുണ്ടി അണക്കെട്ടുകളിൽനിന്ന്‌ വെള്ളം നൽകിയിരുന്നു.  മലമ്പുഴ, ചിറ്റൂർപ്പുഴ പദ്ധതി, ആളിയാർ എന്നിവയെ ആശ്രയിച്ച്‌ 30,000 മുതൽ 40,000 ഹെക്ടർവരെയുള്ള പ്രദേശത്താണ്‌ ഒന്നാംവിള നെൽകൃഷി ചെയ്യുന്നത്‌. 
തൊഴിലാളികളില്ല; നടുന്നതും യന്ത്രം
ഞാറ്റുപാട്ടും ബഹളവുമായി ഞാറുനടലും കളപറിക്കലുമൊക്കെയായി നെൽകൃഷി ആഘോഷമാക്കിയ കാലം കഴിഞ്ഞു. നടാനും കൊയ്യാനുമൊന്നും തൊഴിലാളികളെ കിട്ടാതായതോടെ എല്ലാം യന്ത്രങ്ങൾ ഏറ്റെടുത്തു. അത്യാവശ്യ ജോലികൾ ചെയ്യുന്നത്‌ അതിഥിത്തൊഴിലാളികളും.
ഉമയും ജ്യോതിയും
മൂപ്പുകൂടിയ ഉമയാണ്‌ സാധാരണ ഒന്നാംവിളയ്‌ക്ക്‌ ഉപയോഗിക്കാറ്‌. എന്നാൽ കൃഷിയിറക്കാൻ വൈകിയാൽ മൂപ്പുകുറഞ്ഞ ജ്യോതി ഉപയോഗിക്കും. മാർക്കറ്റിൽ ഏറെ ഡിമാൻഡുള്ള ഈ ഇനങ്ങൾ മട്ട, വടിമട്ട തുടങ്ങിയ പേരുകളിൽ ബ്രാൻഡ്‌ ചെയ്‌താണ്‌ മാർക്കറ്റിൽ എത്തിക്കുന്നത്‌. കാഞ്ചന, പൊന്മണി, സിആർ 1009, സിഗപ്പി, ഐആർ8, അക്ഷയ തുടങ്ങി വിവിധതരം നെല്ല്‌ ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്നു.  
നെല്ലിനൊപ്പം പയറും
ഒന്നാംവിളയ്‌ക്ക്‌ പാടങ്ങളില്‍ നെല്‍വിത്തിനോടൊപ്പം പയർവിത്തും ചേര്‍ത്ത്‌ വിതയ്‌ക്കുന്നുണ്ട്‌. നെല്ലും പയറും ഒരുമിച്ചുവളരും. 
പയർ വളർന്ന്‌ വിളവെടുപ്പ്‌ കഴിയുമ്പോഴേക്കും മഴ പെയ്ത് പാടത്ത് വെള്ളം നിറയും. പയർച്ചെടികൾ അഴുകി മണ്ണില്‍ ചേരും. ഇത് കളനിയന്ത്രണത്തിന്‌ സഹായമാണ്‌. 
 
നെല്ലുവില നൽകാൻ 
ഫെഡറൽ ബാങ്കും 
പാലക്കാട്‌
നെല്ലിന്റെ വില നൽകുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക്‌ പരിഹാരമായി ഫെഡറൽ ബാങ്കും സപ്ലൈകോയുമായി കരാറിൽ ഒപ്പിട്ടു. 140 കോടി രൂപ ബാങ്ക്‌ സപ്ലൈകോയ്‌ക്ക്‌ നൽകും. കനറാ ബാങ്ക്‌, എസ്‌ബിഐ, ഫെഡറൽ ബാങ്ക്‌ എന്നിവയുടെ കൺസോർഷ്യത്തിൽനിന്ന്‌ 700 കോടിയാണ്‌ സപ്ലൈകോ വായ്‌പയെടുത്തത്‌. പിആർഎസ്‌ വായ്‌പയായാണ്‌ ഇത്‌ വിതരണം ചെയ്യുന്നത്‌. രണ്ടാം വിളയ്‌ക്ക്‌ 60,579 കർഷകരിൽനിന്ന്‌ 1.58 ലക്ഷം മെട്രിക്‌ ടൺ നെല്ലാണ്‌ സംഭരിച്ചത്‌.

ആളിയാറിൽനിന്ന്‌ 
വെള്ളമെത്തി
സ്വന്തം ലേഖകൻ
ചിറ്റൂർ
വേനൽമഴ മാറിനിന്നതിനൊപ്പം കാലവർഷവും വൈകിയതോടെ ആളിയാർ അണക്കെട്ടിൽനിന്ന്‌ വെള്ളം തുറന്നുവിട്ടു. കുടിവെള്ളത്തിനായി 100 ഘനയടി വെള്ളമാണ് തുറന്നുവിട്ടത്. ഏഴിനുശേഷം 330 ഘനയടിയായി ഉയർത്തി കാർഷികാവശ്യത്തിന് വെള്ളമെത്തിക്കും. മഴ മാറിനിന്നതോടെ ഇത്തവണ ഒന്നാംവിള ഇറക്കാൻ വൈകും. നെൽപ്പാടങ്ങൾ ഉഴുതുമറിച്ച് വെള്ളത്തിനായുള്ള കാത്തിരിപ്പിലാണ് കർഷകർ. ഒന്നാംവിള വൈകുന്നത് രണ്ടാം വിളയെയും പ്രതികൂലമായി ബാധിക്കും. തമിഴ്നാട്ടിലെ ആളിയാർ വെള്ളത്തെ ആശ്രയിച്ചാണ് ചിറ്റൂരിന്റെ കാർഷികമേഖലയും നിരവധി കുടിവെള്ള പദ്ധതികളും നിലനിൽക്കുന്നത്. ചിറ്റൂർപ്പുഴയിലെ നീരൊഴുക്ക് നിലച്ചതോടെ കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അടിയന്തരമായി ആളിയാറിൽനിന്ന്‌ വെള്ളം എത്തിക്കുന്നത്. 
കഴിഞ്ഞ ദിവസം 59 ഘനയടി വെള്ളം മാത്രമാണ് ആളിയാറിൽനിന്ന്‌ മണക്കടവ് വിയറിൽ എത്തിയത്. 864 ടിഎംസി സംഭരണശേഷിയുള്ള ആളിയാർ അണക്കെട്ടിൽ 0.899 വെള്ളമാണ് നിലവിലുള്ളത്‌. 820 ടിഎംസി സംഭരണശേഷിയുള്ള പറമ്പിക്കുളം അണക്കെട്ടിൽ 6.295 ടിഎംസിയും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top