29 March Friday
മന്ത്രിസഭായോഗം

അട്ടപ്പാടിക്ക് ആധുനിക ആംബുലൻസ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

 പാലക്കാട്‌

അട്ടപ്പാടിയിലേക്ക്‌ കൂടുതൽ ആംബുലൻസ്‌ സർവീസും കോട്ടത്തറ ആശുപത്രിയിലേക്ക്‌ ആധുനിക ആംബുലൻസും എത്തിക്കും. 
അട്ടപ്പാടിയിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ വ്യാപിപ്പിക്കാനും തിരുവനന്തപുരത്ത്‌ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനിച്ചു. കോട്ടത്തറ ആശുപത്രിയുടെ പോരായ്‌മ പരിഹരിക്കും. 
അട്ടപ്പാടി സ്വദേശികളായ സർക്കാർ ജോലിക്കാരെ തദ്ദേശീയമായി വിന്യസിക്കാനും തീരുമാനിച്ചു. മന്ത്രി കെ രാധാകൃഷ്‌ണൻ അധ്യക്ഷനായി. മന്ത്രിമാരായ എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, വീണാ ജോർജ് എന്നിവരും പങ്കെടുത്തു. 
നവംബർ 27ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ അട്ടപ്പാടിയിൽ വിളിച്ചുചേർത്ത അവലോകനയോഗത്തെത്തുടർന്ന്‌ മുഖ്യമന്ത്രിക്ക്‌ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ യോഗം ചേർന്നത്‌. അട്ടപ്പാടിയിൽ കഴിഞ്ഞ മാസം അഞ്ച്‌ കുട്ടികൾ മരിക്കാനിടയായ സാഹചര്യം വിലയിരുത്താനും ഊരുകളിൽ അന്വേഷിക്കാനുമാണ്‌ മന്ത്രി കെ രാധാകൃഷ്‌ണൻ അട്ടപ്പാടിയിൽ എത്തിയത്‌.  
നിലവിൽ റേഷൻ കടകൾ വഴി ആദിവാസികൾക്ക്‌ 30 കിലോ അരിയും നാല്‌ കിലോ ഗോതമ്പും നൽകുന്നുണ്ട്‌. ഇനി ഗോതമ്പിന്‌ പകരം അഞ്ചു കിലോ ആട്ട നൽകും. മദ്യവർജന ബോധവൽക്കരണം ശക്തമാക്കും. പൊലീസ്‌, എക്‌സൈസ്‌, ഫോറസ്‌റ്റ്‌ എന്നിവ സംയുക്തമായി ഊരുകളിൽ സർവേ നടത്തും. മദ്യാസക്തിയുള്ളവരെ കണ്ടെത്തി പ്രത്യേക ചികിത്സ നൽകുമെന്നും മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി. 
സമൂഹ അടുക്കളകൾ കുറച്ചുകൊണ്ടുവരാനും ആദിവാസികളുടെ കൂട്ടായ്‌മയിൽ അവ നടത്താനും  സൗകര്യമൊരുക്കുമെന്ന്‌ മന്ത്രി രാധാകൃഷ്‌ണൻ അറിയിച്ചു. 
പട്ടികവർഗ വിഭാഗക്കാർക്ക് ഭക്ഷ്യവകുപ്പ് നൽകുന്ന ഭക്ഷ്യവസ്തുക്കൾ ഊരുകളിലെത്തിക്കാൻ സംവിധാനമൊരുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. 
അട്ടപ്പാടി നിവാസികളുടെ താൽപ്പര്യത്തിനനുസൃതമായ ഭക്ഷ്യവസ്തുക്കൾ നൽകും. അട്ടപ്പാടിയുമായി ബന്ധപ്പെട്ട ട്രൈബൽ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് പ്രത്യേക അനുമതി നൽകുമെന്ന് യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 
അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എക്‌സൈസ് കമീഷണർ എസ് ആനന്ദകൃഷ്ണൻ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡേ, എസ്ടി ഡയറക്ടർ ടി വി അനുപമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി ഐ ശ്രീവിദ്യ, സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി സജിത്ബാബു തുടങ്ങിയവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top